06:56am 13 November 2026
NEWS
ദേവന്റെ സ്വത്ത് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കെ മുരളീധരൻ
18/05/2026  09:20 AM IST
nila
ദേവന്റെ സ്വത്ത് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: ദേവസ്വം വകുപ്പിൽ അഴിമതിക്കും സ്വത്ത് കൊള്ളയ്ക്കും ഇടമുണ്ടാകില്ലെന്ന് പുതിയ ദേവസ്വം-ആരോഗ്യ മന്ത്രി കെ മുരളീധരൻ. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മന്ത്രിസ്ഥാനം പ്രഖ്യാപിച്ചതിന് പിന്നാലെ വകുപ്പിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾക്കൊടുവിലാണ് ആരോഗ്യവും ദേവസ്വവും ഉൾപ്പെട്ട പ്രധാന വകുപ്പുകൾ അദ്ദേഹത്തിന് ലഭിച്ചത്. ദേവന്റെ സ്വത്ത് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ല എന്നായിരുന്നു ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവെ മുരളീധരൻ പറഞ്ഞത്. 

ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, വിഷയത്തിൽ വിശദമായ തുടർ അന്വേഷണം ആവശ്യമായി വരാമെന്നും പ്രതികരിച്ചു. “ദേവസ്വത്തിൽ നിന്ന് ഭഗവാന്റെ സ്വത്ത് കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ല”എന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി വി ഡി സതീശൻ വാഗ്ദാനം ചെയ്ത വകുപ്പ് തന്നെയാണ് ലഭിച്ചതെന്നും, മറ്റ് വകുപ്പുകളെ കുറിച്ച് പ്രചരിച്ചതെല്ലാം തെറ്റായ റിപ്പോർട്ടുകളാണെന്നും കെ. മുരളീധരൻ പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ ശക്തമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് വി.ഡി. സതീശൻ സർക്കാർ എന്ന സൂചനയും മന്ത്രിയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നു.

അതേസമയം കാസർഗോഡ്, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്ന് ഇത്തവണ മന്ത്രിസഭയിൽ പ്രതിനിധിത്വമില്ലെന്നതും ശ്രദ്ധേയമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img