02:33am 13 November 2026
NEWS
സ്റ്റാർട്ട് അപ്പ് രം​ഗത്തും വനിതാ വിജയ​ഗാഥ, ടെക്നോളജി നിർമാതാക്കളുടെ കൂട്ടായ്‌മ ശക്തിപ്പെടുന്നു: 'വുമൺ മേക്കേഴ്സ് സെലിബ്രേഷൻ 2026' കൊച്ചിയിൽ
15/03/2026  04:03 PM IST
nila
സ്റ്റാർട്ട് അപ്പ് രം​ഗത്തും വനിതാ വിജയ​ഗാഥ, ടെക്നോളജി നിർമാതാക്കളുടെ കൂട്ടായ്‌മ ശക്തിപ്പെടുന്നു: വുമൺ മേക്കേഴ്സ് സെലിബ്രേഷൻ 2026 കൊച്ചിയിൽ

 

കൊച്ചി: കേരളത്തിലെ സാങ്കേതിക-ഇന്നവേഷൻ രം​ഗത്തെ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം വിളിച്ചോതി 'വുമൺ മേക്കേഴ്സ് സെലിബ്രേഷൻ 2026 (WMC 2026) കൊച്ചിയിൽ നടന്നു. ടെക്നോളജി നിർമ്മാതാക്കൾ, മെന്റർമാർ, സ്റ്റാർട്ട്അപ്പ് സ്ഥാപകർ, മറ്റ് മേഖലകളിലെ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മാർച്ച് 14-ന് കൊച്ചി കളമശ്ശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ ക്യാമ്പസിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മുമ്പ് നടന്ന 'ടിങ്ക് ഹെർ ഹാക്ക് 4.0' (Tink Her Hack 4.0) ഹാക്കത്തോണിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 300 വനിതാ ടെക് മേക്കർമാരും അവരെ പിന്തുണച്ച സ്ഥാപന മേധാവികളും പരിപാടിയിൽ പങ്കെടുത്തു.

പരിപാടിയിൽ ശ്രേയ കൃഷ്ണൻ (മാനേജിംഗ് ഡയറക്ടർ - അനിത ബി ഓർഗ് ഇന്ത്യ), നിധിയ വി. രാജ് (ഗ്ലോബൽ ജി.ടി.എം സ്ട്രാറ്റജി - എൻവിഡിയ), അഖില സോമനാഥ് (കോ-ഫൗണ്ടർ, ടെക് ഫോർ ഗുഡ് കമ്മ്യൂണിറ്റി) തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ സംസാരിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഒ.ഒ. ടോം തോമസ് , കെ.എസ്.ഐ.ഡി.സി ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖർ എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി. ഹാക്കത്തോൺ വേദികളായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചടങ്ങിൽ ആദരിച്ചു. കൂടുതൽ സ്ത്രീകൾ സാങ്കേതിക ലോകത്തേക്ക് കടന്നുവരുന്നത് വഴി കേരളത്തിൽ ശക്തമായ ഒരു വനിതാ സംരംഭക നിര ഉയർന്നു വരികയാണെന്നും സ്ത്രീകളുടെ ഈ രംഗത്തേക്കുള്ള കടന്നുവരവ് സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ കൂടുതൽ സുസ്ഥിരമാക്കാൻ സഹായിക്കുമെന്നും കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഒ.ഒ. ടോം തോമസ് പറഞ്ഞു.  സംസ്ഥാനത്തുടനീളം 2,800-ലധികം വിദ്യാർത്ഥിനികൾ പങ്കെടുത്ത വൻ ഓഫ് ലൈൻ ഹാക്കത്തോണായിരുന്നു 'ടിങ്ക് ഹെർ ഹാക്ക് 4.0'. ഹാക്കത്തോണിൽ 1,500-ലധികം ആശയങ്ങൾ രൂപപ്പെട്ടു.

ഹാക്കത്തോണിൽ ഉയർന്നുവന്ന മികച്ച പ്രോജക്റ്റുകൾ:
സഖി (SAKHI): പ്രസവാനന്തര വിഷാദം (PPD) മുൻകൂട്ടി പ്രവചിക്കാനും പ്രതിരോധിക്കാനും സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്ലാറ്റ്‌ഫോം. 36 ഇന്ത്യൻ ഭാഷകളിൽ വോയിസ് കമാൻഡ് വഴി ഇത് പ്രവർത്തിപ്പിക്കാം. ഗ്രാമീണ മേഖലകളിൽ ആശാ വർക്കർമാർ വഴി സേവനം എത്തിക്കാൻ ലക്ഷ്യമിടുന്ന പ്ലാറ്റ്‌ഫോം ആയുർവേദ രീതികളും സമന്വയിപ്പിക്കുന്നു എന്നതാണ് സവിശേഷത.

ഓർമ്മ (REMEMBRANCE): അൽഷിമേഴ്‌സ് രോഗികളുടെ സഹായത്തിനായുള്ള ആപ്ലിക്കേഷനാണ് ഓർമ. ഡിജിറ്റൽ ഡയറി, ദൈനംദിന കാര്യങ്ങൾക്കുള്ള ഓർമ്മപ്പെടുത്തലുകൾ, പരിചിതരായ ആളുകളെ തിരിച്ചറിയാനുള്ള ഫേസ് റെക്കഗ്നിഷൻ ഫീച്ചർ എന്നിവയാണ് പ്രധാനം. 

കോഡ്ബ്രിഡ്ജ് (CodeBridge): ഒരേ സമയം ഒന്നിലധികം ആളുകൾക്ക് കോഡ് എഴുതാൻ സഹായിക്കുന്ന കൊളാബറേറ്റീവ് പ്ലാറ്റ്‌ഫോം. കോഡിംഗിന് പുറമെ ഡ്രോയിംഗ് ക്യാൻവാസ്, ചാറ്റ്, വോയിസ് സൗകര്യങ്ങളും ഇതിൽ ലഭിക്കും. 

ഹാക്കത്തോണിന് ശേഷം സ്റ്റാർട്ടപ്പുകൾ തുടങ്ങാനോ സാങ്കേതിക മേഖലയിൽ കരിയർ കെട്ടിപ്പടുക്കാനോ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയാണ് 'വുമൺ മേക്കേഴ്സ് സെലിബ്രേഷൻ' ലക്ഷ്യം വെക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img