07:34am 13 November 2026
NEWS

ആർഎസ്എസിന്റെ മുതിർന്ന നേതാക്കളുമായി പലവട്ടം കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്ന് വിഘടനവാദി നേതാവ് യാസീൻ മാലിക്

19/09/2025  09:04 PM IST
nila
 ആർഎസ്എസിന്റെ മുതിർന്ന നേതാക്കളുമായി പലവട്ടം കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്ന് വിഘടനവാദി നേതാവ് യാസീൻ മാലിക്

ആർഎസ്എസിന്റെ മുതിർന്ന നേതാക്കളുമായി പലവട്ടം കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്ന് വിഘടനവാദി നേതാവ് യാസീൻ മാലിക്.  ഭീകരപ്രവർത്തനത്തിന് ധനസഹായം നൽകിയെന്ന കേസിൽ ജീവപര്യന്തം ജയിൽശിക്ഷ അനുഭവിക്കുന്നയാളാണ്  ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) നേതാവായ യാസിൻ മാലിക്.  ഡൽഹി ഹൈക്കോടതിയിൽ ഏപ്രിലിൽ നൽകിയ സത്യവാങ്മൂലത്തിലാണ് രാജ്യത്തെ പ്രമുഖ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചകളെ കുറിച്ച് വിശദമാക്കുന്നത്. 

രണ്ട് ശങ്കരാചാര്യന്മാരുമായും ആർഎസ്എസിന്റെ മുതിർന്ന നേതാക്കളുമായും പലവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് യാസീൻ മാലിക് വെളിപ്പെടുത്തി.  ലഷ്കറെ തയിബ തലവൻ ഹാഫിസ് സയീദുമായി കൂടിക്കാഴ്ച്ച നടത്തിയത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരമാണെന്നും യാസിൻ മാലിക് പറയുന്നു. മൻമോഹൻ സിങും അടൽ ബിഹാരി വാജ്പേയും അധികാരത്തിലിരിക്കെ തന്റെ സഹായം തേടിയിട്ടുണ്ടെന്നും യാസിൻ മാലിക് അവകാശപ്പെടുന്നു. 

‘വിവിധ മഠങ്ങളിൽനിന്നുള്ള രണ്ട് ശങ്കരാചാര്യന്മാർ വെവ്വേറെയായി ശ്രീനഗറിലെ തന്റെ വസതിയിൽ വന്നിട്ടുണ്ട്. ഒരിക്കലല്ല, പലവട്ടം ഇവർക്കൊപ്പം ഒന്നിച്ച് പത്രസമ്മേളനവും നടത്തിയിരുന്നു. എന്നെപ്പോലെ ഒരാളെ മാറ്റിനിർത്തുന്നതിനു പകരം, ഭൂരിപക്ഷ വിഭാഗത്തിൽനിന്നുള്ള  പ്രതിനിധികൾ ഇത്തരം ഹീനവും ഗുരുതരവുമായ ആരോപണങ്ങൾ നേരിടുന്ന ഒരാളുമായി അവരുടെ സൽപ്പേര് ബന്ധപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലേ?’ –യാസീൻ മാലിക് സത്യവാങ്മൂലത്തിൽ ചോദിക്കുന്നു. എന്നാൽ ശങ്കരാചാര്യന്മാരുടെ പേരോ എന്നാണ് കൂടിക്കാഴ്ച നടന്നതെന്നോ മാലിക് പറഞ്ഞിട്ടില്ല. 

2011ൽ ആർഎസ്എസ് നേതാക്കളുമായി മാരത്തൺ ചർച്ച നടത്തിയെന്നാണ് മറ്റൊരു വെളിപ്പെടുത്തൽ. ന്യൂഡൽഹിയിലെ ഇന്റർനാഷണൽ സെന്ററിൽവച്ച് 5 മണിക്കൂറായിരുന്നു ചർച്ച. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡയലോഗ് ആൻഡ് റീകൺസിലിയേഷൻ എന്ന തിങ്ക് ടാങ്കാണ് ചർച്ച സംഘടിപ്പിച്ചത്. വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ അന്നത്തെ ചെയർപഴ്സൻ അഡ്മിറൽ കെ.കെ.നായർ തന്നെ പലതവണ ഉച്ചഭക്ഷണത്തിന് അദ്ദേഹത്തിന്റെ വസതിയിലേക്കും ഇന്ത്യ ഇന്റർനാഷണൽ സെന്ററിലേക്കും ക്ഷണിച്ചിട്ടുണ്ട്. തന്നെപ്പോലൊരു വ്യക്തിയിൽനിന്ന് ഒരു കയ്യകലമെങ്കിലും പാലിക്കുന്നതിനു പകരം ആർഎസ്എസ് നേതൃത്വവും ആർഎസ്എസിന്റെ തിങ്ക് ടാങ്കായ വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപഴ്സൻ അഡ്മിറൽ കെ.കെ.നായരും തുടർച്ചയായി എന്നെ ക്ഷണിച്ചതിൽ ചോദ്യങ്ങളുയരുന്നില്ലേയെന്നും മാലിക് ചോദിക്കുന്നു.

2000-01ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് കശ്മീരിൽ ഐകകണ്ഠേന റംസാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നിലും തന്റെ സ്വാധീനമുണ്ടെന്നും മാലിക് പിന്നീട് പറയുന്നു. ഡൽഹിയിൽവച്ച് അജിത് ഡോവലിനെ കണ്ടെന്നും അദ്ദേഹം അന്നത്തെ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ ശ്യാമൾ ദത്തയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്രയെയും പരിചയപ്പെടുത്തി. കശ്മീർ വിഷയം പരിഹരിക്കുന്നതിൽ പ്രധാനമന്ത്രി ഗൗരവമായെടുത്തിട്ടുണ്ടെന്നു പറഞ്ഞ ഇരുവരും വെടിനിർത്തലിന് പിന്തുണയാവശ്യപ്പെട്ടുവെന്നും മാലിക് അവകാശപ്പെടുന്നു. പിന്നീട് വാജ്പേയിയുടെ അടുത്ത അനുയായി ആയിരുന്ന ആർ.കെ.മിശ്ര ബ്രജേഷ് മിശ്രയുമായി വസന്ത് വിഹാറിലെ വീട്ടിൽവച്ച് കൂടിക്കാഴ്ചയൊരുക്കി. തുടർന്ന് താൻ ജെകെഎൽഎഫ് ജനറൽ സെക്രട്ടറി റഫീഖ് ദാറിനെ ഈ വിവരം അറിയിക്കുകയും ദാറിനെക്കൊണ്ട് യുണൈറ്റഡ് ജിഹാദ് കൗൺസിൽ മേധാവി സയ്യീദ് സലാഹുദ്ദീനെ ഫോണിൽ വിളിച്ച് വെടിനിർത്തൽ നിർദേശം സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തന്റെ സമാധാനശ്രമങ്ങളെ വാജ്പേയിയും അന്നത്തെ ആഭ്യന്തര മന്ത്രി എൽ.കെ.അദ്വാനിയും പിന്തുണക്കുകയും 2001ൽ ആദ്യമായി പാസ്പോർട്ട് അനുവദിക്കുകയും ചെയ്തുവെന്നും മാലിക് പറയുന്നു.

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരമാണ് 2006ൽ ലഷ്കറെ തയിബ തലവൻ ഹാഫിസ് സയീദുമായി കൂടിക്കാഴ്ച നടത്തിയതെന്നും അതിന്റെ പേരിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് തന്നെ അഭിനന്ദിച്ചെന്നെന്നും യാസീൻ മാലിക് വെളിപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ സയീദുമായി കൂടിക്കാഴ്ച നട‌ത്താനുള്ള നിർദേശം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img