04:19am 11 February 2026
NEWS
ബാബറി മസ്ജിദ് ഇനിയാരിക്കലും പുനർനിർമ്മിക്കില്ലെന്ന് യോ​ഗി ആ​ദിത്യനാഥ്
10/02/2026  05:45 PM IST
nila
ബാബറി മസ്ജിദ് ഇനിയാരിക്കലും പുനർനിർമ്മിക്കില്ലെന്ന് യോ​ഗി ആ​ദിത്യനാഥ്

ലഖ്നൗ: ബാബറി മസ്ജിദ് ഇനി ഒരിക്കലും പുനർനിർമ്മിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ബാരാബങ്കിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് അദ്ദേഹം ഈ നിലപാട് ആവർത്തിച്ചത്. ബാബറി മസ്ജിദ് വീണ്ടും ഉയരും എന്ന പ്രതീക്ഷ പുലർത്തുന്നവരുടെ ആഗ്രഹം ഒരിക്കലും സഫലമാകില്ലെന്നും അത്തരമൊരു ദിവസം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവർ നിരാശരാകുമെന്നും അദ്ദേഹം പറഞ്ഞു. ലോകാവസാനം വരെ ബാബറി മസ്ജിദ് ഇനിയാരിക്കലും പുനർനിർമ്മിക്കില്ലെന്നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പരാമർശം.

 ‘രാം ലല്ലയ്ക്കായി ഞങ്ങൾ വരുമെന്നും അതേ സ്ഥലത്ത് തന്നെ ക്ഷേത്രം നിർമ്മിക്കുമെന്നും നേരത്തേ പറഞ്ഞിരുന്നു. അതിൽ ഇനി സംശയത്തിനിടയില്ല,’ എന്നാണ് അദ്ദേഹത്തിന്റെ പരാമർശം. പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രമാണ് ചിലർ ഭഗവാൻ രാമനെ ഓർക്കുന്നതെന്നും അത്തരക്കാരെ അവസരവാദികളായി വിശേഷിപ്പിക്കാമെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. രാമഭക്തർക്കെതിരെ വെടിയുതിർത്തെന്നും രാമക്ഷേത്ര നിർമ്മാണത്തിന് തടസ്സം സൃഷ്ടിച്ചെന്നുമുള്ള ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.

എല്ലാവരും നിയമം അനുസരിച്ച് ജീവിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. നിയമം പാലിക്കുന്നവർക്ക് സുരക്ഷയും പ്രയോജനങ്ങളും ഉണ്ടാകുമെന്നും നിയമം ലംഘിക്കുന്നവർക്ക് ശിക്ഷ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിച്ച് രക്ഷപ്പെടാമെന്നോ സ്വർഗ്ഗം നേടാമെന്നോ കരുതുന്നത് വ്യർഥമായ സ്വപ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2017-ന് മുമ്പ് ഉത്തർപ്രദേശിൽ കലാപങ്ങളും കർഫ്യൂകളും പതിവായിരുന്നുവെന്നും സ്ത്രീകൾക്കും കർഷകർക്കും വ്യാപാരികൾക്കും സുരക്ഷിതത്വമില്ലാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. എന്നാൽ നിലവിൽ സംസ്ഥാനത്ത് ശക്തമായ ക്രമസമാധാനവും സുരക്ഷിതമായ അന്തരീക്ഷവും നിലനിൽക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഭാരതവും സനാതന ധർമ്മവും പരസ്പരം വേർപെടുത്താനാകാത്തവയാണെന്നും, രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സനാതന ധർമ്മത്തിനെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img