
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിന് ലോക്‌സഭയിൽ വോട്ടെടുപ്പിലൂടെ അവതരണാനുമതി. 185 നെതിരെ 251പേരുടെ പിന്തുണയാണ് വനിതാ സംവരണ ഭേദഗതി ബിൽ സഭയിൽ അവതരിപ്പിക്കാൻ ലഭിച്ചത്. സഭ ആരംഭിച്ചതിന് പിന്നാലെ ബിൽ അവതരിപ്പിക്കാൻ സ്പീക്കർ നീക്കം നടത്തിയെങ്കിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് വോട്ടെടുപ്പ് നടത്തിയത്.
ഫെഡറൽ സംവിധാനത്തിന് എതിരായ ആക്രമണമാണ് വനിതാ സംവരണ ബിൽ എന്നായിരുന്നു കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞത്. ജനാധിപത്യം ഹൈജാക്ക് ചെയ്യാനാണ് സർക്കാർ ശ്രമമെന്നും ബിൽ പിൻവലിക്കണമെന്നും കെ സി ആവശ്യപ്പെട്ടു. ബില്ലിനെ എതിർത്ത് സമാജ്‌വാദി പാർട്ടിയും രംഗത്തെത്തി. കശ്മീരിനും അസമിനും സംഭവിച്ചത് രാജ്യം മുഴുവൻ സംഭവിക്കുമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ബിൽ ജനാധിപത്യത്തിന് എതിരാണെന്നും പിൻവലിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.
ബില്ലിനെ എതിർത്ത് തൃണമൂൽ കോൺഗ്രസും എൻസിപിയും രംഗത്തെത്തി. അംബേദ്കറുടെ ആശയങ്ങൾ തകിടം മറിച്ചുവെന്നും ഭരണഘടനാ- ജനാധിപത്യ വിരുദ്ധമാണെന്നും ടിഎംസി എംപി പറഞ്ഞു. ബിൽ സ്ത്രീ സംവരണത്തിന് ഉളളതല്ലെന്നും മണ്ഡല പുനർനിർണയം ലക്ഷ്യമിട്ടുളളതാണെന്നും എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. 2023-ൽ വനിതാ സംവരണത്തെ പ്രതിപക്ഷം പൂർണമായി പിന്തുണച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ചാണ് ഡിഎംകെ എംപിമാർ പാർലമെന്റിലെത്തിയത്.
ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും പിൻവലിക്കണമെന്നും ഡിഎംകെ എംപി ടി ആർ ബാലു ആവശ്യപ്പെട്ടു. വനിതാ സംവരണ ബിൽ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് എഐഎംഐഎമ്മും അഭിപ്രായപ്പെട്ടു. ബില്ലിനെ സിപിഎം ശക്തമായി എതിർക്കുന്നുവെന്ന് കെ രാധാകൃഷ്ണൻ എംപിയും പറഞ്ഞു. കേന്ദ്രത്തിന് സ്ഥാപിത താൽപ്പര്യമാണെന്നും നിലവിലെ ഭേദഗതിയിൽ സംശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്കെതിരാണ് ബില്ലെന്നും അത് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.










