
പാരീസ്: യൂറോപ്പും ഗൾഫ് രാജ്യങ്ങളും ഉൾപ്പെടെയുള്ള ആഗോള വിപണികൾ തമ്മിലുള്ള സാമ്പത്തിക-നിക്ഷേപ പങ്കാളിത്തത്തിന് പുതിയ വാതായനങ്ങൾ തുറന്ന് 2026-ലെ ലോക നിക്ഷേപ ഉച്ചകോടിക്ക് (World Investment Summit) പാരീസിൽ പ്രൗഢഗംഭീരമായ തുടക്കം.ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലേക്ക് 28.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ നിക്ഷേപം ഉച്ചകോടിയിലൂടെ പ്രതീക്ഷിക്കുന്നു. ആദ്യ വർഷം തന്നെ 15 സംയുക്ത പദ്ധതികളും 8 തന്ത്രപ്രധാന പങ്കാളിത്തങ്ങളും യാഥാർത്ഥ്യമാക്കും. ലോകമെമ്പാടുമുള്ള രണ്ടായിരത്തിലധികം വ്യവസായ പ്രമുഖർ, പ്രമുഖ നിക്ഷേപകർ, നയരൂപീകരണ വിദഗ്ധർ എന്നിവർ പങ്കാളികളാകുന്ന രണ്ടുദിവസത്തെ ഉച്ചകോടി 'ബി ആന്റ് എസ് ഇൻവെസ്റ്റ്മെന്റ്സ്' (B&S Investments) ആണ് സംഘടിപ്പിക്കുന്നത്.80-ലധികം പ്രമുഖ വക്താക്കൾ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. മുൻനിര സാമ്പത്തിക കേന്ദ്രമായ പാരീസിൽ തുടക്കമിട്ട ഉച്ചകോടിയുടെ അടുത്ത ഘട്ടങ്ങൾ ലോകത്തിലെ അഞ്ച് പ്രധാന സാമ്പത്തിക തലസ്ഥാനങ്ങളിൽ നടക്കും. 2030-ൽ റിയാദിലാണ് ഉച്ചകോടി സമാപിക്കുക.ആകെ നിക്ഷേപങ്ങളുടെ 25 ശതമാനം ആധുനിക സാങ്കേതികവിദ്യകളിൽ കേന്ദ്രീകരിക്കും. പ്രൊജക്റ്റുകളുടെ 55 ശതമാനത്തിലും 'ESG' (പരിസ്ഥിതി, സാമൂഹിതം, സുഭരണം) സുസ്ഥിരതാ മാനദണ്ഡങ്ങൾ ഉറപ്പാക്കും.കൃത്രിമബുദ്ധി, ഊർജ്ജ മേഖല, ടൂറിസം, റിയൽ എസ്റ്റേറ്റ്, ഹെൽത്ത് & ബയോടെക്നോളജി, ഹരിത ഊർജ്ജം തുടങ്ങി ഭാവി സാധ്യതയുള്ള നിരവധി വിഷയങ്ങളിൽ ഉച്ചകോടിയിൽ ചർച്ചകൾ നടക്കും. കേവലം ചർച്ചകൾക്കപ്പുറം വ്യക്തമായ പദ്ധതികളിലേക്കും പങ്കാളിത്തങ്ങളിലേക്കും നിക്ഷേപങ്ങളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകരായ ബി ആന്റ് എസ് ഇൻവെസ്റ്റ്മെന്റ്സ് ചെയർമാൻ പ്രൊഫസർ ബദർ അൽ-നാഫി വ്യക്തമാക്കി. വരും ദിവസങ്ങളിൽ സുപ്രധാന കരാറുകളും പുതിയ സാമ്പത്തിക സംരംഭങ്ങളും ഉച്ചകോടിയിൽ പ്രഖ്യാപിക്കും











