
ദോഹ: പ്രകൃതിയുടെ പച്ചപ്പിലേക്കും നഗരത്തിന്റെ ആധുനിക സൗന്ദര്യത്തിലേക്കും പാതകൾ വെട്ടിത്തുറന്ന് ഖത്തർ ഇന്ന് ലോക ബൈസൈക്കിൾ ദിനം ആഘോഷിക്കുന്നു. വെറുമൊരു കായിക വിനോദമെന്നതിനപ്പുറം, പരിസ്ഥിതി സൗഹൃദമായൊരു ജീവിതശൈലിയുടെയും ശാരീരികക്ഷമതയുടെയും പ്രതീകമായി സൈക്ലിങ്ങിനെ നെഞ്ചിലേറ്റിയ ഖത്തർ ലോകോത്തര നിലവാരത്തിലുള്ള നൂറുകണക്കിന് കിലോമീറ്റർ ട്രാക്കുകളുമായാണ് സൈക്ലിങ് പ്രേമികളെ വരവേൽക്കുന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങളും താപനിലയും തത്സമയം അറിയിക്കുന്ന ആധുനിക മോണിറ്ററിങ് സംവിധാനങ്ങളും, സുരക്ഷിതമായ യാത്രാ മുന്നറിയിപ്പുകളും അടങ്ങിയ ഖത്തറിലെ സൈക്കിൾ ട്രാക്കുകൾ ലോകത്തിന് മാതൃകയാണ്.ഖത്തറിന്റെ കായിക ഭൂപടത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്ന് ഗിന്നസ് റെക്കോർഡിൽ ഇടംനേടിയ ഒളിമ്പിക് സൈക്ലിങ് ട്രാക്കാണ്. പ്രധാന റോഡിലെ ഗതാഗതക്കുരുക്കുകളോ തടസ്സങ്ങളോ ഇല്ലാതെ, നോൺ-സ്റ്റോപ്പായി റൈഡ് ചെയ്യാൻ സഹായിക്കുന്ന 29 അടിപ്പാതകളും 5 പാലങ്ങളും അടങ്ങിയ 33 കിലോമീറ്റർ നീളമുള്ള ഈ പാത സൈക്ലിസ്റ്റുകളുടെ പ്രധാന കേന്ദ്രമാണ്. ഇതിനോട് ചേർന്നുകിടക്കുന്ന 38 കിലോമീറ്റർ അൽ ഖോർ ട്രാക്ക് വഴി ലുസൈൽ, അൽ ബൈത്, അൽ റയ്യാൻ തുടങ്ങിയ ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്ക് സൈക്കിളിൽ തന്നെ എളുപ്പത്തിൽ എത്തിച്ചേരാനാകും.തുടക്കക്കാർക്കും കുടുംബങ്ങൾക്കും ഒന്നിച്ച് സൈക്ലിങ് ആസ്വദിക്കാൻ പറ്റിയ മനോഹരമായ പാർക്കുകളാണ് ഖത്തറിലുള്ളത്.പ്രകൃതിഭംഗി തുളുമ്പുന്ന അന്തരീക്ഷത്തിൽ അഞ്ച് കിലോമീറ്റർ നീളമുള്ള സുഗമമായ ട്രാക്ക് റൈഡിങ് ആസ്വദിക്കാൻ ഏറ്റവും മികച്ചതാണ്അൽ ബിദ്ദ പാർക്ക്.ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ
അസ്പയർ സോൺ പാർക്കിൽ
അഞ്ച് കിലോമീറ്റർ ട്രാക്കും 'സൈക്കിൾ ഇൻ അസ്പയർ' പദ്ധതിയിലൂടെ സൈക്കിളുകളും പ്രത്യേക ഹെൽമെറ്റും ഇവിടെ ലഭ്യമാക്കുന്നു. കുട്ടികൾക്കായി 'ലേൺ ടു റൈഡ്' എന്ന പ്രത്യേക പരിശീലനവും ഇവിടെയുണ്ട്.
മഞ്ഞുതുള്ളിയുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്ത അൽ അബ്റാജ് പാർക്കിന്റെ പ്രത്യേകത പൂർണ്ണമായും പുനരുപയോഗിച്ച റബ്ബറും പ്രാദേശിക സാമഗ്രികളും ഉപയോഗിച്ചാണ് ഇതിന്റെ ട്രാക്ക് നിർമ്മിച്ചിരിക്കുന്നത് എന്നതാണ്.വേഗതയെ പ്രണയിക്കുന്നവർക്കായി ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ 5.3 കിലോമീറ്റർ ട്രാക്ക് ഒരുക്കിയിട്ടുണ്ട്. ഇവിടെ സൈക്കിളുകൾ വാടകയ്ക്കും ലഭിക്കും. എന്നാൽ കുന്നുകളും ചരിവുകളും നിറഞ്ഞ സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ദുഖാനിലെ ക്യൂബൻ ഹോസ്പിറ്റൽ മുതൽ ഉം ബാബ് വരെയുള്ള പെനിൻസുലൻ റൂട്ട് കാത്തിരിക്കുന്നു. ഇതുകൂടാതെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതൽ സി-റിംഗ് റോഡ് വരെയുള്ള പാതയും നഗര സൈക്ലിസ്റ്റുകളുടെ പ്രിയപ്പെട്ട റൂട്ടാണ്.
ശീതകാലത്തെ കുളിർമ്മയുള്ള കാറ്റിലും, വേനൽക്കാലത്തെ നൈറ്റ് ലൈറ്റുകളുടെ വെളിച്ചത്തിലും ഇരുചക്രങ്ങളിലേറി ഖത്തർ ചുറ്റിക്കാണാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ഇവിടങ്ങളിലേക്ക് ഒഴുകിയെത്തുന്നത്.











