04:27am 02 May 2026
NEWS
ലോക അർബുദ ദിനം - ഫെബ്രുവരി 4
03/02/2026  04:31 PM IST
Health Desk
ലോക അർബുദ ദിനം - ഫെബ്രുവരി 4

 

കാൻസർ രോഗത്തിനെതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുന്നതിനും അതുവഴി കാൻസർ മൂലമുള്ള മരണങ്ങൾ തടയുന്നതിനും വേണ്ടി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ഫെബ്രുവരി 4ന് ലോക അർബുദ ദിനമായി ആചാരിക്കുന്നു. ‘കാൻസർ പരിചരണത്തിലെ അപര്യാപ്തതകൾ നികത്താം (Closing the care gap)’ എന്നതായിരിന്നു കഴിഞ്ഞ വർഷങ്ങളിലെ കാൻസർ ദിന സന്ദേശം. 

ഇന്ത്യയിൽ 9 പേരിൽ ഒരാൾക്ക് അവരുടെ ജീവിത കാലത്ത് കാൻസർ വരാനുള്ള സാദ്ധ്യത ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2025 ഓടെ രാജ്യത്തെ കാൻസർ കേന്ദ്രങ്ങളിൽ 12.8%  വർദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

മനുഷ്യ മനസ്സിൽ ഭീതി പടർത്തുന്ന കാൻസർ പല രൂപങ്ങളിൽ ശരീരത്തെ കീഴ്പ്പെടുത്തുന്നു. അത്കൊണ്ട് തന്നെ കാൻസർ എന്ന് കേട്ടാൽ മരണം ഉറപ്പ് എന്ന് ചിന്തിക്കുന്ന ആളുകളുള്ള ഈ സമൂഹത്തിൽ കാൻസറിനെയും അതിന്റെ ചികിത്സാ രീതികളെയും പറ്റി അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ അർബുദത്തെ നിയന്ത്രിച്ച് നിർത്താനുള്ള നിരവധി മാർഗ്ഗങ്ങൾ ഇന്ന് വൈദ്യശാസ്ത്ര രംഗത്തുണ്ട്. നേരത്തെയുള്ള രോഗനിർണ്ണയം, ചികിത്സ, രോഗപ്രതിരോധം, എന്നിവയിലൂടെ കാൻസറിനെ നിയന്ത്രണ വിധേയമാക്കാവുന്നതാണ്.

ശരീരത്തിലെ സാധാരണ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് മറ്റു ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണ് കാൻസർ അഥവാ അർബുദം.

രോഗ ലക്ഷണങ്ങൾ 

ശരീരത്തിൽ അസാധാരണമായി മുഴകൾ വളരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കഴുത്തിലും സ്തനങ്ങളിലും കക്ഷങ്ങളിലും ഉണ്ടാകുന്ന തടിപ്പുകൾ അവഗണിക്കരുത്. എന്നാൽ എല്ലാ മുഴകളും കാൻസർ ലക്ഷണം അല്ലെന്നും ഓർക്കുക. അസാധാരണമായ രക്തസ്രാവം - കഫം, മൂത്രം, മലം, ഛർദ്ദി എന്നിവയിൽ രക്തം, മലം കറുത്ത നിറത്തിൽ പോവുകയോ ചെയ്‌താൽ വിദഗ്ധ വൈദ്യ സഹായം ലഭ്യമാക്കണം.

അസാധാരമായ രീതിയിൽ സ്രവങ്ങൾ ഉണ്ടാകുന്നെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്, പ്രത്യേകിച്ചും സ്തനങ്ങളിൽ നിന്നുണ്ടാകുന്ന സ്രവങ്ങൾ. 

ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് നേരിടുക, ചാർമ്മത്തിന്റെ നിറം മാറുക, ശരീരത്തിലെ വ്രണങ്ങൾ, വിട്ടുമാറാത്ത മലബന്ധം, നീണ്ടു നിൽക്കുന്ന ചുമ, ഛർദ്ദി, പനി, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നെങ്കിൽ വൈകാതെ വൈദ്യ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. 

ഏതു രോഗവും അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയാൽ അപകടമാണ്. ആരംഭത്തിൽ ചികിത്സിച്ചാൽ  കാൻസർ പൂർണ്ണമായും ഭേദമാക്കാം. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് മതിയായ ടെസ്റ്റുകൾ നടത്തി രോഗനിർണ്ണയം നടത്തുക എന്നതാണ് പ്രധാനം. ക്യാൻസറിന് സമാനമായ ലക്ഷണത്തോട് കൂടി മറ്റു രോഗങ്ങളും ഉണ്ട്. അതുകൊണ്ട് ഡോക്ടർ നിർദ്ദേശിക്കുന്ന പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്. രോഗത്തിന്റെ പ്രാരംഭാവസ്ഥയിൽ തന്നെ രോഗനിർണ്ണയം നടത്തി ശരിയായ ചികിത്സ കൃത്യസമയത്ത് ലഭിക്കുകയാണെങ്കിൽ കാൻസർ രോഗത്തെ നിയന്ത്രിച്ച് നിർത്താനും അതിജീവിക്കാനും സാധിക്കും. 

Dr. Anupriya
Medical Oncologist 
SUT Hospital, Pattom

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.