
സ്ഥാപനത്തിലെ പെൺകുട്ടികൾക്ക് നേരെയും പീഡനം നടന്നിരുന്നു
കൊച്ചിയിലെ മാർക്കറ്റിങ് സ്ഥാപനത്തിൽ ജീവനക്കാർക്ക് നേരിടേണ്ടി വന്നത് കൊടുംക്രൂരതകൾ. ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാർക്കാണ് അതിക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിലെ ജീവനക്കാർ നേരിടേണ്ടി വന്ന പീഡനങ്ങളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ടാർഗറ്റ് തികയ്ക്കാത്ത ജീവനക്കാരാണ് കമ്പനിയുടെ പീഡനങ്ങൾക്ക് വിധേയരാകേണ്ടി വരുന്നത്. നായയെ പോലെ ബെൽറ്റിട്ട് നടക്കുന്നത് മുതൽ പരസ്പരം ലൈംഗികാവയവത്തിൽ പിടിച്ചുനിൽക്കുന്നത് വരെയുള്ള ശിക്ഷാരീതികളാണ് കമ്പനി നടപ്പാക്കിയിരുന്നത്.
വീടുകളിൽ ഉത്പന്നങ്ങൾ എത്തിച്ച് നൽകുന്ന മാർക്കറ്റിംഗ് കമ്പനിയാണ് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ്. വയനാട് സ്വദേശി ഹുബൈൽ ആണ് സ്ഥാപനത്തിന്റെ ഉടമ. എറണാകുളം ജില്ലയിൽ വിവിധ ശാഖകൾ ഈ കമ്പനിക്കുണ്ട്. ഈ സ്ഥാപനത്തിന്റെ കലൂർ ജനതാ റോഡിലെ ശാഖയിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആറായിരം മുതൽ എണ്ണായിരം രൂപവരെയാണ് ഇവർക്ക് ശമ്പളമായി നൽകുന്നത്. ടാർഗറ്റ് തികച്ചാൽ പ്രൊമോഷനുകൾ, വലിയ ശമ്പളം എന്നിവയെല്ലാം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ടാർഗറ്റ് തികച്ചില്ലെങ്കിൽ മനസാക്ഷിയെ മരവിപ്പിക്കുന്ന പീഡനങ്ങൾക്കാണ് ഇവരെ വിധേയരാക്കിയിരുന്നത്.
ബെൽറ്റ് കഴുത്തിൽകെട്ടി നായയെപ്പോലെ നടന്ന് പാത്രത്തിലെ വെള്ളം കുടിപ്പിക്കുക, ചീഞ്ഞ പഴങ്ങൾ നിലത്തുനിന്ന് നക്കിയെടുപ്പിക്കുക തുടങ്ങിയ കൊടിയ പീഡനങ്ങൾക്ക് ഇവിടുത്തെ ജീവനക്കാർ വിധേയരായി എന്നാണ് റിപ്പോർട്ട്. പാത്രത്തിനുള്ളിൽ ഒരു നാണയത്തുട്ട് ഇട്ടിട്ടുണ്ടാകും. കഴുത്തിൽ ബെൽറ്റ് ഇട്ട് നായയെപ്പോലെ നടന്ന് പാത്രത്തിലെ നാണയത്തുട്ട് നക്കിയെടുക്കുക, നായയെപ്പോലെ നടന്ന് മുറിക്കുള്ളിലെ നാല് മൂലകളിലും നായ മൂത്രമൊഴിക്കുന്നതുപോലെ അഭിനയിക്കുക, പാന്റ് അഴിച്ചിട്ട് പരസ്പരം ലൈംഗിക അവയവത്തിൽ പിടിച്ചു നിൽക്കുക, ഒരാൾ ചവച്ച് തുപ്പുന്ന പഴം നക്കിയെടുക്കുക, വായിൽ ഉപ്പ് ഇടുക, തറയിൽ നാണയം ഇട്ട് നക്കിയെടുത്ത് മുറിക്കകത്താകെ നടക്കുക തുടങ്ങി ക്രൂരമായ പീഡനങ്ങൾക്കാണ് തൊഴിലാളികൾ വിധേയരായിരുന്നത്.
ടാർഗറ്റ് തികയാത്തതിൻറെ പേരിലാണ് ജീവനക്കാർക്ക് പീഡനം നേരിടേണ്ടിവരുന്നത്. അടുത്തദിവസം ടാർഗറ്റ് തികയ്ക്കാൻ പ്രേരിപ്പിക്കുന്നതിനാണ് ഈ നടപടി. ഇതിനോട് പ്രതികരിക്കാൻ ജീവനക്കാർക്ക് ഭയമാണെന്ന് പീഡനം നേരിട്ട ജീവനക്കാരിലൊരാൾ പ്രതികരിച്ചു. ജീവനക്കാരോട് ഭീഷണിയുടെ രീതിയിലാണ് സംസാരിച്ച് വെച്ചിരിക്കുന്നത്. ടാർഗറ്റ് തികച്ചില്ലെങ്കിലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. ഇന്ന് സെയിൽ മോശമായിരുന്നെങ്കിൽ നാളെ മികച്ചതാക്കാനാണ് ഇതെല്ലാമെന്നാണ് അവർ പറയുന്നതെന്ന് മുൻ ജീവനക്കാരൻ പ്രതികരിച്ചു.
മുമ്പും ഈ സ്ഥാപനത്തിനെതിരെ പരാതികൾ ഉയർന്നിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ സമാനമായ ചൂഷണങ്ങൾ നേരിട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അന്ന് സ്ഥാപനത്തിന്റെ ഉടമയായ വയനാട് സ്വദേശി ഹുബൈൽ പെരുമ്പാവൂർ പോലീസിന്റെ പിടിയിലായിരുന്നു. സ്ഥാപനത്തിലെ മാനേജർമാരാണ് പീഡനത്തിന് നേതൃത്വം കൊടുക്കുന്നത്. സ്ഥാപനത്തിലെ പെൺകുട്ടികൾക്ക് നേരെയും പീഡനം നടന്നിരുന്നു. വിവരം പുറത്തുപറയാതിരിക്കാനായി സ്ഥാപന ഉടമയായ ഹുബൈൽ ഇവരുടെ മൊബൈൽ ഫോണുകൾ കൈവശപ്പെടുത്തിയിരുന്നതായാണ് വിവരം. അതേസമയം, പ്രകടനം മെച്ചപ്പെടുത്താനുള്ള നടപടികളാണ് കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.











