
ദോഹ: ചൈനയിലെ നിങ്ബോയിൽ നടക്കുന്ന ഐ.ഡബ്ല്യു.എഫ് (IWF) ലോക വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ഫാരെസ് ഇബ്രാഹിം വ്യാഴാഴ്ച മത്സരക്കളത്തിലെത്തും. പുരുഷന്മാരുടെ 95 കിലോഗ്രാം വിഭാഗത്തിലാണ് ഫാരെസ് രാജ്യത്തിനായി മത്സരിക്കുന്നത്.
നിങ്ബോ ഒളിമ്പിക് സ്പോർട്സ് സെന്ററിൽ നടക്കുന്ന ടൂർണമെന്റിൽ ദോഹ സമയം ഉച്ചയ്ക്ക് 2:00 മണിക്ക് (ചൈന സമയം വൈകുന്നേരം 7:00) ഗ്രൂപ്പ് എ-യിലാണ് ഫാരെസിന്റെ മത്സരം. ഇറാന്റെ അലി അലിപൂർ, ബൾഗേറിയയുടെ കാർലോസ് നാസർ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളാണ് ഈ വിഭാഗത്തിൽ ഖത്തർ താരത്തിനൊപ്പമുള്ളത്.
ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടി ഖത്തറിന്റെ അഭിമാനമായി മാറിയ ഫാരെസിന് ഈ ടൂർണമെന്റ് ഏറെ നിർണായകമാണ്. 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലേക്കുള്ള ആദ്യ യോഗ്യതാ പോരാട്ടം കൂടിയാണ് നിങ്ബോയിൽ നടക്കുന്നത്. അടുത്തിടെ നടന്ന ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിന് ശേഷം പുതിയ ഭാര വിഭാഗമായ 95 കിലോഗ്രാമിൽ മാറ്റുരയ്ക്കുന്ന ഫാരെസിൽ വലിയ പ്രതീക്ഷയിലാണ് പരിശീലകൻ ഇബ്രാഹിം ഹസ്സൂനയുടെ കീഴിലുള്ള പരിശീലക സംഘം.
ഒക്ടോബർ 27-ന് ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 600-ലേറെ കായികതാരങ്ങളാണ് പങ്കടുക്കുന്നത്. നവംബർ 8-ന് ചാമ്പ്യൻഷിപ്പ് സമാപിക്കും.










