നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാം:
ഫലപ്രദം സഞ്ചാര്‍ സാഥി ആപ്പ്

കൊച്ചി: തട്ടിപ്പ് കോളുകള്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രതിരോധ നടപടികളുറപ്പാക്കാനും നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനുമുള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി ടെലികോം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സഞ്ചാര്‍ സാഥി സേവനം കൂടുതല്‍ സുഗമവും കാര്യക്ഷമവുമാക്കുന്നതിന് ഉപയോക്താക്കള്‍ക്കു സഹായകമേകുന്ന ആപ്പ് പുറത്തിറക്കി. നിലവില്‍ വെബ്സൈറ്റ് വഴി ഈ സേവനം ഉപയോഗിക്കുമ്പോഴുള്ള പല നടപടിക്രമങ്ങളും ആപ്പില്‍ ആവശ്യമില്ലെന്ന് ടെലികോം വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

എല്ലാ ഉപഭോക്താക്കളുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് സുരക്ഷിതത്വം പ്രദാനം ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ന്യൂഡല്‍ഹിയില്‍ ആപ്പ് ലോഞ്ചിംഗില്‍ സംസാരിച്ച കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ ഒരു ഡിജിറ്റല്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് സഞ്ചാര്‍ സാഥി ആപ്പ് കരുത്ത് പകരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.90 കോടി ഉപയോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും കണക്കാക്കപ്പെടുന്നു.
ആപ് സ്റ്റോറുകളില്‍ സഞ്ചാര്‍ സാഥി എന്ന് തിരഞ്ഞ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഫോണ്‍ നമ്പറുകള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. വെബ് പോര്‍ട്ടലില്‍ ഒടിപി വെരിഫിക്കേഷന് ആവശ്യമാണ്. എന്നാല്‍ ആപ്പില്‍ ഇതിന്റെ ആവശ്യമില്ല. ഫോണിലും വാട്സ്ആപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസേജുകളും ആപ്പ് വഴി ടെലികോം വകുപ്പിനെ അറിയിക്കാം. ഈ നമ്പറുകള്‍ ടെലികോം വകുപ്പ് സത്വര നടപടിയിലൂടെ ബ്ലോക്ക് ചെയ്യും.

ഫോണ്‍ നഷ്ടപ്പെട്ടാല്‍ അത് മോഷ്ടാവോ ഇതരരോ ഉപയോഗിക്കാതിരിക്കാനും ഫോണ്‍ ട്രാക്ക് ചെയ്യാനുമുള്ള സംവിധാനം സഞ്ചാര്‍ സാഥി ആപ്പിലൂടെ സജീവമാക്കാന്‍ കഴിയും. അപേക്ഷ നല്കിയാല് ഫോണിന്റെ ഐഎംഇഐ നമ്പറുകള്‍ ബ്ലോക്ക് ആകും.നിവിലുള്ളതു മാറ്റി പകരം മറ്റ് സിംകാര്‍ഡ് ഉപയോഗിച്ചും മോഷ്ടാവിന് ഫോണ്‍ ഉപയോഗിക്കാനാവില്ല. ഫോണ്‍ തിരികെ ലഭിച്ചാല്‍ ബ്ലോക്ക് കാലതാമസമെന്യേ നീക്കം ചെയ്യുകയുമാകാം. ഇന്ത്യന്‍ നമ്പറുകളുടെ മറവില്‍ വിദേശത്ത് നിന്നുള്ള തട്ടിപ്പ് കോളുകള്‍ ലഭിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും സഞ്ചാര്‍ സാഥിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
നമുക്കു വേണ്ട വയര്‍ലൈന്‍-ഇന്റര്‍നെറ്റ് സേവന ദാതാക്കളെ കണ്ടെത്താന്‍ ആപ്പ് സഹായിക്കും. നമ്മുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് മറ്റാരെങ്കിലും മൊബൈല്‍ കണക്ഷനുകള്‍ എടുത്തോയെന്ന് പരിശോധിക്കാനും ഉണ്ടെങ്കില്‍ വിച്ഛേദിപ്പിക്കാനും സാധ്യമാകും. വാങ്ങുന്ന സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതാണോ, മോഷ്ടിക്കപ്പെട്ടതാണോ എന്നറിയാനുള്ള സംവിധാനവും ഇതിലുണ്ട്. ഇത്തരം ഫോണുകളുടെ ഐഎംഇഐ നമ്പര്‍ കരിമ്പട്ടികയില്‍പ്പെട്ടതാകാം. വാങ്ങും മുന്‍പ് തന്നെ ഇവയുടെ ഐഎംഇഐ നമ്പര്‍ പരിശോധിച്ച് ഫോണ്‍ അധികൃതസ്വഭാവമുള്ളതാണോ എന്ന് ഉറപ്പാക്കാവുന്നതാണ്.
2023 ല്‍ നിലവില്‍ വന്ന സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ പെട്ടെന്നു തന്നെ ജനപ്രിയമായിരുന്നു. രാജ്യത്ത് നിലവിലുള്ള സിം കാര്‍ഡുകളില്‍ 21 ലക്ഷമെങ്കിലും ആക്ടിവേറ്റ് ചെയ്തിരിക്കുന്നത് വ്യാജ രേഖ ഉപയോഗിച്ചെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തിയത് ഇതുവഴിയാണ്. കൃത്രിമമായ തിരിച്ചറിയല്‍ രേഖകളോ, വ്യാജ വിലാസമോ നല്‍കിയാണ് ഈ സിം കണക്ഷനുകള്‍ എടുത്തതെന്നാണ് കണ്ടെത്തിയത്.രാജ്യത്താകയുള്ള 114 കോടി കണക്ഷനുകളാണ് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡിജിറ്റല്‍ ഇന്റലിജന്‍സ് യൂണിറ്റ് ആണ് അന്വേഷണം നടത്തിയത്.
സംശയാസ്പദമായ വരിക്കാരുടെ വിശദാംശങ്ങള്‍ ജിയോ, ബിഎസ്എന്‍എല്‍, എയര്‍ടെല്‍ അടക്കമുള്ള ടെലികോം കമ്പനികള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് കൈമാറി. സിം കാര്‍ഡ് ലഭിക്കുന്നതിന് സമര്‍പ്പിച്ച രേഖകള്‍ കമ്പനികള്‍ പുനഃപരിശോധന നടത്താനും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് സിംകാര്‍ഡുകള്‍ എടുത്തതെന്ന് കണ്ടെത്തിയാല്‍ ഇവ റദ്ദാക്കാനും നിര്‍ദേശിച്ചു. വ്യാജ രേഖകള്‍ ഉപയോഗിച്ച് വ്യാപകമായി സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിയ സാഹചര്യത്തിലായിരുന്നു ടെലികോം മന്ത്രാലയത്തിന്റെ നടപടി.











