
വൈസ് ചാൻസലർ ഡോ എ ബിജു കുമാർ വേൾഡ് മാരിടൈം day 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
സമുദ്ര തൊഴിൽ സാധ്യതകൾ, പൈതൃകം, നീല സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്ക് പ്രാധാന്യംകേരളത്തിലെ ലോക സമുദ്ര ദിനം 2026 ആഘോഷങ്ങൾക്ക് കൊച്ചി ഹോട്ടൽ ലെ മെറിഡിയനിൽ തുടക്കമായി. കേരളത്തിന്റെ സമുദ്രമേഖലയെ ശക്തിപ്പെടുത്തുന്നതിനും യുവതലമുറയ്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ആഘോഷങ്ങൾക്ക് പ്രാധാന്യം നൽകുന്നത്.
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (KUFOS) വൈസ് ചാൻസലർ പ്രൊഫ. ഡോ. എ. ബിജുകുമാർ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. നീല സമ്പദ്‌വ്യവസ്ഥയെ സമൂഹകേന്ദ്രിതമായ വികസന സമീപനമായി പുനർവിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുറമുഖ നഗരങ്ങളുടെ സാമ്പത്തിക സാധ്യതകൾ പുനർനിർവചിക്കുന്നതിനൊപ്പം, സമുദ്രമേഖലയിലെ വികസനത്തിന്റെ പ്രയോജനം സമൂഹത്തിലേക്ക് നേരിട്ട് എത്തുന്ന തരത്തിലുള്ള ഇടപെടലുകൾക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
സമുദ്ര-അക്കാദമിക സ്ഥാപനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന വിജ്ഞാനകേന്ദ്രമായി കൊച്ചിയെ വികസിപ്പിക്കാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരത്തിലെ സമുദ്ര, ഗവേഷണ, അക്കാദമിക സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയമായ മാരിടൈം നോളജ് ക്ലസ്റ്റർ രൂപപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വിജ്ഞാനം, സമുദ്രസംരക്ഷണം, വിനോദസഞ്ചാരം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയെ ഏകോപിപ്പിക്കുന്ന ഒരു മാതൃകയായി ഓഷ്യനേറിയത്തെ വികസിപ്പിക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവച്ചു.
“From Policy to Practice: Powering Maritime Excellence” എന്ന അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ (IMO) 2026–27ലെ പ്രമേയവും “മിഷൻ സമുദ്ര – ഓരോ കേരളീയനും സമുദ്രത്തിൽ അവസരങ്ങളുടെ മഹാസമുദ്രം” എന്ന ആശയവും അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സമുദ്രമേഖല, അക്കാദമിക രംഗം, വ്യവസായം, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിന് ശേഷം “Maritime is My Future” എന്ന വിഷയത്തിൽ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ശാക്തീകരണം, കടൽജീവിതം, സമുദ്രമേഖലയിലെ തൊഴിൽ സാധ്യതകൾ, വ്യവസായ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. CUSAT, മാരിടൈം റിസർച്ച് സെന്റർ, കൊച്ചിൻ പോർട്ട് അതോറിറ്റി, ഷിപ്പിംഗ് വ്യവസായം, മാരിടൈം നിയമരംഗം എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ സെഷനിൽ പങ്കെടുത്തു.
കേരളത്തിന്റെ സമുദ്ര പൈതൃകവും മുസിരിസ് പൈതൃകവും, കൂടാതെ “Blue Economy, Oceanarium and Holistic Tourism” എന്നീ വിഷയങ്ങളിലും വിദഗ്ധ സെഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ സമുദ്ര പൈതൃകം, സമുദ്ര വിജ്ഞാനം, സുസ്ഥിര വിനോദസഞ്ചാരം, സംസ്ഥാനതല ഓഷ്യനേറിയത്തിന്റെ സാധ്യതകൾ എന്നിവ സെഷനുകളിൽ ചർച്ച ചെയ്യും.
കേരളത്തിന്റെ സമുദ്രചരിത്രം, തുറമുഖ പൈതൃകം, സമുദ്രപഠനം, സമുദ്രസുരക്ഷ, തുറമുഖ സമ്പദ്‌വ്യവസ്ഥ, സമുദ്രമേഖലയിലെ തൊഴിൽ സാധ്യതകൾ എന്നിവ പരിചയപ്പെടുത്തുന്ന മാരിടൈം എക്സിബിഷനും ഹെറിറ്റേജ് മ്യൂസിയം ഏരിയയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കേരള മാരിടൈം ബോർഡ്, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL), മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് SEZ ലിമിറ്റഡ് എന്നിവയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. “Blue Economy, Oceanarium and Holistic Tourism” സെഷൻ KUFOS ആണ് സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ സമുദ്ര പൈതൃകത്തെ ഭാവിയിലെ അവസരങ്ങളുമായി ബന്ധിപ്പിക്കുകയും നീല സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിൽ കേരളത്തിന്റെ സാധ്യതകൾ ഉയർത്തിക്കാട്ടുകയും ചെയ്യുകയാണ് ലോക സമുദ്ര ദിനാചരണത്തിന്റെ ലക്ഷ്യം.
Photo Courtesy - Google







