
കൊച്ചി: കോടതി നടപടികൾക്കിടയിൽ ജഡ്ജിമാരും അഭിഭാഷകരും നടത്തുന്ന വാക്കാലുള്ള പരാമർശങ്ങളും സംഭാഷണങ്ങളും അവരുടെ തൊഴിൽപരമായ സൽപ്പേരിന് ഹാനികരമാകുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യുന്നതിനെതിരെ കേരള ഹൈക്കോടതിയുടെ മുന്നറിയിപ്പ്. അനൗപചാരിക സംഭാഷണങ്ങളും ലഘുവായ തമാശകളും സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് പെരുപ്പിച്ചുകാട്ടരുതെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു.
കോടതിമുറിയിലെ ആശയവിനിമയങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അവയുടെ പശ്ചാത്തലവും സാഹചര്യവും മാധ്യമങ്ങൾ പരിഗണിക്കണം. നടപടികൾക്കിടയിൽ ഉയരുന്ന പരാമർശങ്ങൾ സന്ദർഭം നഷ്ടപ്പെടുത്തി അവതരിപ്പിക്കുന്നത് ജഡ്ജിമാരുടെയും അഭിഭാഷകരുടെയും ഔദ്യോഗിക പ്രതിച്ഛായയെ ബാധിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.
സാമൂഹികമാധ്യമങ്ങൾ ശക്തമായിരിക്കുന്ന കാലത്ത് ജുഡീഷ്യൽ ഓഫീസർമാരും കോടതിയിലെ വാക്കാലുള്ള നിരീക്ഷണങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്നും നിരീക്ഷിച്ചു.
കോടതിമുറിയിലെ സംഭാഷണങ്ങൾ വാർത്തയാക്കുമ്പോൾ വ്യക്തികളുടെ മാന്യതയും തൊഴിൽപരമായ സൽപ്പേരും സംരക്ഷിക്കുന്ന ഉത്തരവാദിത്വം മാധ്യമങ്ങൾക്കുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് കോടതിയുടെ നിരീക്ഷണം.










