
പ്രകൃതി ഇല്ലാതെ മനുഷ്യജീവിതം നിലനിൽക്കില്ല. പ്രകൃതി ദൈവത്തിന്റെ മഹത്തായ വരദാനമാണ്.
നമ്മുടെ ശ്വാസവായുവും, കുടിവെള്ളവും, ഭക്ഷണവും എല്ലാം പ്രകൃതിയുടെ കരുണയാണ്. മരങ്ങൾ, മലകൾ, വനങ്ങൾ, നദികൾ, തണ്ണീർതടങ്ങൾ എന്നിവയെല്ലാം ജീവന്റെ അടിത്തറയാണ്.
നാം ജീവിക്കുന്ന ഈ ഭൂമി ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ നേരിടുകയാണ്. അനാസ്ഥയും
ദുരഭിമാനവും സ്വാർത്ഥതയും കൊണ്ട് മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നിർബാതം തുടരുന്നു. വനങ്ങൾ ഇല്ലാതാകുന്നു, നദികൾ മലിനമാകുന്നു, വായു വിഷമയമാകുന്നു, മലകൾ നിരത്തപ്പെടുന്നു, തണ്ണീർത്തടങ്ങൾ നികത്തപ്പെടുന്നു. ഇതിന്റെ ഫലമായി കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും വർധിക്കുന്നു. മഴ പെയ്‌താൽ വെള്ളപ്പൊക്കവും, പെയ്തില്ലെങ്കിൽ വരൾച്ചയും തുടർക്കഥയാകുന്നു. ഹരിതാഭമായിരുന്ന നമ്മുടെ നാട് മാലിന്യക്കൂമ്പാരമായിരിക്കുന്നു.
നാലിന കർമ്മപദ്ധതികൾ:
1. മരങ്ങൾ നട്ടുപിടിപ്പിക്കുക – ഓരോ മരവും ഭാവി തലമുറയ്ക്ക് ജീവന്റെ ഉറവിടമാണ്.
2. ജലം സംരക്ഷിക്കുക – ഓരോ തുള്ളിയും വിലപ്പെട്ടതാണ്, മലിനമാകാതെ സൂക്ഷിക്കണം.
3. പ്ലാസ്റ്റിക് ഒഴിവാക്കുക – ഭൂമിയെ വിഷമാക്കുന്ന വലിയ ശത്രുവാണ് പ്ലാസ്റ്റിക്.
4. പുനരുപയോഗം പ്രോത്സാഹിപ്പിക്കുക – മാലിന്യത്തെ വിഭവമാക്കുക.
ലോക പരിസ്ഥിതി ദിനം ഒരു ആഘോഷമോ ആചരണമോ മാത്രമല്ല, അത് ഒരു പ്രതിജ്ഞയാണ്:
“ഞാൻ പ്രകൃതിയെ സംരക്ഷിക്കും, ഭൂമിയെ സ്നേഹിക്കും, ഭാവി തലമുറയ്ക്ക് ഹരിതാഭമായ ലോകം സമ്മാനിക്കും.” പ്രകൃതിയെ സംരക്ഷിക്കുന്ന കരുതലുള്ള വികസനം പ്രോത്സാഹിപ്പിക്കാം. ബോധവൽക്കരണത്തിന്റെ കുറവല്ല, നടപ്പിലാക്കുന്നതിലെ അനാസ്ഥയാണ് പ്രശ്നം. പ്രകൃതി സംരക്ഷണം ഒരു ദിവസത്തെ മാത്രം പരിപാടിയാകാതെ, എല്ലാവരുടെയും ജീവിതശൈലിയാകട്ടെ!
ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
Photo Courtesy - Google







