01:59pm 13 October 2026
NEWS
മത്സ്യഗവേഷണത്തിന്റെ സാമൂഹിക സ്വാധീനം ശക്തിപ്പെടുത്താൻ സിഫ്റ്റിൽ ശിൽപശാല
12/10/2026  06:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മത്സ്യഗവേഷണത്തിന്റെ സാമൂഹിക സ്വാധീനം ശക്തിപ്പെടുത്താൻ സിഫ്റ്റിൽ  ശിൽപശാല
HIGHLIGHTS

കാർഷിക ഗവേഷണ-വിദ്യാഭ്യാസ വകുപ്പ് (DARE) സെക്രട്ടറിയും, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ICAR) ഡയറക്ടർ ജനറലുമായ  ഡോ. എം. എൽ. ജട്ട് ശിൽപശാല ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

കൊച്ചി: മത്സ്യ മേഖലയിലെ ഗവേഷണങ്ങൾ സമൂഹത്തിന് കൂടുതൽ പ്രയോജനകരമാക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിലെ ഐ.സി.എ.ആർ–സിഫ്റ്റിൽ (ICAR-CIFT) ശിൽപശാല ആരംഭിച്ചു. ‘മത്സ്യ ഗവേഷണ സ്ഥാപനങ്ങൾക്കായുള്ള മാറ്റസിദ്ധാന്തം’ (Building Organisational Theories of Change for Fisheries Research Institutes) എന്ന വിഷയത്തിൽ ഒക്ടോബർ 12 മുതൽ 14 വരെയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ഐ.സി.എ.ആറിന് കീഴിലുള്ള മത്സ്യഗവേഷണ സ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുക്കുന്നു.

കാർഷിക ഗവേഷണ-വിദ്യാഭ്യാസ വകുപ്പ് (DARE) സെക്രട്ടറിയും, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ICAR) ഡയറക്ടർ ജനറലുമായഡോ. എം. എൽ. ജട്ട് ശിൽപശാല ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഗവേഷണങ്ങൾക്ക് വ്യക്തമായ ലക്ഷ്യങ്ങൾ വേണമെന്നും സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണത്തിലൂടെ ലഭിക്കുന്ന അറിവും സാങ്കേതികവിദ്യകളും സമൂഹത്തിന് ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരണം. ഇതിനായി ഗവേഷണ ലക്ഷ്യങ്ങൾ രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളുമായി ചേർന്നുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.സി.എ.ആറിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഗവേഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ഒരു പൊതു രൂപരേഖ തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് വിഷയമേഖലകൾ, ഡിവിഷനുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇത് കൂടുതൽ വിശദമാക്കണം. ഗവേഷണത്തിനായി ലഭ്യമായ സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐ.സി.എ.ആർ ഫിഷറീസ് സയൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ജെ. കെ. ജേന, ഗവേഷണഫലങ്ങൾ ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളിലും സാങ്കേതികവിദ്യകളുടെ വികസനത്തിലും മാത്രം ഒതുങ്ങരുതെന്നും അവ സമൂഹത്തിന് നേരിട്ട് പ്രയോജനം ചെയ്യുന്ന രീതിയിൽ ജനങ്ങളിലേക്ക് എത്തണമെന്നും അദ്ദേഹം പറഞ്ഞു. കർഷകർ, മത്സ്യത്തൊഴിലാളികൾ, സംരംഭകർ തുടങ്ങിയവർക്ക് പുതിയ സാങ്കേതികവിദ്യകളുടെ പ്രയോജനം ലഭിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും സംരംഭകർക്കും മറ്റ് ബന്ധപ്പെട്ടവർക്കും അവയുടെ പ്രയോജനം ലഭിക്കണം. ഗവേഷണഫലങ്ങൾ പ്രായോഗികമായി ഉപയോഗിക്കപ്പെടുമ്പോഴാണ് അവയുടെ യഥാർഥ പ്രാധാന്യം വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലേഷ്യയിലെ വേൾഡ്‌ഫിഷ് സെന്ററിന്റെ (WorldFish) മിലിയ    (MELIA) വിഭാഗം മേധാവി ഡോ. ക്രിസ്റ്റ്യാനോ റൊസിഗ്നോളി ഗവേഷണത്തിന്റെ സാമൂഹിക സ്വാധീനം വിലയിരുത്തേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. ജനങ്ങളുടെ ജീവിതനിലവാരം, ഉപജീവനമാർഗങ്ങൾ, പോഷകാഹാരം, പരിസ്ഥിതി എന്നിവയിൽ ഉണ്ടാകുന്ന മാറ്റങ്ങളിലൂടെ ഗവേഷണത്തിന്റെ സ്വാധീനം വിലയിരുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മത്സ്യഗവേഷണ സ്ഥാപനങ്ങളുടെ ലക്ഷ്യങ്ങൾ വ്യക്തമായി നിർവചിക്കുക, ഗവേഷണത്തിലൂടെ കൈവരിക്കേണ്ട മാറ്റങ്ങൾ കണ്ടെത്തുക, അവ പ്രായോഗികമാക്കുന്നതിനുള്ള പ്രവർത്തനപദ്ധതികൾ തയ്യാറാക്കുക എന്നിവയാണ് ശിൽപശാലയുടെ പ്രധാന ലക്ഷ്യങ്ങൾ. ആദ്യദിനത്തിൽ ഗവേഷണ സ്ഥാപനങ്ങളുടെ മുൻഗണനകൾ, നേരിടുന്ന വെല്ലുവിളികൾ, വിവിധ പങ്കാളികളുടെ പങ്ക്, ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ സംബന്ധിച്ച് ചർച്ചകളും ഗ്രൂപ്പ് പ്രവർത്തനങ്ങളും നടന്നു. വിവിധ സ്ഥാപനങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും ഗവേഷണ പ്രവർത്തനങ്ങളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്താനുമുള്ള വേദിയായും ശിൽപശാല മാറി. തുടർന്നുള്ള ദിവസങ്ങളിൽ ഗവേഷണ സ്ഥാപനങ്ങളുടെ പ്രവർത്തനപദ്ധതികൾ മെച്ചപ്പെടുത്തുക, സഹകരണ സാധ്യതകൾ കണ്ടെത്തുക, വെല്ലുവിളികളും അപകടസാധ്യതകളും വിലയിരുത്തുക, ഗവേഷണ പുരോഗതിയും ഫലങ്ങളും അളക്കുന്നതിനുള്ള സൂചകങ്ങൾ തയ്യാറാക്കുക തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഗവേഷണ പ്രവർത്തനങ്ങളുടെ പുരോഗതി നിരീക്ഷിക്കുന്നതിനും ലഭിക്കുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങളും ചർച്ച ചെയ്യും.

മത്സ്യ മേഖലയ്ക്കും സമൂഹത്തിനും നേരിട്ട് പ്രയോജനം ചെയ്യുന്ന ഗവേഷണഫലങ്ങൾ ഉറപ്പാക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ഐ.സി.എ.ആർ–സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാനും എക്സ്റ്റൻഷൻ, ഇൻഫർമേഷൻ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ഡോ. നികിത ഗോപാലും ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img