11:05am 24 June 2026
NEWS
ലോക കേൾവി ദിനം 2026 - മാർച്ച്‌ 3
04/03/2026  11:56 AM IST
Health Desk
ലോക കേൾവി ദിനം 2026 - മാർച്ച്‌ 3

 ലോക കേൾവി ദിനം വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികളോടെ ഇത്തവണയും മാർച്ച് മൂന്നിന് ആചരിക്കുകയാണ്. കേൾവിക്കുറവ്, കേൾവി മെച്ചപ്പെടുത്തൽ, കേൾവി പരിരക്ഷണം എന്നിവയെപ്പറ്റിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളാണ് ഇതിൻ്റെ ഭാഗമായി ആഗോള തലത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പരിപാടികൾ എല്ലാവർഷത്തേയും പോലെ ഇക്കുറിയും ഒരു പ്രമേയം അടിസ്ഥാനപ്പെടുത്തിയാണ് നടത്തുന്നത്.  ''കുട്ടികളിലെ കേൾവി സംരക്ഷണം സമൂഹത്തിൽ നിന്ന് ക്ലാസ് മുറികളിലേക്ക് " എന്നതാണ് ഇത്തവണത്തെ ദിനാചരണത്തിൻ്റെ പ്രമേയം.

അഞ്ചു വയസ്സിനും 19 വയസ്സിനും ഇടയിലുള്ള ഏകദേശം 90 ദശലക്ഷം കുട്ടികൾ കേൾവി പരിമിതി നേരിടുന്നവരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതിൽ 60 ശതമാനത്തിലേറെപ്പേരുടേയും , അതായത് 54 ദശലക്ഷത്തിലേറെപ്പേരുടെയും കേൾവി പ്രശ്നം വലിയ ചെലവില്ലാതെ തന്നെ പൊതുജനാരോഗ്യ പ്രവർത്തനങ്ങളിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഇത് മുൻകൂട്ടി കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. സ്കൂളുകളുമായും ശിശു ആരോഗ്യ കേന്ദ്രങ്ങളുമായും ബന്ധപ്പെട്ട് ഇത് ഫലപ്രദമായി നിർവഹിക്കാൻ കഴിയും. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വരുന്ന സ്വാഭാവിക ഇടങ്ങൾ എന്ന നിലയിൽ ഇവയെല്ലാം കോർത്തിണക്കിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഫലം ചെയ്യുമെന്നും കരുതപ്പെടുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രമേയം ഈ വർഷത്തെ കേൾവി ദിനത്തിന് സ്വീകരിച്ചിട്ടുള്ളത്.

ജന്മ വൈകല്യത്താലോ ശൈശവ ബാല്യ കൗമാര യൗവന ഘട്ടങ്ങളിലെ രോഗാവസ്ഥകളാലോ അപകടങ്ങളിൽ പെട്ട് മനുഷ്യന് കേൾവിശേഷി നഷ്ടപ്പെടാം. ആധുനിക വൈദ്യശാസ്ത്രം അത്ഭുതാവഹമായ പുരോഗതി കൈവരിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള കേൾവിശേഷി നഷ്ടവും ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയും. ഇവിടെ സൂചിപ്പിച്ചതിനു പുറമേ എസ് എസ് എൻ എച്ച് എൽ എന്ന് വൈദ്യശാസ്ത്രത്തിൽ പറയുന്ന പെട്ടെന്നുണ്ടാകുന്ന കേൾവി നഷ്ടം സെൻസറി ന്യൂറൽ ഹിയറിംഗ് ഫലപ്രദമായി പരിഹരിക്കാൻ സാധിക്കും. പെട്ടെന്ന് ഉണ്ടാകുന്ന ചെവിയടപ്പുമായി ബന്ധപ്പെട്ടതാണ് ഈ രോഗാവസ്ഥ. ഉദാഹരണത്തിന് രാവിലെ നമ്മൾ ഉറക്കം ഉണരുന്ന സമയത്ത് ഒരു വശത്തെ ചെവി അടഞ്ഞിരിക്കുന്നതായി തോന്നുക പിന്നെ പെട്ടെന്ന് ചെവിയിൽ ഒരു മൂളൽ അനുഭവപ്പെടുക ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ചെവിയിലെ മെഴുക്ക് അല്ലെങ്കിൽ ഇയർ വാക്സ് കൊണ്ട് ചെവിയടഞ്ഞതാകാം എന്നാവും നാം കരുതുക. ഈ അവസ്ഥ തനിയെ മാറും എന്ന് പ്രതീക്ഷിക്കുകയും ചെയ്യും. എന്നാൽ ഇതങ്ങനെ തുടരുകയാണെങ്കിൽ അതായത് ഈ അവസ്ഥ മാറാതെ നിൽക്കുകയാണെങ്കിൽ നിങ്ങൾ വൈദ്യ പരിശോധനയ്ക്ക് വിധേയമാകണം . ചെവി പരിശോധിക്കുന്ന ആദ്യഘട്ടത്തിൽ പ്രത്യേകിച്ച് ഒന്നും കാണുന്നില്ല എങ്കിൽ നിങ്ങളെ ഓഡിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കും ഓഡിയോഗ്രാം പരിശോധനയിലൂടെ ചെവിയിലെ നാഡികളുടെ തകരാർ മൂലമുള്ള കേൾവി നിർണയിക്കാൻ സാധിക്കും പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളിലോ, പ്രമേഹ രോഗികളിലോ, ഗർഭിണികളിലോ, ശബ്ദമലിനീകരണം നേരിടേണ്ടി വരുന്നവരിലോ, അടുത്തിടെ അണുബാധ ഉണ്ടായവരിലോ, തൈറോയിഡ് രോഗികളിലോ, പ്രത്യേകതരം മരുന്നുകൾ ഉപയോഗിക്കുന്നവരിലോ ഒക്കെയാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഈ അവസ്ഥ ഉണ്ടായാൽ നിങ്ങൾ പെട്ടെന്ന് ചികിത്സ തേടേണ്ടത് ഓഡിയോമെട്രി സൗകര്യമുള്ള ഒരു ആശുപത്രിയിലാണ്.


Dr. Ammu Sreeparvathi
Consultant Laryngology and ENT
SUT Hospital, Pattom

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.