12:58am 12 November 2026
NEWS
കേരള പൊലീസിലെ രണ്ട് വനിതാ എസ്ഐമാർക്ക് എസ്പി മോശം സന്ദേശമയച്ചെന്ന് പരാതി
24/08/2025  10:00 AM IST
nila
കേരള പൊലീസിലെ  രണ്ട് വനിതാ എസ്ഐമാർക്ക് എസ്പി മോശം സന്ദേശമയച്ചെന്ന് പരാതി

കേരളത്തിൽ സ്ത്രീ സുരക്ഷ സംബന്ധിച്ച ചർച്ചകൾ സജീവമാണ്. ഒരു നിയമസഭാം​ഗം പല സ്ത്രീകൾക്കെതിരെയും ലൈം​ഗികാതിക്രമം നടത്തിയെന്ന വെളിപ്പെടുത്തൽ കേരളത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടെ കേരള പൊലീസിലും സമാനമായ വിവാദം ഉയരുകയാണ്. കേരള പൊലീസ് സേനയിലെ ഒരു ഐപിഎസ് ഉദ്യോ​ഗസ്ഥൻ മോശം സന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ച് രണ്ട് വനിതാ എസ്ഐമാരാണ് രം​ഗത്തെത്തിയത്. ഇവർ ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിഐജി അജിതാ ബീഗത്തിന് പരാതി നൽകി.


പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറി. ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള ‘പോഷ്’ നിയമപ്രകാരം അന്വേഷിക്കാൻ പൊലീസ് മേധാവി നിർദേശം നൽകി.

നേരിട്ട് എസ്ഐമാരായി സേനയിലെത്തിയവരാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. നേരത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഈ ഉദ്യോഗസ്ഥൻ ഇപ്പോൾ തലസ്ഥാനത്ത് സുപ്രധാന പദവിയിലാണ് ഉള്ളത്. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിതാ ഉദ്യോഗസ്ഥർ കൈമാറി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ വകുപ്പുതല നടപടികൾ ഉണ്ടാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img