11:53am 13 November 2026
NEWS
ലോക ഭക്ഷ്യസുരക്ഷാ ദിനം: വിപുലമായ ബോധവൽക്കരണ പരിപാടികളുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം
07/06/2026  10:42 AM IST
NILA
ലോക ഭക്ഷ്യസുരക്ഷാ ദിനം: വിപുലമായ ബോധവൽക്കരണ പരിപാടികളുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

 


ദോഹ: "ഭാരങ്ങളിൽ നിന്ന് പരിഹാരങ്ങളിലേക്ക് - സുരക്ഷിത ഭക്ഷണം എവിടെയും" (From burden to solutions - safe food everywhere) എന്ന പ്രമേയത്തിൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ഇന്ന് (ജൂൺ 7, ഞായറാഴ്ച) ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിക്കുന്നു.
​ഖത്തറിലെ ഭക്ഷ്യസുരക്ഷാ സംവിധാനം കൂടുതൽ വിപുലപ്പെടുത്തുന്നതിനും പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളികളുമായും പൊതുസമൂഹവുമായും സഹകരിച്ച് എല്ലാവർക്കും സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ആചരണം.
​ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷയുടെയും ശുചിത്വത്തിന്റെയും അടിസ്ഥാന വശങ്ങളെക്കുറിച്ചും മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നതിനായി വിപുലമായ പ്രചാരണ പരിപാടികൾക്ക് മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം സമൂഹത്തിൽ ഭക്ഷ്യസുരക്ഷാ സംസ്കാരം വളർത്തിയെടുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
​ഭക്ഷണം വഴിയുണ്ടാകുന്ന രോഗങ്ങൾ ഉയർത്തുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ചും, ഇവ തടയുന്നതിൽ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളുടെ പങ്കിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി പ്രത്യേക പരിപാടികൾ മന്ത്രാലയം സംഘടിപ്പിക്കുന്നുണ്ട്. ചടങ്ങിന്റെ ഭാഗമായി, മന്ത്രാലയത്തിന്റെ 'ഫുഡ് എസ്റ്റാബ്ലിഷ്‌മെന്റ് ക്ലാസിഫിക്കേഷൻ പ്രോഗ്രാമിന്' കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഭക്ഷ്യസ്ഥാപനങ്ങളെ ആദരിക്കും. സുരക്ഷിതത്വ മാനദണ്ഡങ്ങൾ സ്വമേധയാ പാലിച്ച് മാതൃകയായ സ്ഥാപനങ്ങൾക്കുള്ള ഈ അംഗീകാരം, മറ്റ് സ്ഥാപനങ്ങൾക്കും മികച്ച ശീലങ്ങൾ പിന്തുടരാൻ പ്രചോദനമാകും.
​ഇതോടനുബന്ധിച്ച് ഫുഡ് ഹാൻഡ്‌ലർമാർക്കായി (ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നവർ) വെർച്വൽ പരിശീലന ശില്പശാലകളും, ആരോഗ്യ മേഖലയിലെ ജീവനക്കാർക്കായി പ്രത്യേക വർക്ക്‌ഷോപ്പും മന്ത്രാലയം സംഘടിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധ കേസുകളിൽ ഫലപ്രദമായി ഇടപെടുന്നതിനും അന്വേഷണം നടത്തുന്നതിനും ആരോഗ്യപ്രവർത്തകരുടെ പങ്ക് വ്യക്തമാക്കുന്നതിനാണ് ഈ സെഷനുകൾ.
​ലോക ഭക്ഷ്യസുരക്ഷാ ദിനാചരണത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ആസ്ഥാന മന്ദിരം ഇന്ന് രാത്രി ഓറഞ്ച് വെളിച്ചത്തിൽ പ്രകാശിക്കും.
​ലോകമെമ്പാടും പ്രതിവർഷം 600 ദശലക്ഷത്തോളം ആളുകൾ മലിനമായ ആഹാരം കഴിച്ച് രോഗബാധിതരാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ, ഖത്തറിനുള്ളിൽ പ്രായോഗികവും സുസ്ഥിരവുമായ ഭക്ഷ്യസുരക്ഷാ പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് ശക്തമായ നിരീക്ഷണവും പരിശോധനകളും റിസ്ക് അസസ്‌മെന്റും തുടർന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img