
കേരളത്തിൽ സ്ത്രീ സുരക്ഷ സംബന്ധിച്ച ചർച്ചകൾ സജീവമാണ്. ഒരു നിയമസഭാംഗം പല സ്ത്രീകൾക്കെതിരെയും ലൈംഗികാതിക്രമം നടത്തിയെന്ന വെളിപ്പെടുത്തൽ കേരളത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടെ കേരള പൊലീസിലും സമാനമായ വിവാദം ഉയരുകയാണ്. കേരള പൊലീസ് സേനയിലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ മോശം സന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ച് രണ്ട് വനിതാ എസ്ഐമാരാണ് രംഗത്തെത്തിയത്. ഇവർ ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിഐജി അജിതാ ബീഗത്തിന് പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറി. ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള ‘പോഷ്’ നിയമപ്രകാരം അന്വേഷിക്കാൻ പൊലീസ് മേധാവി നിർദേശം നൽകി.
നേരിട്ട് എസ്ഐമാരായി സേനയിലെത്തിയവരാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. നേരത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഈ ഉദ്യോഗസ്ഥൻ ഇപ്പോൾ തലസ്ഥാനത്ത് സുപ്രധാന പദവിയിലാണ് ഉള്ളത്. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിതാ ഉദ്യോഗസ്ഥർ കൈമാറി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ വകുപ്പുതല നടപടികൾ ഉണ്ടാകും.











