
ബംഗളുരു: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിലൂടെയാണ് യെലഹങ്ക കോഗിലുവിലെ ബുൾഡോസർ രാജ് വിവാദം ദേശീയതലത്തിൽ ചർച്ചയായത്.മുസ്ലിം സമുദായത്തിൽ പെട്ടവർ താമസിച്ചിരുന്ന ഫക്കീർ കോളനിയിലെയും വാസിം ലേഔട്ടിലെയും മുന്നൂറോളം വീടുകളാണ് ഇക്കഴിഞ്ഞ ഡിസംബർ 20ന് ഇടിച്ചുനിരത്തിയത്. കിടപ്പാടം നഷ്ടപ്പെട്ടവർ സമർപ്പിച്ച പൊതു താല്പര്യ ഹരജി കർണാടക ഹൈക്കോടതി പരിഗണിച്ചു. സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ തികച്ചും മനുഷ്യത്വ രഹിതമായാണ് വീടുകൾ ഇടിച്ചുനിരത്തിയതെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. ദശകങ്ങളായി അവിടെ താമസിച്ചിരുന്നവരാണ് ഒരു സുപ്രഭാതത്തിൽ വഴിയാധാരമായതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അർഹമായ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ കോടതി ഗവണ്മെന്റിന് നിർദ്ദേശം നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അത് ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണെന്നും അന്യായമായി താമസിച്ചവരെയാണ് ഒഴിപ്പിച്ചതെന്നും അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടി മറുവാദമുന്നയിച്ചു. ഖരമാലിന്യ സംസ്‌ക്കരണ കേന്ദ്രം സ്ഥാപിക്കാനായി ഗവണ്മെന്റ് മാറ്റിവെച്ച സ്ഥലമാണെന്നും ഈയ്യടുത്ത കാലത്താണ് അവിടെ കയ്യേറ്റമുണ്ടായതെന്ന് തെളിയിക്കുന്ന ഉപഗ്രഹചിത്രം ഹാജരാക്കാമെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.വീട് നഷ്ടപ്പെട്ടവർ അവിടെ തന്നെ ടെൻറ്റുകൾ കെട്ടി താമസിക്കുകയാണ്. എല്ലാവർക്കും ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അവരെ പുനരധിവസിപ്പിക്കാനുള്ള മൂന്ന് ഇടങ്ങൾ ഗവണ്മെന്റ് കണ്ടെത്തിയിട്ടുണ്ടെന്നും എ ജി കോടതിയെ അറിയിച്ചു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നുള്ള ഹരജിക്കാരുടെ ആവശ്യം കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് വിധു ബക്രു, ജസ്റ്റിസ് സി എം പൂഞ്ച എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല. വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ ഗവണ്മെന്റിന് നിർദ്ദേശം നൽകിയ ബെഞ്ച് കേസ് ഈ മാസം 22 ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ഹരജിക്കാർക്ക് മറു സത്യവാങ് മൂലം സമർപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്.
Photo Courtesy - Google










