
സാഹിത്യത്തിനുള്ള നൊബേൽ പുരസ്ക്കാരം 2010 ഡിസംബറിൽ സ്വീഡനിലെ സ്റ്റോക്ഹോമിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങിക്കൊണ്ട് പെറുവിയൻ നോവലിസ്റ്റ് മാരിയോ വർഗാസ് യോസ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ...
കഥയെഴുത്ത് അത്ര എളുപ്പമൊന്നുമായിരുന്നില്ല. എഴുതാനൊരുങ്ങിയപ്പോഴൊക്കെ ആശയങ്ങളും ബിംബങ്ങളും കടലാസുതാളിൽ കൊഴിഞ്ഞുവീണു. അവയെ എങ്ങനെ പുനരുജ്ജീവിപ്പിക്കാം എന്ന ചിന്ത എന്നെ കുഴക്കി. ഭാഗ്യവശാൽ, മാതൃകയാക്കാവുന്നവരും കണ്ടുപഠിക്കാവുന്നവരുമായ ഗുരുക്കന്മാർ അവിടെയുണ്ടായിരുന്നു. പ്രതിഭ എന്നാൽ വിട്ടുകൊടുക്കാത്ത അച്ചടക്കവും ഒടുക്കത്തെ ക്ഷമയുമാണെന്ന് ഫ്ളോബേർ പഠിപ്പിച്ചു. എഴുത്തിന്റെ രൂപവും ഘടനയും വിഷയങ്ങളെ ഉയർത്തുകയോ ദരിദ്രമാക്കുകയോ ചെയ്യുമെന്ന് ഫോക്നർ ബോധ്യപ്പെടുത്തി.
മാർട്ടോറെൽ, സെർവാന്റീസ്, ഡിക്കൻസ്, ബൽസാക്ക്, ടോൾസ്റ്റോയ്, കോൺറാഡ്, തോമസ് മൻ എന്നിവരുടെ അഭിപ്രായത്തിൽ ഒരു നോവലിൽ സാധ്യതയും പ്രത്യാശയും പോലെതന്നെ പ്രധാനമാണ് ശൈലീപരമായ വൈദഗ്ദ്ധ്യവും ആഖ്യാനതന്ത്രവും. സാർത്രിന്റെ അഭിപ്രായത്തിൽ വാക്കുകൾ നടനത്തിലാണ്. ഒരു നോവലായോ നാടകമായോ ഉപന്യാസമായോ രൂപഭേദം കൈവരിക്കുന്ന വാക്കുകൾ വർത്തമാനനിമിഷങ്ങളുമായി ഇടപഴകുകയും ചരിത്രത്തെത്തന്നെ മാറ്റിമറിക്കുകയും ചെയ്യുന്നു. കാമുവും ഓർവെല്ലും പറയുന്നത് ധാർമ്മികതയിൽ നിന്ന് പുറത്തെടുത്ത സത്യം മനുഷ്യത്വരഹിതമാണെന്നാണ്. ഒഡിസിയുടെയും ഇലിയഡിന്റെയും അർഗോനോട്ടിന്റെയും കാലത്തേതുപോലെ ഹീറോയിസവും ഇതിഹാസസൃഷ്ടികളും വർത്തമാനകാലത്തും സാധ്യമാണെന്നാണ് മാൽറാക്സ് പറയുന്നത്.
എന്റെ തലമുറയിലെ പല എഴുത്തുകാരെയുംപോലെ ചെറുപ്പത്തിൽ ഞാനും ഒരു മാർക്സിസ്റ്റായിരുന്നു. എന്റെ രാജ്യത്തും ലാറ്റിനമേരിക്കയിലും മൂന്നാംലോകത്തിന്റെ മറ്റുഭാഗങ്ങളിലും കൂടുതൽ രൂക്ഷമായിക്കൊണ്ടിരുന്ന ചൂഷണത്തിനും സാമൂഹിക അനീതിക്കും സോഷ്യലിസം പരിഹാരമാകുമെന്ന് ഞാൻ വിശ്വസിച്ചു. സ്ഥിതിവിവരക്കണക്കുകളും കൂട്ടായ്മകളും എന്നിൽ സൃഷ്ടിച്ച നിരാശയുടെ ഫലമായാണ് ജനാധിപത്യവാദിയിലേക്കും ലിബറലിലേക്കുമുള്ള എന്റെ ചുവടുമാറ്റം ഉണ്ടായത്. അത് താരതമ്യേന ദീർഘവും ബുദ്ധിമുട്ടുള്ളതും സാവധാനം മാത്രം സംഭവിച്ച കാര്യവുമായിരുന്നു.
ക്യൂബൻ വിപ്ലവത്തിന്റെ, സോവിയറ്റ് യൂണിയന്റെ സ്വേച്ഛാധിപത്യപരവും ലംബവുമായ മാതൃകയിലേക്കുള്ള പരിവർത്തനം പോലുള്ള സംഭവങ്ങളുടെ അനന്തരഫലങ്ങൾ, ഗുലാഗിന്റെ മുള്ളുവേലിയിൽ കടന്ന് വഴുതിപ്പോയ വിമതരുടെ സാക്ഷ്യം, വാഴ്സാ ഉടമ്പടിയിലെ രാജ്യങ്ങൾ ചെക്കോസ്ലോവാക്യ ആക്രമിച്ചത്... അങ്ങനെ പല എപ്പിസോഡുകളുടെ കൂടി അനന്തരഫലമായിരുന്നു എന്റെ ചുവടുമാറ്റം.
കുട്ടിയായിരിക്കെ ഫ്രഞ്ച് സാഹിത്യത്തിൽ ആകൃഷ്ടനായി പാരീസിലേക്ക് ചെല്ലുന്നതായി ഞാൻ സ്വപ്നം കണ്ടിരുന്നു. ബൽസാക്ക്, സ്റ്റെന്താൾ, ബോദ്ലെയർ, പ്രൂസ്റ്റ് എന്നിവർ ശ്വസിക്കുന്ന വായു ശ്വസിച്ചുകൊണ്ട് പാരീസിൽ താമസിക്കുന്നത് എന്നെ ഒരു യഥാർത്ഥ എഴുത്തുകാരനാക്കുമെന്ന് ഞാൻ വിശ്വസിച്ചു. പെറു വിട്ടില്ലെങ്കിൽ ഞാൻ വെറുമൊരു വ്യാജ അവധിദിന എഴുത്തുകാരൻ മാത്രമേ ആകൂ എന്ന് കരുതി. സത്യം പറഞ്ഞാൽ മറക്കാനാകാത്ത പാഠങ്ങൾ പകർന്നതിന് ഞാൻ ഫ്രാൻസിനോട് കടപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് സാഹിത്യം ഒരു തൊഴിൽ അല്ലെങ്കിൽ പിടിവാശി എന്നതുപോലെതന്നെ ഒരു ഉൾവിളി കൂടിയാണെന്ന തിരിച്ചറിവ്. സാർത്രും കാമുവും ജീവിച്ചിരുന്നപ്പോഴും എഴുതിയപ്പോഴും അയോണെസ്കൊ, ബെക്കറ്റ്, ബറ്റെയ്ൽ,സിയോൺ എന്നിവരുടെ കാലത്ത് ബ്രെഹ്തിന്റെ നാടകവേദിയും ബെർഗ്മാന്റെ സിനിമയും ഉണ്ടായിരുന്നപ്പോൾ ജീൻവിലാറിന്റെയും ജീൻ ലൂയിസ് ബാരോൾട്ടിന്റെ തിയേറ്റർ നാഷണൽ പോപ്പുലവും നൗ വെല്ലെ വാഗും സംഭവിച്ചു.
നൗവോറോമന്റെയും ഒഡിയോൺ, ആൻഡ്രെ മാൽറോയുടെ പ്രസംഗങ്ങളും മനോഹരമായ സാഹിത്യകൃതികളും ഉടലെടുത്തുകൊണ്ടിരുന്നപ്പോൾ... യൂറോപ്പിൽ ഏറ്റവും നാടകീയമായി പോയിരിക്കാവുന്ന ജനറൽ ഡിഗല്ലെയുടെ പത്രസമ്മേളനങ്ങളും ഒളിമ്പിക് ഇടിമുഴക്കങ്ങളും ഒക്കെയുണ്ടായപ്പോൾ ഞാനവിടെ താമസിച്ചിരുന്നു. പക്ഷേ, ലാറ്റിനമേരിക്കയുടെ കണ്ടെത്തലിന് ഞാൻ ഫ്രാൻസിനോട് ഏറ്റവും നന്ദിയുള്ളവനായിരിക്കും. ചരിത്രം, ഭൂമിശാസ്ത്രം, സാമൂഹികരാഷ്ട്രീയപ്രശ്നങ്ങൾ, പ്രത്യേക ജീവിതരീതി, അത് സംസാരിക്കുകയും എഴുതുകയും ചെയ്ത രുചികരമായ ഭാഷ എന്നിവയാൽ ഏകീകരിക്കപ്പെട്ട ഒരു വിശാലമായ സമൂഹത്തിന്റെ ഭാഗമായിരുന്നു പെറു എന്ന് അവിടെവെച്ചാണ് ഞാൻ മനസ്സിലാക്കിയത്. അതേ വർഷങ്ങളിൽ പുതിയതും ശക്തവുമായ സാഹിത്യം ഉണ്ടായിക്കൊണ്ടിരുന്നു.
അവിടെ ഞാൻ ബോർഹെസ്, ഒക്ടോവിയോ പാസ്, കോർട്ടേസർ, മാർക്വെസ്, ഫ്യൂന്റസ്, കാബ്രേര, ഇർഫാന്റെ, റുൾഫോ ഒനെറ്റി, കാർപെന്റിയർ, എഡ്വേഡ്സ്, ഡൊനോസോ തുടങ്ങി നിരവധിപ്പേരെ വായിച്ചു. അവരുടെ രചനകൾ സ്പാനിഷ് ഭാഷയിൽ വിപ്ലവകരമായ ആഖ്യാനം സൃഷ്ടിച്ചു. ലാറ്റിൻ അമേരിക്ക അട്ടിമറികളുടെയും ഓപ്പറേറ്റ, സ്വേച്ഛാധിപതികളുടെയും താടിയുള്ള ഗറില്ലകളുടെയും മാംബോയുടെയും ചാ-ചാ ചായുടെയും മറാക്കകളുടേയും ഭൂഖണ്ഡമല്ലെന്നും, മറിച്ച് ആശയങ്ങളുടെയും കലാരൂപങ്ങളുടെയും സാഹിത്യഫാന്റസികളുടെയും മനോഹരമായ കാഴ്ചകൾക്കപ്പുറത്തേയ്ക്ക് ഒരു സാർവത്രികഭാഷ സംസാരിക്കുന്നതാണെന്നും ഞാൻ മനസ്സിലാക്കി.











