02:33pm 10 November 2026
NEWS
മെട്രാഷ് ആപ്പ് വഴി ഇനി വിദേശത്തെ മെഡിക്കൽ പരിശോധനാ ഫീസടയ്ക്കാം; ഒരു വിസയിൽ നിന്ന് മറ്റൊന്നിലേക്ക് തുക മാറ്റാനും പുതിയ ഫീച്ചർ
09/07/2026  12:47 PM IST
nila
മെട്രാഷ് ആപ്പ് വഴി ഇനി വിദേശത്തെ മെഡിക്കൽ പരിശോധനാ ഫീസടയ്ക്കാം; ഒരു വിസയിൽ നിന്ന് മറ്റൊന്നിലേക്ക് തുക മാറ്റാനും പുതിയ ഫീച്ചർ

​ദോഹ: പ്രവാസികളുടെ വിസ നടപടികൾ കൂടുതൽ എളുപ്പമാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് (Metrash) ആപ്പിൽ പുതിയ പരിഷ്കാരം. വിദേശങ്ങളിലെ ഖത്തർ വിസ സെന്ററുകൾ (QVC) വഴി നടത്തുന്ന മെഡിക്കൽ പരിശോധനകളുടെ ഫീസ് ഇനിമുതൽ ഉപഭോക്താക്കൾക്ക് മെട്രാഷ് ആപ്പ് വഴി നേരിട്ട് അടയ്ക്കാം. റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഈ തുക ഒടുക്കേണ്ടത്. ഇതിനുപുറമെ, അപ്രതീക്ഷിത കാരണങ്ങളാൽ വിസ റദ്ദാകുകയോ മാറ്റേണ്ടി വരികയോ ചെയ്താൽ, ഒരു വിസയ്ക്കായി അടച്ച മെഡിക്കൽ ഫീസ് മറ്റൊരു വിസയിലേക്ക് കൈമാറാനുള്ള (Transfer) സൗകര്യവും ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
​ഈ സേവനങ്ങൾ മൊബൈൽ ആപ്പ് വഴി വളരെ ലളിതമായിചെയ്യാം.
ഫീസ് അടയ്ക്കുന്നതിനായി ആദ്യം മെട്രാഷ് ആപ്പ് തുറന്ന് അതിലെ വിസാസ് (Visas) എന്ന ഓപ്ഷനിലേക്ക് പോകണം. തുടർന്ന് ഓവർസീസ് മെഡിക്കൽ എക്സാമിനേഷൻ പ്രൊസീജിയേഴ്സ് (Overseas Medical Examination Procedures) ക്ലിക്ക് ചെയ്ത്, അതിൽ കാണുന്ന പേ ഓവർസീസ് മെഡിക്കൽ എക്സാമിനേഷൻ സെന്റർ ഫീസ് (Pay Overseas Medical Examination Center Fees) എന്നത് തിരഞ്ഞെടുക്കുക. അടുത്ത ഘട്ടത്തിൽ ഏത് തൊഴിലാളിയുടെ ഫീസാണ് അടയ്ക്കേണ്ടത്  വിസ നമ്പർ സെലക്ട് ചെയ്ത ശേഷം അനുയോജ്യമായ പെയ്‌മെന്റ് രീതിയിലൂടെ പണമടച്ച് നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
​നിലവിലുള്ള ഒരു വിസയിലെ മെഡിക്കൽ ഫീസ് മറ്റൊന്നിലേക്ക് മാറ്റണമെങ്കിൽ, മെട്രാഷിലെ വിസാസ് (Visas) സെക്ഷനിലെ ഓവർസീസ് മെഡിക്കൽ എക്സാമിനേഷൻ പ്രൊസീജിയേഴ്സ് തന്നെയാണ് തിരഞ്ഞെടുക്കേണ്ടത്. ഇതിൽ ട്രാൻസ്ഫർ ഓവർസീസ് മെഡിക്കൽ എക്സാമിനേഷൻ സെന്റർ ഫീസ് (Transfer Overseas Medical Examination Center Fees) എന്ന ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്ത ശേഷം ഏത് വിസയിൽ നിന്നാണോ തുക മാറ്റേണ്ടത് (From Visa) ആ നമ്പറും, ഏത് പുതിയ വിസയിലേക്കാണോ തുക മാറ്റേണ്ടത് (To Visa) ആ നമ്പറും കൃത്യമായി നൽകുക. വിവരങ്ങൾ എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം കൺഫേം (Confirm) ചെയ്യുന്നതോടെ ഫീസ് കൈമാറ്റം വിജയകരമായി പൂർത്തിയാകും. സ്പോൺസർമാർക്കും കമ്പനികൾക്കും ഏറെ സമയലാഭവും സാമ്പത്തിക സുരക്ഷിതത്വവും നൽകുന്നതാണ് ഈ പുതിയ ഡിജിറ്റൽ സംവിധാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img