
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ സ്വപ്നം യാഥാർഥ്യമായി. വനിതാ ഏകദിന ലോകകപ്പിന്റെ കന്നി കിരീടം ടീം ഇന്ത്യ നേടി. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഇന്ത്യ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായം രചിച്ചത്.
ഇന്ത്യയുടെ റെക്കോർഡ് സ്‌കോർ
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസാണ് നേടിയത്. ഷഫാലി വർമയുടെ (87) വിസ്മയ ഇന്നിങ്സാണ് തുടക്കത്തിൽ ടീം മുന്നോട്ട് നയിച്ചത്. ഒപ്പമുണ്ടായിരുന്ന സ്മൃതി മന്ദാന 45 റൺസ് നേടി. പിന്നീട് ദീപ്തി ശർമയും (58) റിച്ചാ ഘോഷും (34) ഇന്ത്യക്ക് കരുത്തായി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 20 റൺസെടുത്ത് മടങ്ങി.
ദക്ഷിണാഫ്രിക്കയുടെ പോരാട്ടം
വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമായിരുന്നു. ഓപ്പണർമാരായ ലോറ വോൾവാർത്തും ടാസ്മിൻ ബ്രിറ്റ്‌സും ചേർന്ന് 50 റൺസ് കൂട്ടി. ബ്രിറ്റ്‌സ് (23) റണ്ണൗട്ടായതോടെ തുടക്കം തകര്ന്നു. അന്നെകെ ബോഷ് ഡക്കായതോടെ സമ്മർദ്ദം കൂടി. എന്നാൽ ക്യാപ്റ്റൻ ലോറ വോൾവാർത്ത് പോരാട്ടം തുടർന്നു, ശതകം തികച്ച് ടീമിന് പ്രതീക്ഷ നൽകി.
ദീപ്തി ശർമയുടെ മാജിക്
ഇന്ത്യൻ ബൗളർമാരിൽ ദീപ്തി ശർമയാണ് കളിയുടെ ഗതി മാറ്റിയത്. നിർണായക ഘട്ടങ്ങളിൽ വോൾവാർത്തിന്റേതടക്കം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം തടഞ്ഞു. വോൾവാർത്ത് 98 പന്തിൽ 101 റൺസെടുത്തെങ്കിലും ദക്ഷിണാഫ്രിക്ക് ഇന്ത്യൻ പെൺവീര്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഇന്ത്യൻ ബൗളർമാരുടെ തീപാറും പോരാട്ടത്തിനെടുവിൽ ദക്ഷിണാഫ്രിക്ക 246 റൺസിന് ഒതുങ്ങി.











