
ദോഹ: 2026 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾക്ക് കിക്കോഫ് കുറിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ അവസാനഘട്ട പടയൊരുക്കത്തിലേക്ക്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫൈനൽസിന് മുന്നോടിയായി ലബനൻ, സുഡാൻ ടീമുകൾക്കെതിരെ ഖത്തർ സൗഹൃദ മത്സരങ്ങൾ കളിക്കും.
അസ്‌പയർ അക്കാദമി ഗ്രൗണ്ടിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന പരിശീലന ക്യാമ്പിന്റെ ഭാഗമായാണ് ദോഹയിൽ വെച്ച് ഈ മത്സരങ്ങൾ നടക്കുക. മത്സരങ്ങളുടെ തീയതിയോ കാണികൾക്ക് പ്രവേശനമുണ്ടാകുമോ എന്ന കാര്യത്തിലോ ഖത്തർ ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.മെയ് 28ന് ഡബ്ലിനിലെ അവിവ സ്റ്റേഡിയത്തിൽ വെച്ച് അയർലൻഡിനെ നേരിടും. ലോകകപ്പിനുള്ള അന്തിമ ടീമിനെ തിരഞ്ഞെടുക്കുന്നതിൽ ഈ മത്സരം നിർണ്ണായകമാകും.ജൂൺ 6 ന് ലോസ് ഏഞ്ചൽസിലെ ബി.എം.ഒ സ്റ്റേഡിയത്തിൽ വെച്ച് എൽ സാൽവദോറുമായാണ് അവസാന സന്നാഹ മത്സരം.സ്പാനിഷ് പരിശീലകൻ ജൂലൻ ലോപ്പറ്റെഗി പ്രഖ്യാപിച്ച 34 അംഗ പ്രാഥമിക പട്ടികയിൽ പരിചയസമ്പന്നരായ താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണ്.42-ാം വയസ്സിലും കരുത്ത് ചോരാത്ത സ്‌ട്രൈക്കർ സെബാസ്റ്റ്യൻ സോറിയ, 35 വയസ്സുകാരനായ ക്യാപ്റ്റൻ ഹസൻ അൽ ഹൈദോസ് എന്നിവർ ടീമിൽ ഇടംപിടിച്ചു.അക്രം അഫീഫ്, അൽമോസ് അലി, ലൂക്കാസ് മെൻഡസ് തുടങ്ങിയ പ്രമുഖരെല്ലാം പട്ടികയിലുണ്ട്.മിഷാൽ ബർഷം ഉൾപ്പെടെ നാല് ഗോൾകീപ്പർമാരാണ് ക്യാമ്പിലുള്ളത്.
ജൂൺ ഒന്നിന് മുൻപായി ലോകകപ്പിനുള്ള അന്തിമ പട്ടിക ഫിഫയ്ക്ക് സമർപ്പിക്കേണ്ടതുണ്ട്. അതിനാൽ അയർലൻഡിനെതിരായ മത്സരത്തിന് ശേഷം നിലവിലെ 34 പേരിൽ നിന്ന് അന്തിമ ടീമിനെ ലോപ്പറ്റെഗി പ്രഖ്യാപിക്കും.ഖത്തർ ദേശീയ ടീമിന്റെ 34 അംഗ പ്രാഥമിക സ്ക്വാഡിലാണ് കണ്ണൂർ വളപട്ടണം സ്വദേശിയായ തഹ്സിൻ മുഹമ്മദും ഇടംപിടിച്ചിട്ടുണ്ട്. ലോകകപ്പിൽ മികച്ച പ്രകടനം ലക്ഷ്യമിട്ട് അങ്ങേയറ്റം ആത്മവിശ്വാസത്തിലാണ് ഖത്തർ നിര.










