
"ഞാനിങ്ങോട്ട് വരുമ്പോൾ ആലോചിച്ചത് ഈയിടെയായി ഉയർന്നുകേൾക്കുന്ന എഴുത്തുകൊണ്ട് എന്തു പ്രയോജനം എന്നുള്ള ചോദ്യത്തെ കുറിച്ചാണ്. സാഹിത്യകാരന്മാരെയും സാഹിത്യകാരികളെയും കൊണ്ട് എന്ത് പ്രയോജനം എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ അതിന് മറുപടി പറയേണ്ടതില്ല. നമ്മൾ നമ്മെ തന്നെ ഒന്ന് അനാലിസ് ചെയ്തുനോക്കാം. ഒരെഴുത്തുകാരി എന്നനിലയിൽ ഞാൻ ആ കാര്യങ്ങളെപ്പറ്റി ആലോചിച്ചിട്ടുണ്ട്. സച്ചിദാനന്ദൻ മാഷ് എഴുതിയ രണ്ട് വരികൾ അപ്പോൾ മനസ്സിൽ തെളിയും. കവിത ഒന്നും സംഭവിപ്പിക്കുന്നില്ലായെങ്കിലും അത് സദാ ലോകത്തിന് മുമ്പിൽ തുറന്നുപിടിച്ച ഒരു വായാണ്. അതടപ്പിക്കാനാവില്ല. ശരിയാണത്. നിങ്ങൾക്ക് എഴുത്തുകാരെ കൊല്ലാം. എന്നാൽ എഴുത്തിനെ കൊല്ലാനാവില്ല. മഹായുദ്ധങ്ങൾ കടന്നുപോയി. ആണവായുധങ്ങൾ പ്രയോഗിക്കപ്പെട്ടു. ഒരുപാട് മനുഷ്യർ കൊല്ലപ്പെട്ടു. പ്രകൃതിയ്ക്ക് വലിയ നാശം സംഭവിച്ചു. എന്നിട്ടും എഴുത്ത് നശിച്ചില്ല. എഴുത്ത് ഉത്തരോത്തരം ശക്തിപ്പെടുകയാണ്. എഴുത്ത് സമൂഹത്തിന് ആവശ്യമാണ്, അതിനെ നശിപ്പിക്കാനാവില്ല"പ്രമുഖ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ സാറാ ജോസഫ് അഭിപ്രായപ്പെട്ടു. പ്രമുഖ മലയാളി സംഘടനകളിലൊന്നായ കൈരളീ കലാസമിതിയുടെ സാഹിത്യപുരസ്‌കാരം സ്വീകരിക്കാൻ ബംഗളുരുവിൽ എത്തിയതായിരുന്നു അവർ. മലയാള സാഹിത്യരംഗത്ത് പ്രവർത്തിക്കുന്ന മികച്ച എഴുത്തുകാർക്ക് വർഷന്തോറും സമ്മാനിക്കുന്ന ഈ പുരസ്കാരത്തിന് ഇത്തവണ അർഹയായത് സാറാ ജോസഫാണ്. ആർട്ടിസ്റ്റ് ഷഫീഖ് രൂപകല്പന ചെയ്ത അറുപതിനായിരത്തിലേറെ വിലമതിപ്പുള്ള ശില്പവും പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയും ഉൾപ്പെടുന്ന കൈരളീ കലാസമിതി സാഹിത്യപുരസ്‌കാരം ഇതിനകം തന്നെ ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മികച്ച വിവർത്തകനും എഴുത്തുകാരനുമായ സുധാകരൻ രാമന്തളിയാണ് ഈ സാഹിത്യ പുരസ്കാരത്തിന്റെ പ്രചോദനശക്തി. വിവർത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുള്ള അദ്ദേഹമാണ് കൈരളീ കലാസമിതിയുടെ പ്രസിഡന്റ്. സുധാകരൻ രാമന്തളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുതിർന്ന കന്നഡ എഴുത്തുകാരൻ ഡോ: ഹംപ നാഗരാജയ്യയാണ് സാറാ ടീച്ചർക്ക് പുരസ്‌കാരം സമ്മാനിച്ചത്. കലാസമിതി സെക്രട്ടറി പി കെ സുധീഷ് സ്വാഗതമാശംസിച്ച പുരസ്‌കാര സമർപ്പണ ചടങ്ങിൽ മാതൃഭൂമി വാരിക പത്രാധിപർ കൂടിയായ പ്രസിദ്ധ സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ, കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ്, നിരൂപകൻ ഇ പി രാജഗോപാലൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു. നേരത്തെ, എഴുത്ത് സൃഷ്ടിക്കുന്ന സംസ്കാരം എന്ന വിഷയത്തിൽ സുഭാഷ് ചന്ദ്രനും മലയാള കവിതയുടെ വർത്തമാനം എന്ന വിഷയത്തിൽ റഫീഖ് അഹമ്മദും പ്രഭാഷണം നടത്തി. ബംഗളുരുവിലെ കവികൾ അണിനിരന്ന കവിയരങ്ങും അതോട് അനുബന്ധിച്ച് നടന്നു. മലയാള നാടകവേദി എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഇ പി രാജഗോപാലൻ, പ്രകാശ് ബാരെ, കെ ആർ കിഷോർ, അനിൽ തിരുമംഗലം എന്നിവർ പങ്കെടുത്തു. ശുഭ ദിനേശ് അവതരിപ്പിച്ച ആരുടെ പതാക എന്ന ഏകപാത്ര നാടകവും കല്ലറ ഗോപൻ, ചെങ്ങന്നൂർ ശ്രീകുമാർ, റീനാ മുരളി എന്നീ ഗായകർ നയിച്ച മധുരഗീതങ്ങൾ എന്ന സംഗീത പരിപാടിയും നടന്നു. രാവിലെ സാഹിത്യോത്സവം സാറാ ജോസഫ് ഉൽഘാടനം ചെയ്തു. ഡെന്നീസ് പോൾ, സതീഷ് തോട്ടശ്ശേരി, അജിത് കോടോത്ത് എന്നിവർ ആശംസകൾ നേർന്നു. പതിമൂന്ന് വയസിനകം പതിനൊന്ന് പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ച ഓസ്റ്റിൻ അജിത്തിനെ ചടങ്ങിൽ ആദരിച്ചു. നഗരത്തിലെ സാംസ്‌കാരിക മേഖലയിലും പൊതുസമൂഹത്തിലും കൈരളീ കലാസമിതി സാഹിത്യോത്സവവും പുരസ്‌കാരസമർപ്പണവും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.
Photo Courtesy - Google










