04:50pm 04 November 2026
NEWS
ലോക വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്: ഖത്തറി താരം ഫാരെസ് ഇബ്രാഹിം നാളെ മത്സരത്തിനിറങ്ങും
04/11/2026  02:59 PM IST
nila
ലോക വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്: ഖത്തറി താരം ഫാരെസ് ഇബ്രാഹിം നാളെ മത്സരത്തിനിറങ്ങും

 


​ദോഹ: ചൈനയിലെ നിങ്‌ബോയിൽ നടക്കുന്ന ഐ.ഡബ്ല്യു.എഫ് (IWF) ലോക വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ഫാരെസ് ഇബ്രാഹിം വ്യാഴാഴ്ച മത്സരക്കളത്തിലെത്തും. പുരുഷന്മാരുടെ 95 കിലോഗ്രാം വിഭാഗത്തിലാണ് ഫാരെസ് രാജ്യത്തിനായി മത്സരിക്കുന്നത്.
​നിങ്‌ബോ ഒളിമ്പിക് സ്‌പോർട്‌സ് സെന്ററിൽ നടക്കുന്ന ടൂർണമെന്റിൽ ദോഹ സമയം ഉച്ചയ്ക്ക് 2:00 മണിക്ക് (ചൈന സമയം വൈകുന്നേരം 7:00) ഗ്രൂപ്പ് എ-യിലാണ് ഫാരെസിന്റെ മത്സരം. ഇറാന്റെ അലി അലിപൂർ, ബൾഗേറിയയുടെ കാർലോസ് നാസർ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളാണ് ഈ വിഭാഗത്തിൽ ഖത്തർ താരത്തിനൊപ്പമുള്ളത്.
​ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടി ഖത്തറിന്റെ അഭിമാനമായി മാറിയ ഫാരെസിന് ഈ ടൂർണമെന്റ് ഏറെ നിർണായകമാണ്. 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലേക്കുള്ള ആദ്യ യോഗ്യതാ പോരാട്ടം കൂടിയാണ് നിങ്‌ബോയിൽ നടക്കുന്നത്. അടുത്തിടെ നടന്ന ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിന് ശേഷം പുതിയ ഭാര വിഭാഗമായ 95 കിലോഗ്രാമിൽ മാറ്റുരയ്ക്കുന്ന ഫാരെസിൽ വലിയ പ്രതീക്ഷയിലാണ് പരിശീലകൻ ഇബ്രാഹിം ഹസ്സൂനയുടെ കീഴിലുള്ള പരിശീലക സംഘം.
​ഒക്ടോബർ 27-ന് ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 600-ലേറെ കായികതാരങ്ങളാണ് പങ്കടുക്കുന്നത്. നവംബർ 8-ന് ചാമ്പ്യൻഷിപ്പ് സമാപിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img