11:02pm 10 November 2026
NEWS
ഹൈക്കോടതിയിൽ മരപ്പട്ടി ശല്യം; ജഡ്ജിമാർ സിറ്റിംഗ് നിർത്തി
20/08/2025  09:38 AM IST
സുരേഷ് വണ്ടന്നൂർ
ഹൈക്കോടതിയിൽ മരപ്പട്ടി ശല്യം; ജഡ്ജിമാർ സിറ്റിംഗ് നിർത്തി

​കൊച്ചി: മരപ്പട്ടികളുടെ ശല്യം കാരണം ഹൈക്കോടതിയിലെ ഒന്നാം നമ്പർ ബെഞ്ചിൻ്റെ ഇന്നലത്തെ സിറ്റിംഗ് താൽക്കാലികമായി നിർത്തിവച്ചു. കോടതി ഹാളിൽ മൂത്രത്തിൻ്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സിറ്റിംഗ് നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
​അടിയന്തര ഹർജികൾ മാത്രം പരിഗണിച്ച ശേഷം കോടതി ഹാൾ വൃത്തിയാക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി ജഡ്ജിമാർ മടങ്ങി. മച്ചിലും എയർ കണ്ടീഷനിങ് ഡക്‌ടിലുമായി ഒളിച്ചിരുന്ന മരപ്പട്ടികളാണ് ദുർഗന്ധത്തിന് കാരണം. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് മരപ്പട്ടിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി കെണിവച്ച് പിടിച്ച മരപ്പട്ടിയെ വനം വകുപ്പിന് കൈമാറിയിരുന്നു.
​ഹൈക്കോടതി മന്ദിരത്തിന് സമീപമുള്ള മംഗളവനം പക്ഷിസങ്കേതമാണ് മരപ്പട്ടികൾ ഇവിടെയെത്താൻ കാരണമെന്ന് കരുതുന്നു. ഇതിനു പുറമെ, പഴയ ഹൈക്കോടതി കെട്ടിടമായ റാംമോഹൻ പാലസിൻ്റെ വളപ്പിൽ നിന്ന് മലമ്പാമ്പിനെയും പിടികൂടി. വനം വകുപ്പിൻ്റെ സഹായത്തോടെ പിടികൂടിയ പാമ്പിനെ വനത്തിൽ തുറന്നുവിട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img