01:25am 06 November 2026
NEWS
എഴുത്തുകാരികളുടെ ഇല്ലം; പെണ്ണില്ലം
02/02/2025  06:19 PM IST
മൈക്കിൾവർഗ്ഗീസ് ചെങ്ങാടക്കരി
എഴുത്തുകാരികളുടെ ഇല്ലം; പെണ്ണില്ലം

ലോകത്തെ ഏറ്റവും  വലിയ പുസ്തക മേളകളിലൊന്നാണ് ഷാർജ രാജ്യാന്തര പുസ്തകമേള (ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ). ഇന്ത്യയുൾപ്പെടെ 112 രാജ്യങ്ങളിൽ നിന്നുള്ള 2500 ഓളം പ്രസാധകരും 400 ലേറെ എഴുത്തുകാരും ഈ വർഷത്തെ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുത്തു. ഇന്ത്യയിൽ നിന്നുള്ള പ്രസാധകരിലും എഴുത്തുകാരിലും കേരളമാണ് എക്കാലത്തും മുൻപന്തിയിൽ. മലയാളത്തിലെ പല എഴുത്തുകാരുടെയും പുസ്തകങ്ങൾ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയുന്നത് പതിവായിട്ടുണ്ട്.

ഇത്തവണ ഷാർജ പുസ്തകമേളയിൽ ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയത് കേരളത്തിലെ 62 വനിതാ എഴുത്തുകാരുടെ 62 പുസ്തകങ്ങളുടെ കൂട്ടപ്രകാശനമാണ്. രാജ്യാന്തര മാധ്യമങ്ങൾ മെഗാ പ്രകാശനച്ചടങ്ങെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. വീട്ടമ്മമാരും സർക്കാർ ഉദ്യോഗസ്ഥരും തൊഴിലാളികളും ഉൾപ്പെടെ കേരള സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട എഴുത്തുകാരികളുടെ പുസ്തകങ്ങൾ ഇതിൽപ്പെടും. കഥയും കവിതയും നോവലും ഹാസ്യവും ജ്യോതിഷവും ഓർമ്മക്കുറിപ്പുകളും കൂട്ടത്തിലുണ്ട്. എഴുത്തുകാരിൽ യുവതികൾ മുതൽ മുതിർന്നവർ വരെ ഉൾപ്പെടും. അവരിൽ ചിലർ ആദ്യമായിട്ടാണ് എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്നത്. മറ്റ് ചിലർ എഴുത്തിൽ കൈത്തഴക്കം വന്നവരാണ്; പക്ഷേ പുസ്തകം പ്രസിദ്ധീകരിക്കുന്നത് ആദ്യമായിട്ടും.

പെണ്ണിടം എഴുത്തിടം.....

ജീവിതത്തിൽ പുസ്തകമെഴുതി പ്രസിദ്ധീകരിക്കുക എന്നത് മരീചിക പോലെ സ്വപ്നമായിരുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് എഴുതാനും ഷാർജ ബുക്ക്‌ഫെയർ പോലെ പ്രസിദ്ധമായ മേളയിൽ പുസ്തകം പ്രസിദ്ധീകരിക്കാനും അവസരമൊരുക്കിയത് 'പെണ്ണില്ലം എഴുത്തിടം' എന്ന എഴുത്തുകാരുടെ സംഗമവേദിയാണ്.

'സ്ത്രീകൾക്ക് എഴുതാൻ കഴിവുണ്ടായിട്ടും അവസരവും പ്രോത്സാഹനവും കിട്ടുന്നില്ല. അവർക്ക് അവസരമൊരുക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.' സംഘടനയുടെ സ്ഥാപക സെക്രട്ടറിയും എഴുത്തുകാരിയുമായ കണ്ണൂർ ഇരിട്ടി സ്വദേശി രാജി അരവിന്ദ് 'മഹിളാരത്‌ന'ത്തോട് പറഞ്ഞു.

സംസ്ഥാന ആരോഗ്യ വകുപ്പിൽ ജീവനക്കാരിയായ രാജി 2023-ഒക്‌ടോബറിൽ താച്ചി എന്ന പേരിൽ തുടങ്ങിയ വനിതാ എഴുത്തുകാരുടെ വാട്ട്‌സാപ്പ് കൂട്ടായ്മയാണ് ഒരു വർഷത്തിനുള്ളിൽ 77 അംഗങ്ങളുള്ള പെണ്ണില്ലം എഴുത്തിടം എന്ന കൂട്ടായ്മയിലേക്ക് വളർന്നു പന്തലിച്ചത്.

'താച്ചി' എന്നാൽ അമ്മൂമ്മ എന്നാണ് വടക്കൻ മലബാറിൽ അർത്ഥം. 20 പേരായിരുന്നു തുടക്കത്തിൽ വാട്‌സാപ്പ് കൂട്ടായ്മയിലുണ്ടാ യിരുന്നത്. പെണ്ണില്ലം ആദ്യമിറക്കിയ പുസ്തകം കേരളത്തിലെ 40 വനിതാ എഴുത്തുകാരുടെ കവിതകളും ആത്മാനുഭവങ്ങളും ഉൾപ്പെടുത്തിയ പെണ്ണില്ലം എന്ന സമാഹാരമായിരുന്നു.''- രാജി പറഞ്ഞു. തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളിലായിരുന്നു പ്രഥമ പ്രകാശനം.

പെണ്ണില്ലം റേഡിയോ...

പെണ്ണില്ലം പുസ്തകത്തിന് കിട്ടിയ സ്വീകാര്യത വാട്‌സാപ്പ് കൂട്ടായ്മയുമായി മുന്നോട്ട് പോകാൻ രാജിക്ക് ധൈര്യം പകർന്നു. സംഘടനയുടെ പ്രസിഡന്റായ തൃശ്ശൂർ സ്വദേശി അനിതാ ദേവിയാണ് കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി എഴുത്തുകാരികളു ടെ സംഘടന വിപുലീകരിക്കണമെന്ന നിർദ്ദേശം വെച്ചത്.

ഇതിനിടെ വാട്‌സാപ്പ് കൂട്ടായ്മയിൽ പെണ്ണില്ലം റേഡിയോ എന്ന പേരിൽ  റേഡിയോ പരിപാടിയും തുടങ്ങിയിരുന്നു. അധ്യാപികയായ ആലപ്പുഴ സ്വദേശി സുധ കൈതാരമാണ് പെണ്ണില്ലം റേഡിയോയിലെ വാർത്താ അവതാരക. വാട്‌സാപ്പ് കൂട്ടായ്മയിലൂടെയും റേഡിയോ പരിപാടിയിലൂടെയും എഴുത്തുകാരികൾ തമ്മിലുള്ള ആത്മബന്ധം വളർന്നു. അംഗങ്ങളുടെ എണ്ണവും വർധിച്ചു.

പ്രണയദിനത്തിൽ

ഇല്ലത്തെ പ്രണയിനികൾ....

പ്രണയം, ലൈംഗികത എന്നിവയെപ്പറ്റി സ്ത്രീകൾ എഴുതിയാൽ സമൂഹം നെറ്റി ചുളിക്കുന്ന കാലമുണ്ടായിരുന്നു. അതിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും സംശയത്തോടെയാണ്  സമൂഹം അതിനെ കാണുന്നത്. ലോക പ്രണയദിനമായ ഫെബ്രുവരി 14-ന് പ്രണയത്തെക്കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ കൂട്ടായ്മ തീരുമാനിച്ചത് ഈ വെല്ലുവിളികൾ മുന്നിൽ കണ്ടാണ്. പ്രണയം എന്ന വികാരത്തെ സ്ത്രീകൾ എങ്ങനെയാണ് കാണുന്നതെന്നും വിലയിരുത്തുന്നതെന്നും ആയിരുന്നു പ്രമേയം. 'ഇല്ലത്തെ പ്രണയിനികൾ' എന്ന പേരിട്ട പുസ്തകം കൊല്ലം പത്തനാപുരം ഗാന്ധിഭവനിലാണ് പ്രകാശനം ചെയ്തത്.

മൂന്നാഴ്ചയ്ക്കുള്ളിൽ ലോക വനിതാദിനമായ മാർച്ച് എട്ടിന് 'വനിതാ ദിനം: പെണ്ണില്ലത്തിന്റെ കാഴ്ചപ്പാടുകൾ' എന്ന പേരിൽ 43 എഴുത്തുകാരികളുടെ രചനകളുമായി മൂന്നാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചു. ഇരിട്ടിയിലായിരുന്നു പ്രകാശനം. അപ്പോഴേയ്ക്കും പെണ്ണില്ലം ശ്രദ്ധേയമായി കഴിഞ്ഞിരുന്നു. ചിലർ പെണ്ണില്ലം എന്ന പേരിനോടുള്ള എതിർപ്പുമായി മുന്നോട്ടുവന്നു. പെണ്ണില്ലത്തിന് ബദലായി ആണില്ലം രൂപീകരിക്കുമെന്ന ഭീഷണിയും ഉയർന്നു. ഇല്ലത്തിലെ സ്ത്രീകൾ അതൊക്കെ അവഗണിച്ചു.

പുസ്തക പ്രസാധനത്തിലേക്ക്..

ആദ്യ പുസ്തകമിറക്കി 71 ദിവസത്തിനുള്ളിൽ രണ്ട് പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരിക്കാൻ സാധിച്ചതോടെ പെണ്ണില്ലത്തിന്റെ ആത്മവിശ്വാസം വർദ്ധിച്ചു. അങ്ങനെയാണ് പുസ്തക പ്രസാധനത്തിലേക്ക് പ്രവേശിക്കാൻ തീരുമാനിച്ചത്. തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ ഏപ്രിലിൽ ചേർന്ന യോഗത്തിൽ പെണ്ണില്ലം എഴുത്തിടം പബ്ലിക്കേഷൻസ് എന്ന പേരിൽ പുസ്തക പ്രസാധക സംഘടന രൂപീകരിക്കുകയും ഏഴംഗ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. സ്ത്രീകൾ മാത്രമുൾപ്പെടുന്ന കേരളത്തിലെ ആദ്യത്തെ വനിതാ പ്രസാധക സംഘടനയാണിത്. അതേ സമയം  സ്ത്രീ എഴുത്തുകാരികളുടെ സംഘടനയായി തുടരുമ്പോൾ തന്നെ പെണ്ണില്ലം എഴുത്തിടം പബ്ലിക്കേഷൻസ് പുരുഷൻമാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും തയ്യാറാണ്.

 ഷാർജയിലേക്ക്....

2024- നവംബറിൽ ഷാർജയിൽ നടന്ന പുസ്തകമേളയിൽ 45 എഴുത്തുകാരികളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനായിരുന്നു പെണ്ണില്ലം എഴുത്തിടം ആദ്യം തീരുമാനിച്ചത്. കൂട്ടായ്മയിലെ  അംഗങ്ങൾ താൽപ്പര്യം കാട്ടിയതോടെ പിന്നീടത് 60 പുസ്തകങ്ങളായി ഉയർന്നു. ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ കമ്മിറ്റിയുമായി ബന്ധപ്പെട്ട് 60 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ അനുമതി വാങ്ങി.

'പകുതിയലധികം പേരും ആദ്യമായി എഴുതുന്നവരാണ്. ജൂൺ 30 ന് മുൻപായി പുസ്തകം എഴുതിത്തീർത്തിരിക്കണം എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം.' പ്രസിഡന്റ് അനിതാ ദേവി പറഞ്ഞു.

ഒക്‌റ്റോബർ പകുതിയായപ്പോഴാണ് പുസ്തകങ്ങളുടെ കയ്യെഴുത്തു പ്രതികൾ  കിട്ടിയത്. സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് എഡിറ്റിംഗ് നിർവഹിച്ചു. ചീഫ് എഡിറ്ററായ രാജി പ്രൂഫ് റീഡിംഗ് ഉൾപ്പെടെ മണിക്കൂറുകളാണ്  ഇതിനായി ദിവസവും പ്രയത്‌നിച്ചത്. 60 പുസ്തകങ്ങൾക്കാണ് പുസ്തകമേളയുടെ സംഘാടകർ അനുമതി നൽകിയതെങ്കിലും അധികമായി രണ്ട് പുസ്തകങ്ങൾ കൂട്ടിച്ചേർക്കേണ്ടിവന്നു.

'ഡെഡ്‌ലൈൻ കഴിയുന്ന ദിവസം മലപ്പുറത്ത് നിന്ന് ബബിത ലത്തീഫ് എന്ന സ്ത്രീയുടെ വിളി വന്നു. പോളിയോ ബാധിച്ച് വികലാംഗയായ ബബിതയുടെ ജീവിതാഭിലാഷമാണ് സ്വന്തം കവിതകൾ പ്രസിദ്ധീകരിക്കണമെന്നത്. അങ്ങനെ 'മഴയുടെ മർമ്മരങ്ങൾ' എന്ന പുസ്തകംകൂടി ഷാർജ പട്ടികയിൽ ഉൾപ്പെടുത്തി. എഫ്ബിയിൽ കവിതയെഴുതുന്ന സുചിത്ര ബാബുവിന്റേതായിരുന്നു മറ്റൊരു പുസ്തകം.'

നവംബർ ഒൻപതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 27 സ്ത്രീ എഴുത്തുകാരുൾപ്പെട്ട 30 അംഗ സംഘം ഷാർജയിലേക്ക് പുറപ്പെട്ടപ്പോൾ അത് സ്ത്രീശക്തിയുടെ ചരിത്രത്തിലേക്കുള്ള ഒരു യാത്രയായിരുന്നു.

ഇന്ത്യയിലെ 62 വനിതാ എഴുത്തുകാരുടെ പുസ്തകങ്ങൾ ഒരുമിച്ച് പ്രസിദ്ധീകരിക്കുന്ന വിവരം ഷാർജയിലെ മാധ്യമങ്ങൾ അപ്പോഴേയ്ക്കും ആഘോഷമാക്കിയിരുന്നു. രാജ്യാന്തര മാധ്യമങ്ങളും ചാനലുകളും അതേറ്റെടുത്തതോടെ മേളയുടെ സംഘാടകരും ഉഷാറായി. നവംബർ 11 നായിരുന്നു പ്രസാധനച്ചടങ്ങ്. 100 പേരെ മാത്രം ഉൾക്കൊള്ളുന്ന റൈറ്റേഴ്‌സ് ഫോറം ഹാളിലാണ് പ്രസാധനച്ചടങ്ങുകൾ സാധാരണയായി നടത്തുക. സ്ത്രീശക്തിയ്ക്ക് മുന്നിൽ ആ കീഴ്‌വഴക്കം വഴിമാറി. 500 പേരെ ഉൾക്കൊള്ളുന്ന മേള നടക്കുന്ന ബുക്ക് ഫെയർ സെന്ററിലെ ഇന്റലക്ച്വൽഹാൾ പെണ്ണില്ലം എഴുത്തിടത്തിനായി മലർക്കെ തുറന്നിട്ടു. അരുന്ധതി റോയി, ശശി തരൂർ തുടങ്ങിയവർക്ക് മാത്രം കിട്ടിയ ബഹുമതി കേരളത്തിൽ നിന്നുള്ള സംഘത്തിന് ലഭിച്ചത് വലിയൊരു അംഗീകാരമായി. മേളയുടെ നിയമ പ്രകാരം ചടങ്ങിന് രണ്ട് മണിക്കൂർ മാത്രമാണ് സമയമെങ്കിലും സംഘാടകർ മൂന്ന് മണിക്കൂർ നൽകി. 62 എഴുത്തുകാർക്കും ഷാർജ ബുക്ക് അതോറിറ്റി പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകൾ നൽകിയത് മറ്റൊരു ബഹുമതിയായി.

കൈത്താങ്ങായി കെ.പി.സുധീര

ഷാർജയിലെത്തിയ സംഘത്തിന് പ്രശസ്ത എഴുത്തുകാരി കെ.പി.സുധീര താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ 11 കൊല്ലമായി ഷാർജ പുസ്തകമേളയിലെ സ്ഥിരസാന്നിധ്യമാണ് കെ.പി.സുധീര.

'സ്ത്രീകൾ വിചാരിച്ചാൽ എന്തും സാധിക്കും. പക്ഷേ, അവർക്കൊരു താങ്ങ് ആവശ്യമാണ്. പെണ്ണില്ലം എഴുത്തിടം നൽകുന്നത് അത്തരമൊരു സപ്പോർട്ടാണ്. വീടിനും നാടിനും പുറത്ത് ലോകം കാണാത്ത സ്ത്രീകളാണ് അമ്പതിനായിരം രൂപാ വീതം മുടക്കി ഷാർജയിൽ പുസ്തക പ്രസാധനത്തിന് എത്തിയതെന്ന് ഓർക്കണം'  കെ.പി സുധീര 'മഹിളാരത്‌ന'ത്തോട് പറഞ്ഞു.

'62 പുസ്തകങ്ങളുടെ പ്രകാശനം ഷാർജ മേളയെ സംബന്ധിച്ചിടത്തോളം വലിയൊരു സംഭവമായിരുന്നു. ഇതിനുശേഷം ഇത്തരം മാസ് പ്രകാശനച്ചടങ്ങുകൾ പലരും ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.' ഷാർജയിലെ ചലനങ്ങൾ നന്നായിട്ടറിയാവുന്ന സുധീര പറഞ്ഞു. മേളയിലെ എക്‌സ്റ്റേണൽ അഫയേഴ്‌സ് സി ഇ ഒയും മലയാളിയുമായ മോഹൻകുമാറും വലിയ സഹായമാണ് പെണ്ണില്ലത്തിന് നൽകിയത്.

എഴുത്തിലെ

പെൺ വൈവിധ്യം

ഷാർജ ബുക്ക് ഫെയറിൽ പ്രസിദ്ധീകരിച്ച 62 എഴുത്തുകാരികളുടെ പുസ്തകങ്ങളിലെ വിഷയങ്ങളുടെ വൈവിധ്യം തന്നെയാണ് അവയെ ശ്രദ്ധേയമാക്കുന്നത്. സ്ത്രീജീവിതത്തിന്റെ വേദനകളും ദു:ഖങ്ങളും പ്രതീക്ഷകളും മോഹങ്ങളും നിറഞ്ഞു നിൽക്കുന്നതാണ് ആ സൃഷ്ടികൾ. പത്തനംതിട്ടയിൽ ജി എസ് ടി വകുപ്പിൽ ജീവനക്കാരിയായ ജി. ലേഖയുടെ ജീവിതാന്തരങ്ങൾ എന്ന കവിതാ സമാഹാരം ചെറുപ്പത്തിൽ ശാരീരിക വൈകല്യവും ഉറ്റവരുടെ വേർപാടും നൽകിയ സ്വന്തം വേദനകളെക്കുറിച്ചാണ്. കായംകുളം എം എസ് എം എച്ച് എസ് എസിലെ അധ്യാപികയായ യമുനാ ഹരീഷ് എഴുതിയ കേരളാ എക്‌സ്പ്രസ്സ് അറ്റ് പ്ലാറ്റ്‌ഫോം നമ്പർ വൺ എന്ന യാത്രാവിവരണം ജീവിതയാത്രയിൽ അവർ കണ്ട കാഴ്ചകളെക്കുറിച്ചുള്ളതാണ്.

സ്ത്രീകൾക്ക് ഹാസ്യസാഹിത്യം വഴങ്ങില്ലെന്ന ധാരണ തിരുത്തിക്കുറിക്കുകയാണ് ബിനീഷാ സാജന്റെ വാമ്പെയർ എന്ന കഥാസമാഹാരം.

അധ്യാപികയും അവതാരകയുമായ സുധ കൈതാരത്തിന്റെ മാനവികതയുടെ പാദമുദ്രകൾ എന്ന ലേഖന സമാഹാരം കുട്ടികളെ  മനസ്സിൽ  കണ്ടുള്ളതാണ്. പെണ്ണില്ലം എഴുത്തിടം സെക്രട്ടറി രാജി അരവിന്ദിന്റെ 'ഹവനി' നോവലും പ്രസിഡന്റ് അനിതാ ദേവിയുടെ ഉദിച്ചുയരുന്ന ഉത്തരങ്ങൾ എന്ന കവിതാ സമാഹാരവും കൂട്ടത്തിലുണ്ട്.

പുനർജന്മസിദ്ധാന്തം ശരിയാണോ, മിഥ്യയാണോ എന്ന പ്രീതാ പി.നായരുടെ പുസ്തകം ജ്യോതിഷവുമായി ബന്ധപ്പെട്ടതാണ്. പാചകവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുമുണ്ട്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ നാല് എഴുത്തുകാരികളുടെ പുസ്തകങ്ങളും ഷാർജയിൽ പ്രസിദ്ധീകരിച്ചു.

'പെണ്ണില്ലം എഴുത്തിടം' എന്ന സംഘടനയെ ഒരു പ്രസ്ഥാനമായി വളർത്തിയെടുക്കണം. പുസ്തക പ്രസാധനത്തിൽ മാത്രമല്ല, സ്ത്രീകൾക്കായി മറ്റു മേഖലകളിലും ഒരുപാട് ചെയ്യാൻ സംഘടനയ്ക്കാകും.' കെ.പി.സുധീരയുടെ ഈ വാക്കുകൾ സ്ത്രീകളുടെ നന്മ കാംക്ഷിക്കുന്ന എല്ലാവരുടെയും വാക്കുകളാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.