03:10pm 11 November 2026
NEWS
ലോക ദേശാടന പക്ഷിദിനം: ഖത്തറിൽ ബോധവത്കരണ പ്രവർത്തനങ്ങളോടെ ആഘോഷം
13/10/2025  06:59 PM IST
nila
ലോക ദേശാടന പക്ഷിദിനം: ഖത്തറിൽ ബോധവത്കരണ പ്രവർത്തനങ്ങളോടെ ആഘോഷം

ദോഹ: പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വർഷംതോറും ഒക്ടോബർ 12-ന് ആചരിക്കുന്ന ലോക ദേശാടന പക്ഷിദിനം (World Migratory Bird Day) വിവിധ ബോധവത്കരണ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു. ദ പേൾ പ്രദേശത്തെ ഗെവാൻ ദ്വീപിലാണ് ഈ വർഷത്തെ മുഖ്യ പരിപാടികൾ സംഘടിപ്പിച്ചത്.
സന്ദർശകരും കുടുംബങ്ങളുമുള്‍പ്പെടെ പരിസ്ഥിതി പ്രേമികൾ പങ്കെടുത്ത ചടങ്ങ് കുടിയേറ്റ പക്ഷികളുടെ പരിസ്ഥിതി പ്രാധാന്യവും ജൈവവൈവിധ്യ സംരക്ഷണത്തിലുളള അവരുടെ പങ്കും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പ്രകൃതിയുടെ ആരോഗ്യം വിലയിരുത്താനുള്ള പ്രധാന സൂചികകളായി പക്ഷികൾ പ്രവർത്തിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.
പരിസ്ഥിതി പ്രവർത്തകൻ ഹമദ് അൽ ഖലീഫിയുടെ നേതൃത്വത്തിൽ ഖത്തറിലെ പരിസരങ്ങളിൽ കാണപ്പെടുന്ന കുടിയേറ്റ പക്ഷികളുടെ തത്സമയ പ്രദർശനവും, അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ കലാ പ്രദർശനവും സംഘടിപ്പിച്ചു.
വന്യജീവി സംരക്ഷണത്തിനും പക്ഷികളുടെ ആവാസവ്യവസ്ഥ പരിരക്ഷിക്കുന്നതിനുമായി മന്ത്രാലയം നടപ്പാക്കുന്ന നിരവധി പദ്ധതികളിലൊന്നാണ് ഈ ആഘോഷം. ഖത്തറിലുടനീളം 300-ലേറെ പക്ഷിവർഗങ്ങൾ കാണപ്പെടുന്നതായും, നിരവധി കുടിയേറ്റ പക്ഷികൾക്ക് ഖത്തർ പ്രധാന വഴിത്താരയാണെന്നും 
മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ്, കമ്മ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ ഡോ. ഫർഹൂദ് ഹാദി അൽ ഹജ്റി പറഞ്ഞു. ദേശാടന പക്ഷികൾ വിത്ത് പരത്തലിലും പ്രകൃതിദത്ത കീടനിയന്ത്രണത്തിലും മുഖ്യപങ്ക് വഹിക്കുന്നുവെന്നും ഇവ പരിസ്ഥിതിയുടെ ആരോഗ്യത്തിന്റെ പ്രധാന സൂചികകളിലൊന്നാണെന്നും. ഹൂബാര ബസ്റ്റാർഡ്, ഓസ്‌പ്രേ, ഗ്രേറ്റർ ഫ്ലാമിംഗോ, കർള്യൂ, സ്വാലോ തുടങ്ങിയ 13-ലേറെ കുടിയേറ്റ പക്ഷിവർഗങ്ങൾ ഖത്തറിലൂടെ യാത്ര ചെയ്യുന്നതായി വന്യജീവി വികസന വിഭാഗം ഡയറക്ടർ ഖാലിദ് ജുമ അൽ മുഹന്നദി പറഞ്ഞു.
 പ്രാദേശികവും അന്തർദേശീയവുമായ പരിസ്ഥിതി ദിനാഘോഷങ്ങളിൽ മന്ത്രാലയം സജീവമായി പങ്കെടുക്കുന്നുവെന്നും ഇത്തരം പരിപാടികൾ പൊതുജനങ്ങളിൽ പരിസ്ഥിതി ബോധം വളർത്താൻ സഹായകമാണെന്നും. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിദ്യാഭ്യാസപരമായ ഇന്ററാക്ടീവ് പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചുവെന്ന്
മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് അസിസ്റ്റന്റ് ഡയറക്ടർ മരിയം അൽ കാബി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img