NEWS
ലോക ക്ഷയരോഗ ദിനവും പ്രാധാന്യവും
24/03/2025 03:25 PM IST
Health Dusk

ലോകത്തിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് ക്ഷയം. എല്ലാ വര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു. ക്ഷയരോഗം നിവാരണത്തിന്റെ ആവശ്യകതയാണ് ഈ ദിവസം സൂചിപ്പിക്കുന്നത്. ആധുനിക ചികിത്സാ രീതികളില്‍ പുരോഗതി ഉണ്ടായിട്ടും, ക്ഷയരോഗം ആഗോള ആരോഗ്യ ഭീഷണിയായി തുടരുന്നു, പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ആളുകള്‍ ക്ഷയരോഗ ബാധിതരായി മരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2023 ല്‍ 1.25 ദശലക്ഷം ആളുകള്‍ ക്ഷയരോഗം / ടിബി മൂലം മരണമടയുകയും, 10.8 ദശലക്ഷം പേര്‍ ക്ഷയരോഗ ബാധിതരാവുകയും ചെയ്തു.
ആരോഗ്യപരമായി മാത്രമല്ല ക്ഷയരോഗം മൂലം സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായി വരാം. 1882 മാര്‍ച്ച് 24 ന് ഡോ. റോബര്‍ട്ട് കോച്ച് ക്ഷയം രോഗത്തിന് കാരണമായ ബാക്ടീരിയ കണ്ടെത്തി. ഇത് ക്ഷയം രോഗം നിര്‍ണ്ണയിക്കുന്നതിനും ചികിത്സിക്കുന്നതിനും വഴി തുറന്നു. ലോകമെമ്പാടുമുള്ള ആളുകളില്‍ ക്ഷയ രോഗത്തെ പറ്റി ബോധവല്‍ക്കരിക്കുന്നതിനുള്ള ഒരു വേദിയായി ഇപ്പോള്‍ ഈ ദിവസം പ്രവര്‍ത്തിക്കുന്നു.
പ്രതിരോധ നടപടികളില്‍ മുന്‍കൂട്ടിയുള്ള രോഗനിര്‍ണ്ണയവും ഫലപ്രദമായ ചികിത്സയും ഉള്‍പ്പെടുന്നു. സാമ്പത്തിക-സാമൂഹിക നിലയൊന്നും തന്നെ പരിഗണിക്കാതെ എല്ലാവര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനുള്ള അവസരം ഈ ദിനത്തില്‍ ഉറപ്പുവരുത്തുന്നു.
ക്ഷയ രോഗ പരിശോധനകള്‍
ശരിയായ മെഡിക്കല്‍ ഹിസ്റ്ററി, ശാരീരിക പരശോധന, രക്ത പരിശോധനകള്‍, എക്‌സ്-റേ, സാമ്പിളിന്റെ ബാക്ടീരിയോളജിക്കല്‍ പരിശോധനകള്‍ എന്നിവ രോഗനിര്‍ണ്ണയത്തിന് സഹായിക്കുന്നു.
ക്ഷയ രോഗ പരിശോധന നടത്തുന്നതിന്റെ പ്രാധാന്യം
തുടക്കത്തില്‍ തന്നെ അണുബാധ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായാണ് Latent TB Test ചെയ്യുന്നത്. രോഗിയുടെ ശരീരത്തില്‍ ക്ഷയ രോഗത്തിന് കാരണമായ ബാക്ടീരിയ വികസിക്കുന്നത് തടയുന്നതിനായാണ് ഈ പരിശോധന നടത്തുന്നത്. Latent TB രോഗികള്‍ക്ക് ടിബി രോഗം വരാനുള്ള സാദ്ധ്യത കൂടുതലാണ്.
1. ക്ഷയ രോഗം വരാന്‍ സാധ്യതയുള്ളവര്‍
· ടിബി ബാക്ടീരിയയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധ്യതയുള്ള വ്യക്തികള്‍.
· ടിബി ബാധിത രാജ്യങ്ങളില്‍ ജനിച്ചവരോ അത്തരം രാജ്യങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്നവരോ ആയ ആളുകള്‍.
· ഷെല്‍ട്ടറുകളിലോ തിരക്കേറിയ സ്ഥലങ്ങളിലോ നഴ്‌സിംഗ് ഹോമുകളിലോ താമസിക്കുന്ന ആളുകള്‍.
· ടിബി രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍.
· Latent TB / ടിബി രോഗ സാധ്യതയുള്ള മുതിര്‍ന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ശിശുക്കള്‍, കുട്ടികള്‍, കൗമാരക്കാര്‍.
2. ടിബി അണുബാധ ഉണ്ടായാല്‍ അത് രോഗമായി മാറുന്ന ആളുകള്‍.
1. എച്ച്‌ഐവി രോഗികള്‍
2. 5 വയസ്സിന് താഴെയുള്ള കുട്ടികള്‍.
3. അടുത്തിടെ ടിബി അണുബാധയുണ്ടായിരുന്ന ആളുകള്‍ (2 വര്‍ഷത്തിനുള്ളില്‍).
4. ടിബി രോഗം ബാധിച്ചിട്ട് വേണ്ടത്ര ചികിത്സ ലഭിക്കാതിരുന്ന രോഗികള്‍.
5. രോഗപ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കുന്ന രോഗികള്‍ (കാന്‍സര്‍ രോഗികളിലെ - കീമോതെറാപ്പി).
6. രക്താര്‍ബുദം, തല, കഴുത്ത് അല്ലെങ്കില്‍ ശ്വാസകോശത്തിലെ കാന്‍സര്‍ എന്നിവയുള്ള രോഗികള്‍.
7. പ്രമേഹ രോഗികള്‍
ക്ഷയരോഗ നിര്‍ണ്ണയത്തിനുള്ള പരിശോധനകള്‍
· ടിബി രക്തപരിശോധന - ഇന്റര്‍ഫെറോണ്‍-ഗാമ റിലീസ് അസ്സെ (IGRA)
· ടിബി സ്‌കിന്‍ ടെസ്റ്റ് - ട്യൂബര്‍ക്കുലിന്‍ സ്‌കിന്‍ ടെസ്റ്റ്
ക്ഷയരോഗ മുമ്പ് വമന്നിട്ടുള്ള രോഗികളില്‍ രക്തപരിശോധനയും ചര്‍മ്മ പരിശോധനയും എല്ലായ്‌പ്പോഴും പോസിറ്റീവ് ആയിരിക്കും. ഒരു രോഗിക്ക് ക്ഷയരോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എക്‌സ്-റേ, കഫം പരിശോധന എന്നിവയോടൊപ്പം ശരിയായ medical history യും ക്ലിനിക്കല്‍ പരിശോധനയും രോഗനിര്‍ണ്ണയത്തിന് സഹായിക്കും.
രോഗനിര്‍ണ്ണയം നടത്തിക്കഴിഞ്ഞാല്‍, രോഗിയെ നിക്ഷയ് പദ്ധതിയില്‍ ചേര്‍ക്കുന്നു, antiTB ചികിത്സയ്ക്ക് അറിയിപ്പ് നല്‍കുകയും ചികിത്സ ആരംഭിക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ പാലിക്കുന്നുണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നു.
ടിബി ചികിത്സയുടെ ലക്ഷ്യങ്ങള്‍
· രോഗ പരിചരണത്തിലൂടെ രോഗമുക്തി ഉറപ്പാക്കുകയും മരണ നിരക്ക് കുറയ്ക്കുകയും ചെയ്യുക.
· രോഗിയില്‍ അണുബാധ കുറയ്ക്കുന്നതിനും, അതുവഴി മറ്റുള്ളവരിലേക്ക് പകരുന്നതിന്റെ തോത് കുറയ്ക്കുന്നതിനും.
ടിബി ദിന വിഷയവും അതിന്റെ പ്രാധാന്യവും
2025 ലെ വിഷയം ”Yes! We can end TB - Commit, Invest, Deliver” എന്നതാണ്.
1. Commit - WHO മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നയങ്ങളും വേഗത്തില്‍ നടപ്പിലാക്കുന്നതിലൂടെയും, ആന്തരിക നയങ്ങളും മാതൃകയും ശക്തിപ്പെടുത്തുന്നതിലൂടെയും പ്രതിബദ്ധത പ്രവര്‍ത്തനമായി മാറുന്നു എന്നാണ് ഇതുകൊണ്ട് ഉദ്ദേസിക്കുന്നത്.
2. Invest - ശരിയായ കണ്ടെത്തലുകളില്ലാതെ ക്ഷയരോഗത്തെ നോരിടാന്‍ സാധിക്കില്ല. ടിബി പ്രതിരോധം, ചികിത്സ, പരിചരണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ഗവേഷണവും പരിചരണവും പ്രോത്സാഹിപ്പിക്കുന്നതിന് ഒരു വ്യക്തമായ സമീപനം ആവശ്യമാണ്.
3. Deliver - ഇതിനര്‍ത്ഥം നേരത്തെയുള്ള കണ്ടെത്തല്‍, രോഗനിര്‍ണ്ണയം, പ്രതിരോധ ചികിത്സ, ഉയര്‍ന്ന നിലവാരമുള്ള ടിബി പരിചരണം എന്നിവയില്‍, പ്രത്യേകിച്ച് drug ressistant TB ക്ക് WHO ശുപാര്‍ശ ചെയ്യുന്ന ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കുക എന്നാണ്.
ഇത്തരം കാര്യങ്ങള്‍ ഒക്കെ ശ്രദ്ധിച്ചു കൊണ്ട് ഒരോ വ്യക്തിയും സ്വകാര്യ-പൊതു സഹകരണത്തോടെ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ നമുക്ക് ക്ഷയ രോഗം അകറ്റാന്‍ സാധിക്കുമെന്ന് നിസംശയം പറയാന്‍ സാധിക്കും.

Dr. Sofia Salim Malik
Senior Consultant Pulmonologist,
Allergy, Immunology &Sleep Consultant
SUT Hospital, Pattom
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.