പ്രമേഹ രോഗികളുടെ സാമൂഹ്യ ക്ഷേമം

140 രാജ്യങ്ങളിലെ 230 പ്രമേഹരോഗ സംഘടനകള്‍ അംഗങ്ങളായ ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും നേതൃത്വം നല്‍കുന്ന പ്രമേഹരോഗ ദിനാചരണം 1991 നവംബര്‍ 14നാണ് ആരംഭിച്ചത്. ഓരോ വര്‍ഷവും പ്രതിപാദ്യ വിഷയം വ്യത്യസ്തമായിരിക്കും. ഈ വര്‍ഷത്തെ പ്രതിപാദ്യ വിഷയം 'പ്രമേഹവും ശാരീരിക സാമൂഹിക ക്ഷേമവും (Diabetes and wellbeing)' ആണ് (2024-2026). 2025 ലെ ഉപവിഷയമായിട്ട് പ്രമേഹരോഗികളുടെ ജോലി സ്ഥലത്തെ ക്ഷേമം ആണ് തിരഞ്ഞെടുത്തിട്ടുള്ളത്.
ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം ഏതാണ്ട് പത്ത് കോടിയാണ്. 10 ലക്ഷത്തോളം പ്രമേഹരോഗികള്‍ പ്രതിവര്‍ഷം മരണമടയുന്നു. ഐ സി എം ആര്‍ ന്റെ നേതൃത്വത്തില്‍ നടത്തിയ (2023) ഗവേഷണത്തില്‍ (ICMR - INDIAB) കേരളത്തില്‍ പ്രമേഹരോഗികള്‍ 23% വും പൂര്‍വ്വ പ്രമേഹരോഗികള്‍ (Pre Diabetes), 18% വും പ്രഷര്‍ രോഗികള്‍, 44% വും കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍, 50% വും ദുര്‍മേദസ്സുള്ളവര്‍, 47% വും (നഗരങ്ങളില്‍), മടിയന്മാര്‍ (വ്യായാമം ചെയ്യാത്തവര്‍) 71% വുമാണ്. ശരീര വ്യായാമം ചെയ്യാത്തവരുടെ റാങ്കിങ്ങില്‍ ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്താണ്. ദുര്‍മേദസ്സ് ഇന്ത്യയില്‍ കുട്ടികളിലും കൂടുതലായി വരുന്നുണ്ട്. 75% പ്രമേഹരോഗികളും അവികസിത, വികസ്വര (പ്രതിശീര്‍ഷ വരുമാനം കുറവുള്ള) രാജ്യങ്ങളിലാണ്. സാമ്പത്തിക ബാദ്ധ്യത മൂലമുള്ള ആരോഗ്യ സംവിധാനങ്ങളുടെ കുറവു കൊണ്ട് പല രാജ്യങ്ങളിലും പ്രമേഹ രോഗികള്‍ക്കും സമീകൃത ആഹാരമോ, മരുന്നുകളോ, ചികിത്സയോ കിട്ടുന്നില്ല. ഇന്ത്യയില്‍ 70% പ്രമേഹ രോഗികളും ജോലി ചെയ്യുന്നവരാണ്. 75% രോഗികള്‍ക്കും മാനസിക പിരിമുറുക്കം ഉണ്ടാകുന്നു. പലരുമ രോഗ സ്ഥിതിയെ ഉന്നത അധികാരികളില്‍ നിന്നും മറച്ചു വയ്ക്കുന്നു.
1978ല്‍ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ കസകിസ്ഥാനിലെ അല്‍മ-അറ്റയില്‍ വച്ച് നടന്ന സമ്മേളനത്തില്‍ 'ഹെല്‍ത്ത് ഫോര്‍ ഓള്‍ 2000' (Health for All 2000) എന്ന ഒരു പ്രമേയം പാസ്സാക്കി. അല്‍മ-അറ്റ ഡിക്ലറേഷന്‍ (Alma-Ata Declaration) എന്നാണ് ഇതിന്റെ പേര്. വിദ്യാഭ്യാസം, കിടപ്പിടം, ഭക്ഷണം എന്നത് പോലെ ആരോഗ്യവും (ശാരീരികവും മാനസികവും) ഒരു പൗരന്റെ മൗലികാവകാശമാണെന്നും ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും ആരോഗ്യ സംരക്ഷണവും ചികിത്സകളും കൊടുക്കണമെന്നുമായിരുന്നു ഈ പ്രഖ്യാപനത്തിന്റെ ഉള്ളടക്കം. പാവപ്പെട്ട രോഗികള്‍ക്കും അത്യാധുനിക ചികിത്സ കിട്ടുവാനും ആശുപത്രി സൗകര്യങ്ങള്‍ ലഭിക്കുവാനും ഉള്ള നിര്‍ദ്ദേശങ്ങളാണ് (ഇപ്പോഴും മുഴുവനായി നടപ്പിലാക്കുവാന്‍ സാധിക്കാത്ത) 'അല്‍മ-അറ്റ' പ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തിലുള്ളത്. എന്നാല്‍ കേരളത്തിലെ ഗവണ്‍മെന്റ് ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരോ, മരുന്നുകളോ, ലബോറട്ടറികളോ, നൂതന രോഗനിര്‍ണ്ണയ സജ്ജീകരണങ്ങളോ ഇല്ല. അത് മൂലം പാവപ്പെട്ടവര്‍ പോലും പ്രൈവറ്റ് ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ പൊതുജനങ്ങള്‍ക്ക് വിശ്വാസ്യമായി ആശ്രയിക്കുവാന്‍ സാധിക്കാവുന്ന രീതിയില്‍ വിപുലപ്പെടുത്തിയാല്‍, വികസിപ്പിച്ചാല്‍, മാത്രമെ അല്‍മ-അറ്റ പ്രഖ്യാപനം സാധൂകരിക്കുവാന്‍ സാദ്ധ്യതയുള്ളൂ. ആരോഗ്യത്തിന്റെ നിര്‍വചനം തന്നെ ശാരീരിക മാനസിക സാമൂഹിക ക്ഷേമം എന്നാണല്ലോ.
ജീവിതം മുഴുവന്‍ രോഗികളായിരിക്കുന്ന ഈ നിര്‍ഭാഗ്യര്‍ക്ക് ശാരീരിക ആരോഗ്യവും വൈകാരിക, സമചിത്തതയുള്ള ജീവിതാവസ്ഥയും ഉയര്‍ന്ന സാമൂഹ്യ ക്ഷേമനിവാരവും കൊടുക്കുവാന്‍ 2025 ലെ പ്രമേഹ രോഗ ദിനത്തില്‍ നമുക്കെല്ലാവര്‍ക്കും പ്രതിജ്ഞയെടുക്കാം.
Photo Courtesy - Google










