
ദോഹ: ലോക പൈതൃക ദിനത്തോടനുബന്ധിച്ച് ഖത്തറിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും നാടോടി കലകളും വിളിച്ചോതുന്ന വൈവിധ്യമാർന്ന ആഘോഷങ്ങൾ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ചു. ഖത്തരി പൈതൃകം വരുംതലമുറകൾക്കായി സംരക്ഷിക്കാനും ദേശീയ സ്വത്വം ശക്തിപ്പെടുത്താനുമുള്ള ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ പരിപാടികൾ അരങ്ങേറിയത്.
സാംസ്‌കാരിക മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഗാനിം ബിൻ മുബാറക് അൽ അലി, വിവിധ വകുപ്പ് മേധാവികൾ, പൈതൃക വിദഗ്ധർ, സാംസ്‌കാരിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പൈതൃകം എന്നത് കേവലം കരകൗശല വസ്തുക്കളിലോ ചരിത്രപരമായ കെട്ടിടങ്ങളിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും അത് ഖത്തരി സമൂഹത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതരീതിയാണെന്നും പൈതൃക-സ്വത്വ വകുപ്പ് ഡയറക്ടർ ശൈഖ നജ്‌ല ബിന്ത് ഫൈസൽ അൽ താനി പറഞ്ഞു.
"നമ്മുടെ പൈതൃകം സംരക്ഷിക്കുന്നത് ഭൂതകാലത്തെ കാത്തുസൂക്ഷിക്കൽ മാത്രമല്ല, മറിച്ച് ഭാവി തലമുറയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ സാമൂഹിക വികസനത്തിനുമുള്ള പ്രധാന തൂണുകൂടിയാണ്," - ശൈഖ നജ്‌ല വ്യക്തമാക്കി.
യുനെസ്‌കോ (UNESCO), അലെക്‌സോ (ALECSO) തുടങ്ങിയ ആഗോള സംഘടനകളുമായി സഹകരിച്ച് ഖത്തറിന്റെ പൈതൃകം ലോകവേദികളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.ഇത്തവണത്തെ ആഘോഷങ്ങൾ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് മാത്രമായി ഒതുങ്ങാതെ, സാധാരണക്കാരിലേക്ക് എത്തിക്കാൻ പ്രമുഖ ഷോപ്പിംഗ് മാളുകളിലും പരിപാടികൾ സംഘടിപ്പിച്ചു. ഖത്തരി നാടോടിക്കഥകളെ ആനിമേഷൻ, നാടകം തുടങ്ങിയ നവീന മാധ്യമങ്ങളിലൂടെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സിമ്പോസിയത്തിൽ ചർച്ചയായി.
അമീരി ദിവാന്റെ നിർമ്മാണ ചരിത്രവും ഖത്തർ നാഷണൽ മ്യൂസിയത്തിന്റെ പരിവർത്തനവും ചടങ്ങിൽ പ്രത്യേകമായി പരാമർശിക്കപ്പെട്ടു. ചരിത്രപരമായ ഫോട്ടോഗ്രാഫുകളും രേഖകളും ഉൾപ്പെടുത്തി മന്ത്രാലയ ആസ്ഥാനത്ത് ഒരുക്കിയ പ്രദർശനം സന്ദർശകർക്ക് ഖത്തറിന്റെ സാംസ്‌കാരിക യാത്രയെക്കുറിച്ച് വലിയ ധാരണ നൽകുന്നതായിരുന്നു.










