10:34pm 06 November 2026
NEWS
ലോക ഭക്ഷ്യ സുരക്ഷാ ദിനം: ഭക്ഷണം ഇപ്പോഴും അകലെ, പട്ടിണിയും രോഗങ്ങളും വെല്ലുവിളി
07/06/2025  09:32 AM IST
സുരേഷ് വണ്ടന്നൂർ
ലോക ഭക്ഷ്യ സുരക്ഷാ ദിനം: ഭക്ഷണം ഇപ്പോഴും അകലെ, പട്ടിണിയും രോഗങ്ങളും വെല്ലുവിളി

ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുമ്പോൾ, സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യം ഇന്നും ഒരു വിദൂര സ്വപ്നമായി അവശേഷിക്കുന്നു. വെറുമൊരു ആഘോഷത്തിനപ്പുറം, വിശപ്പിനും ഭക്ഷ്യജന്യ രോഗങ്ങൾക്കുമെതിരായ പോരാട്ടത്തിന്റെ പ്രാധാന്യം ഈ ദിനം ഓർമ്മിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ 2018 മുതൽ ഐക്യരാഷ്ട്ര പൊതുസഭ ആചരിക്കുന്ന ഈ ദിനം ഭക്ഷ്യസുരക്ഷ, ക്ഷേമം, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കുന്നതിനാണ് ഊന്നൽ നൽകുന്നത്.

ആഗോള യാഥാർത്ഥ്യങ്ങൾ: വിശപ്പും രോഗങ്ങളും

ഗുണനിലവാരമുള്ള ഭക്ഷണം ജനങ്ങളുടെ അടിസ്ഥാന അവകാശമാണെങ്കിലും, ലോകത്ത് ഒരു വിഭാഗം വിശപ്പകറ്റാൻ പാടുപെടുമ്പോൾ മറുഭാഗത്ത് പുതിയ ഭക്ഷണരീതികളിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ വർദ്ധിച്ചുവരികയാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിനെ തുടർന്ന് ഓരോ വർഷവും ഏകദേശം 4,20,000 പേർ ആഗോളതലത്തിൽ മരണപ്പെടുന്നുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ബാക്ടീരിയ, വൈറസ്, പാരസൈറ്റ്, രാസപദാർത്ഥങ്ങൾ എന്നിവയാണ് സാധാരണയായി ഭക്ഷണത്തിലൂടെ പകരുന്ന രോഗാണുക്കൾ. അനാരോഗ്യകരമായ ഭക്ഷണം ആരോഗ്യം മാത്രമല്ല, ആരോഗ്യമേഖല, തൊഴിൽ മേഖല, സമ്പദ്ഘടന എന്നിവയെയും സാരമായി ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

കേരളത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 69,002 പരിശോധനകളാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയത്. പിഴ ഇനത്തിൽ 5.4 കോടി രൂപ ഈടാക്കുകയും 20,394 പുതിയ ലൈസൻസുകളും 2,12,436 പുതിയ രജിസ്‌ട്രേഷനുകളും നൽകുകയും ചെയ്തിട്ടുണ്ട്.

ശുചിത്വത്തിന്റെ പ്രാധാന്യം: അടുക്കള മുതൽ പാത്രം വരെ

ഭക്ഷണ സുരക്ഷ ഉറപ്പാക്കുന്നതിലും രോഗങ്ങളെ അകറ്റുന്നതിലും ശുചിത്വത്തിന് വലിയ പങ്കുണ്ട്. ഇതിന്റെ തുടക്കം ഓരോ വീട്ടിലെയും അടുക്കളകളിൽ നിന്നാണ്. ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതും പാത്രങ്ങൾ വൃത്തിയാക്കി വെക്കുന്നതും അത്യാവശ്യമാണ്. പുറത്തുനിന്ന് വാങ്ങുന്ന പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. പാക്കേജ്ഡ് ഭക്ഷണങ്ങളും തുറക്കുന്നതിന് മുമ്പായി കഴുകുന്നത് നല്ലതാണ്. പാകം ചെയ്യാത്ത മത്സ്യമാംസാഹാരങ്ങൾ പലപ്പോഴും രോഗാണുക്കളെ പരത്താൻ സാധ്യതയുണ്ട്.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാചകം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ ആഹാരപദാർത്ഥങ്ങളിലാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന രോഗാണുക്കൾ കൂടുതലായി കടന്നുകൂടുന്നത്. ഭക്ഷണത്തിൽ രാസവസ്തുക്കൾ കലരുന്നതും ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കും. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടണം. ഉപഭോക്താക്കൾ ആകർഷകമായ നിറത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾക്ക് പിന്നാലെ പോകുന്ന പ്രവണതയും പ്രശ്നമാണ്. നിറം ചേർക്കാത്തവ പഴകിയതാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. നിയമപരമായി 10 കിലോ മാവിൽ ഒരു ഗ്രാം കളർ ചേർക്കാമെങ്കിലും, ഉപഭോക്താക്കളുടെ ഈ താല്പര്യം പലപ്പോഴും അമിത നിറം ചേർക്കുന്നതിലേക്ക് നയിക്കുന്നു.

പോഷകാഹാരക്കുറവ്: ഇന്ത്യ നേരിടുന്ന ഗുരുതര വെല്ലുവിളി

പോഷകാഹാരക്കുറവ്, കുട്ടികളിലെ വളർച്ചാ മുരടിപ്പ്, ഭാരക്കുറവ്, ശിശുമരണ നിരക്ക് എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ആശങ്കാജനകമാണ്. 2011-ൽ 107-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2020-ൽ 94-ാം സ്ഥാനത്തേക്ക് മെച്ചപ്പെട്ടെങ്കിലും, പിന്നീട് സ്ഥിതി കൂടുതൽ വഷളായി. നിലവിൽ ഇന്ത്യ ഗൗരവതരമായ പട്ടിണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ്. 15നും 24നും ഇടയിൽ പ്രായമുള്ള 58.1 ശതമാനം പെൺകുട്ടികൾക്കും ശരിയായ പോഷണം ലഭിക്കുന്നില്ലെന്ന് സൂചിക വ്യക്തമാക്കുന്നു. ശിശുക്കളുടെ പോഷകാഹാരക്കുറവിൽ 18.7 ശതമാനത്തോടെ ഇന്ത്യ ലോകത്ത് ഏറ്റവും മുന്നിലാണ്. അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 3.1 ശതമാനമാണ്.

ലോകത്ത് പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 572 ദശലക്ഷത്തിൽ നിന്ന് 735 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. 18.7 ശതമാനം തൂക്കക്കുറവുള്ള കുട്ടികളാണ് ഇന്ത്യയിലുള്ളത്. ഇതോടെ ലോകത്തെ ഏറ്റവും തൂക്കക്കുറവുള്ള കുട്ടികളുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. അഫ്ഗാനിസ്ഥാൻ മാത്രമാണ് ദക്ഷിണേന്ത്യയിൽ ഇന്ത്യയ്ക്ക് പിന്നിലുള്ളത്. 2022-ൽ കുട്ടികളുടെ ഭാരക്കുറവിൽ ലോകത്ത് മുന്നിലുണ്ടായിരുന്നത് ഇന്ത്യയായിരുന്നു (19.3 ശതമാനം). 2014-ന് ശേഷമാണ് ഇന്ത്യയുടെ വിശപ്പ് സൂചികയിൽ വലിയ വർദ്ധനവ് പ്രകടമായത്. 2018-2020 കാലയളവിൽ 14.6 ശതമാനമായിരുന്ന സൂചിക 2019-2021-ൽ 16.3 ശതമാനമായി ഉയർന്നു. 2014-ൽ 19.1 ശതമാനമായിരുന്ന വിശപ്പ് സൂചികയിൽ വർഷങ്ങൾ പിന്നിടുമ്പോൾ വലിയ വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്നത് ആശങ്കാജനകമാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പകുതിയിലധികം പേർക്കും മികച്ച ഭക്ഷണം ലഭിക്കുന്നില്ലെന്നും സൂചിക വ്യക്തമാക്കുന്നു.

ഭക്ഷ്യവിഷബാധ പോലുള്ള സംഭവങ്ങൾ വർദ്ധിക്കുമ്പോൾ, ഭക്ഷ്യവകുപ്പ് കൂടുതൽ ജാഗരൂകമാകുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. സുസ്ഥിരമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img