
ബംഗളുരു: ബിജെപിയിൽ നിന്നും പുറത്താക്കപ്പെട്ട നേതാവാണ് ബസന ഗൗഡ പാട്ടീൽ യത് നാൽ. മുൻകേന്ദ്രമന്ത്രിയും ബിജാപ്പൂർ സിറ്റിയെ പ്രതിനിധീകരിക്കുന്ന എം എൽ എയുമാണ് അദ്ദേഹം. തീവ്ര ഹിന്ദുത്വ നിലപാട് കൊണ്ടുനടക്കുന്ന ഈ നേതാവ് മുൻമുഖ്യമന്ത്രി യഡിയൂരപ്പയെയും കുടുംബത്തെയും അതിനിശിതമായി വിമർശിച്ചതിന്റെ പേരിലാണ് ബിജെപിയിൽ നിന്നും പുറത്തായത്. വർഷങ്ങൾക്ക് മുമ്പ് മറ്റൊരിക്കൽ ബിജെപി ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. എന്നാൽ യത് നാൽ മറ്റു പാർട്ടികളിലൊന്നും ചേർന്നില്ല. വടക്കൻ കർണാടകയിലെ പഞ്ചമശാലി ലിങ്കായത്ത് സമുദായക്കാർക്കിടയിൽ സ്വാധീനമുള്ള ഈ തീപ്പൊരി നേതാവിനെ ബിജെപി തിരിച്ചെടുക്കുകയായിരുന്നു. 2019 ൽ യഡിയൂരപ്പ ഒരിക്കൽ കൂടി മുഖ്യമന്ത്രിയായതോടെ അദ്ദേഹത്തിനെതിരെ യത് നാൽ വിമർശനമാരംഭിച്ചു. യഡിയൂരപ്പയ്ക്കും ബിജെപി സംസ്ഥാന അധ്യക്ഷനായ അദ്ദേഹത്തിന്റെ മകൻ വിജയേന്ദ്രയ്ക്കും എതിരായ വിമർശനം പരിധി വിട്ടപ്പോഴാണ് ദേശീയ നേതൃത്വം ഇടപെട്ട് യത് നാളിനെ പുറത്താക്കിയത്. പിന്നീട് വിമർശനമുണ്ടായില്ല. വീണ്ടും ബിജെപിയിൽ തിരിച്ചെത്തുകയാണ് യത് നാളിന്റെ ലക്ഷ്യം. അതുകൊണ്ടാകണം സിദ്ധരാമയ്യ നേതൃത്വം കൊടുക്കുന്ന കോൺഗ്രസ്സ് ഗവണ്മെന്റിനെ അദ്ദേഹം കടന്നാക്രമിക്കുന്നു. ഒരു കൂട്ടം കോൺഗ്രസ്സ് എം എൽ എമാരുടെ വിദേശയാത്ര ഒരു സൂചനയാണെന്നും സിദ്ധരാമയ്യ ഗവണ്മെന്റ് ഉടൻ നിലംപതിക്കുമെന്നും യത് നാൽ പ്രവചിച്ചു. " സൗജന്യങ്ങൾ ഖജനാവ് കാലിയാക്കി. അത്യാവശ്യ വികസന പ്രവർത്തനങ്ങൾക്ക് പോലും ഗവണ്മെന്റിന്റെ പക്കൽ പണമില്ല. മുമ്പ് പ്രഖ്യാപിച്ച വികസന പദ്ധതികൾ മുടങ്ങിക്കിടക്കുന്നു. സിദ്ധരാമയ്യ സ്വമേധയാ സ്ഥാനമൊഴിയില്ല. ഡി കെ ശിവകുമാറിന് മുഖ്യമന്ത്രിയാകാനും കഴിയില്ല. എംഎൽഎമാർ രണ്ടുതട്ടിലാണ്. ഏതുനിമിഷവും ഈ ഗവണ്മെന്റ് നിലംപതിച്ചേക്കും" യത് നാൽ പ്രസ്താവിച്ചു. ബിജെപിയ്ക്ക് പുതിയ സംസ്ഥാന പ്രസിഡന്റ് ആയില്ലല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതെനിക്ക് അറിയില്ല, ഞാൻ പാർട്ടിയിൽ നിന്ന് പുറത്തല്ലേ എന്നായിരുന്നു യത് നാളിന്റെ മറുചോദ്യം.
Photo Courtesy - Google











