
ബെയ്ജിങ്: പശ്ചിമേഷ്യയും ഗൾഫ് മേഖലയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സ്വയംഭരണത്തെയും സുരക്ഷയെയും പൂർണമായി മാനിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചൈനീസ് സന്ദർശനത്തിനിടെ ബെയ്ജിങ്ങിൽ വെച്ചാണ് ഇരുനേതാക്കളും കൂടിക്കാഴ്ച്ച നടത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെക്കുറിച്ച് ഷി ജിൻപിങ് ആദ്യമായാണ് പ്രതികരിക്കുന്നത്.
പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി ഷി നാല് നിർദേശങ്ങളും മുന്നോട്ടുവച്ചു. സമാധാനപരമായ സഹവർത്തിത്വത്തിൽ ഉറച്ചുനിൽക്കണം, ദേശീയ പരമാധികാരത്തോടുള്ള ബഹുമാനം കാത്തുസൂക്ഷിക്കണം, രാജ്യാന്തര നിയമങ്ങൾ ഉയർത്തിപ്പിടിക്കണം, വികസനം സുരക്ഷാ നയങ്ങൾ എന്നിവയ്ക്കിടയിലെ മികച്ച ഏകോപനം തുടങ്ങിയവയാണു ഷിയുടെ നിർദേശങ്ങൾ.
അതിനിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‍റോവ് ചൊവ്വാഴ്ച ഔദ്യോഗിക സന്ദർശനത്തിനായി ചൈനയിലെത്തിയിരുന്നു. ഏപ്രിൽ 14–15 തീയതികളിൽ ലാവ്‍റോവ് ചൈനയിലായിരിക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.










