08:38am 13 November 2026
NEWS
ഇയർ ഓഫ് കൾച്ചർ 2026 ന് തുടക്കം; QIFF 2026 ൽ ആഗോള പാചകമേള
14/01/2026  10:50 AM IST
nila
ഇയർ ഓഫ് കൾച്ചർ 2026 ന് തുടക്കം;  QIFF 2026 ൽ ആഗോള പാചകമേള

ദോഹ:വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ (QIFF) 2026 ഈ ആഴ്ച ദോഹയിൽ ആരംഭിക്കുന്നു. രാജ്യത്തിന്റെ പ്രധാന സാംസ്കാരിക പരിപാടികളിലൊന്നായ ഫെസ്റ്റിവൽ, ഭക്ഷണത്തിലൂടെ പാചക നവീകരണത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും വേദിയായി മാറും.
ഈ വർഷത്തെ QIFF 2026, ഖത്തർ–കാനഡ–മെക്സിക്കോ ‘ഇയർ ഓഫ് കൾച്ചർ 2026’യുടെ ആദ്യ പ്രധാന പരിപാടിയെന്ന പ്രത്യേകതയും കൈവരിക്കുന്നു. പരസ്പര പാചക പാരമ്പര്യങ്ങളും സാങ്കേതികതകളും കഥകളും ഭക്ഷണത്തിലൂടെ ആഘോഷിക്കുന്നതാണ് ഫെസ്റ്റിവലിന്റെ മുഖ്യ ആകർഷണം.
കാനഡയും മെക്സിക്കോയുമെത്തുന്ന അവാർഡ് ജേതാക്കളായ പ്രമുഖ ഷെഫുമാരാണ് ഇത്തവണ QIFF വേദിയിലെത്തുന്നത്. മെക്സിക്കോയിൽ നിന്ന് ‘ടാക്കോ കിംഗ്’ എന്നറിയപ്പെടുന്ന ഷെഫ് എസ്ഡ്രാസ് ഒചോവ ഉദ്ഘാടനച്ചടങ്ങിലും കുക്കിംഗ് സ്റ്റുഡിയോയിലും QIFF റിങിലും പങ്കെടുക്കും. ഷെഫ് ലുപിത വിഡാൽ കുക്കിംഗ് സ്റ്റുഡിയോയിലും QIFF റിങിലും തന്റെ സാന്നിധ്യം അറിയിക്കും.
കാനഡയുടെ പങ്കാളിത്തത്തിന് നേതൃത്വം നൽകുന്നത് റോസ്‌വുഡ് ഹോട്ടലിന്റെ സൂസ് എക്സിക്യൂട്ടീവ് ഷെഫായ ക്രിസ്ത്യൻ ഗോസലിനാണ്. അദ്ദേഹം ഉദ്ഘാടനച്ചടങ്ങിലും QIFF റിങിലും പങ്കെടുക്കും. ഷെഫ് എറിക് ചോങ്ങും ഷെഫ് ആൻഡി ഹെയും കുക്കിംഗ് സ്റ്റുഡിയോയിൽ കാനഡയെ പ്രതിനിധീകരിക്കും.
പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശനം അനുവദിച്ചിരിക്കുന്ന ഫെസ്റ്റിവൽ, രാത്രി വൈകുവോളം നീളുന്ന വിവിധ പരിപാടികളോടെ സന്ദർശകർക്കായി തുറന്നിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
2012ൽ ആരംഭിച്ച ‘ഇയർസ് ഓഫ് കൾച്ചർ’ പദ്ധതി, സാംസ്കാരികം, വിദ്യാഭ്യാസം, ബിസിനസ്, സൃഷ്ടിപരമായ ഇടപെടലുകൾ എന്നിവയിലൂടെ ഖത്തറിനും പങ്കാളി രാജ്യങ്ങൾക്കും ഇടയിൽ ദീർഘകാല ബന്ധം വളർത്തുകയാണ് ലക്ഷ്യമിടുന്നത്. സാംസ്കാരിക സഹകരണം സംഭാഷണത്തിനും അന്താരാഷ്ട്ര സൗഹൃദത്തിനും വഴിയൊരുക്കുമെന്ന് ഖത്തർ വിശ്വസിക്കുന്നതിന്റെ പ്രതിഫലനമാണ് ഈ സംരംഭം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img