
ലോകമെമ്പാടും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ നേടിയ സിൻസിനാറ്റി മൃഗശാലയിലെ ഹിപ്പോപൊട്ടാമസ് ഫിയോണയ്ക്ക് ദാരുണാന്ത്യം. അബദ്ധത്തിൽ കമ്പിളിത്തൊപ്പി വിഴുങ്ങിയതിനെത്തുടർന്ന് ആരോഗ്യനില മോശമായ ഒൻപത് വയസ്സുകാരിയായ ഫിയോണയെ രക്ഷിക്കാൻ മൃഗഡോക്ടർമാർ നടത്തിയ ഒന്നിലധികം ശ്രമങ്ങൾ പരാജയപ്പെട്ടു. വ്യാഴാഴ്ചയാണ് ഫിയോണയുടെ മരണവിവരം സിൻസിനാറ്റി മൃഗശാല ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ ആഴ്ച ഫിയോണയുടെ ആവാസകേന്ദ്രത്തിലേക്ക് അബദ്ധത്തിൽ എത്തിയ ഒരു നെയ്ത തൊപ്പി അവൾ വിഴുങ്ങുകയായിരുന്നു. പിന്നാലെ ഭക്ഷണം കഴിക്കുന്നതിൽ താൽപര്യം കുറഞ്ഞതോടെ മൃഗശാലയിലെ വെറ്ററിനറി സംഘം ചികിത്സ ആരംഭിച്ചു. തൊപ്പി ദഹനവ്യവസ്ഥയിലൂടെ പുറത്തെടുക്കാൻ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആവശ്യമായ ചികിത്സയും പരിചരണവും നൽകിയിട്ടും അവളുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് മൃഗശാല സമൂഹമാധ്യമ കുറിപ്പിൽ അറിയിച്ചു.
ഫിയോണയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആരാധകർ പ്രാർഥനകളും പിന്തുണയും പങ്കുവച്ചു. ‘ഒരു ഹിപ്പോ തൊപ്പി മലത്തിലൂടെ പുറത്തേക്കിടാൻ വേണ്ടി ഇത്രയധികം പ്രാർഥിച്ചിട്ടില്ല’ എന്നായിരുന്നു ഒരാളുടെ പ്രതികരണം.
കുട്ടി വായുവിലേക്ക് എറിഞ്ഞ തൊപ്പി സീലിങ് ഫാനിൽ തട്ടി ഫിയോണയുടെ ആവാസകേന്ദ്രത്തിലേക്ക് വീണതാണെന്നാണ് മൃഗശാലയുടെ വിശദീകരണം. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ ചിലർ സമൂഹമാധ്യമങ്ങളിൽ വിമർശനവും ഉയർത്തി.
ഫിയോണയുടെ ദഹനപ്രക്രിയ സുഗമമാക്കാനും തൊപ്പി പുറത്തേക്ക് നീങ്ങാൻ സഹായിക്കാനുമായി സമീപത്തെ കുതിര ഫാമിൽനിന്ന് 'വൈബ്രേഷൻ പ്ലേറ്റ്' എന്ന ഉപകരണം എത്തിച്ച് ഉപയോഗിച്ചതായി മൃഗശാല അറിയിച്ചു. ദഹനനാളത്തിലെ ചലനം വർധിപ്പിക്കാൻ സഹായിക്കുന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. കൂടാതെ കാപ്പിയുടെ ഗന്ധവും ഫിയോണയ്ക്ക് നൽകി. അതിനോട് താൽപര്യം പ്രകടിപ്പിച്ച് അവൾ ശബ്ദമുണ്ടാക്കുകയും ചെവികൾ ചലിപ്പിക്കുകയും ചെയ്തിരുന്നു.
മൃഗശാലയിലെ മൃഗാരോഗ്യ വിഭാഗം ഡയറക്ടർ മൈക്ക് വെനിംഗർ പറയുന്നതനുസരിച്ച്, ഫിയോണയ്ക്ക് 24 മണിക്കൂറും നിരീക്ഷണവും ചികിത്സയും നൽകിയിരുന്നു. എനിമ, വേദനസംഹാരികൾ, ഛർദി തടയാനുള്ള മരുന്നുകൾ എന്നിവയും ചികിത്സയുടെ ഭാഗമായി ഉപയോഗിച്ചു.
പൂർണ വളർച്ചയെത്തിയ ഹിപ്പോ ആയതിനാൽ ശസ്ത്രക്രിയ അനുയോജ്യമായ മാർഗമല്ലെന്ന് ഡോക്ടർമാർ വിലയിരുത്തി. മയക്കിയ ശേഷം മലദ്വാരത്തിലൂടെ ഒൻപത് അടി നീളമുള്ള എൻഡോസ്കോപ്പ് കടത്തി തൊപ്പി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.
2017 ജനുവരിയിലാണ് ഫിയോണ ജനിച്ചത്. സിൻസിനാറ്റി മൃഗശാലയിലും ബൊട്ടാണിക്കൽ ഗാർഡനിലും 75 വർഷത്തിനിടെ ജനിച്ച ആദ്യ നൈൽ ഹിപ്പോ എന്ന പ്രത്യേകതയും അവൾക്കുണ്ടായിരുന്നു. മാസം തികയാതെയായിരുന്നു ജനനം. തുടക്കത്തിൽ എഴുന്നേറ്റുനിൽക്കാനോ അമ്മ ബിബിയിൽനിന്ന് പാൽ കുടിക്കാനോ കഴിയാതിരുന്ന ഫിയോണ പിന്നീട് അത്ഭുതകരമായി ആരോഗ്യം വീണ്ടെടുത്തു.
2022ൽ ജനിച്ച ഇളയ സഹോദരൻ ഫ്രിറ്റ്സിനൊപ്പം ഫിയോണയും ലോകമെമ്പാടുമുള്ള ആളുകളുടെ പ്രിയങ്കരിയായി മാറി. തണ്ണിമത്തൻ കഴിക്കുന്നതും വെള്ളത്തിൽ നീന്തുന്നതും ടാങ്കിലെ തിലാപ്പിയ മത്സ്യങ്ങൾക്കിടയിലൂടെ നീങ്ങുന്നതും മരക്കൊമ്പുകളിലെ ഇലകൾ തിന്നുന്നതുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
1875ൽ പ്രവർത്തനം ആരംഭിച്ച സിൻസിനാറ്റി മൃഗശാല അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലകളിൽ രണ്ടാമത്തേതാണ്.










