
സ്ത്രീസുരക്ഷ, സ്ത്രീ സംരക്ഷണം, സ്ത്രീസൗഹൃദം തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ടതും അവർക്ക് ആവശ്യമുള്ളതുമായ മുൻപറഞ്ഞ എല്ലാ കാര്യങ്ങളിലും കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് ഇവിടത്തെ ഉത്തരവാദിത്തത്തിൽപ്പെട്ട ചിലർ, ലഭിക്കുന്ന എല്ലാ അവസരങ്ങളിലും പ്രഖ്യാപനങ്ങൾ നടത്തുന്നതായി കാണുന്നുണ്ട്. ഈ അവസരത്തിൽ നമ്മൾ സാധാരണക്കാർ കാണുകയും കേൾക്കുകയും ചെയ്യുന്ന അനുഭവങ്ങൾ നോക്കുമ്പോൾ ഇതിനുള്ള വിശ്വാസ്യത ഒന്ന് പരിശോധിക്കേണ്ടതാണെന്ന് തോന്നുന്നു.
ഈ അടുത്ത ദിവസങ്ങളിലെ ഒരു പ്രധാന വാർത്ത നോക്കാം:-
ശാസ്ത്ര സാങ്കേതിക സർവ്വകലാശാലവൈസ് ചാൻസലറായി വിരമിച്ച ഡോ.സിസാ തോമസ് എന്ന മഹനീയ വനിതയ്ക്ക് ലഭിക്കേണ്ടുന്ന വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാതെ കഴിഞ്ഞ രണ്ടു വർഷമായി അവരെ മാനസികമായും അതുവഴി ശാരീരികമായും പീഡിപ്പിക്കപ്പെടുന്നതായും സി എ ടി യിൽ നിന്നും അനുകൂല വിധി നേടിയിട്ടും അതു നടക്കാതെ ഹൈക്കോടതിയിൽ നിന്നും ഇപ്പോൾ അന്ത്യശാസനമെന്ന രീതിയിൽ ആനുകൂല്യങ്ങൾ നൽകണമെന്നും വിധിയുണ്ടായതായി നമ്മൾക്കെല്ലാം അറിയാം. എന്നാൽ അടുത്ത ദിവസം കണ്ട ഒരു പത്രവാർത്തയിൽ ഈ വിധിയിൽ മേൽ അപ്പീൽ പോകാൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചതായി കണ്ടു. അത്തരം ഒരു നിയമപദേശം ലഭിച്ചാൽ ആകെ അവർക്ക് നൽകേണ്ടതായ തുകയേക്കാൾ കൂടുതൽ തുക കൊടുത്ത്, അപ്പീൽ വാദിക്കാൻ സുപ്രീം കോടതിയിൽ നിന്നും ''മുതിർന്ന വക്കീലന്മാരെ'' എത്തിച്ചെന്നും വരാം. ഇതൊന്നും ചോദ്യം ചെയ്യാൻ ഇവിടെ ആരുമില്ല.
ഇവിടെ നമ്മൾ-പൊതുജനം - ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. എത്ര ഉന്നത നിലയിലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥയായാലും വിരമിക്കൽ ആനുകൂല്യം നൽകുന്നതിന് ഏതെങ്കിലും ഒരു മന്ത്രിയുടെയോ ക്യാബിനറ്റിന്റെയോ, അനുവാദമോ അംഗീകാരമോ ആവശ്യമില്ല. അത് സംബന്ധിച്ച ഫയലുകൾ കാണാനോ കുറിപ്പുകൾ രേഖപ്പെടുത്താനോ അവരിൽ ആർക്കും അധികാരമോ അവകാശമോ ഇല്ല. അതിന്റെ പൂർണ്ണ ഉത്തരവാദിത്വവും ചുമതലയും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥ അധികാരികൾക്ക് മാത്രമാണ്. അപ്പോൾ ഈ കാലതാമസത്തിന് ഉത്തരവാദി ഭരണാധികാരികളിൽ ആരുടെയെങ്കിലും, ഇതിലുള്ള മനോഗതി അറിഞ്ഞുകൊണ്ടുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കരവേലകളാകാനെ സാധ്യതയുള്ളൂ. അങ്ങനെയാണെങ്കിൽ നീതിപൂർണ്ണമാകേണ്ട ഔദ്യോഗിക കൃത്യനിർവഹണത്തിലെ ഗുരുതര വീഴ്ചയുടെ പേരിൽ അവർക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടത്.
ഇവിടെയാണ് കഴിഞ്ഞ തലമുറയിൽപ്പെട്ട അഖിലേന്ത്യ സർവീസിൽ ഉണ്ടായിരുന്നവരും, സർവീസ് കാലഘട്ടമത്രയും ആരുടെ മുമ്പിലും കുമ്പിടാതെ നട്ടെല്ല് നിവർത്തി നടന്ന് ജോലി ചെയ്തിരുന്നവരും ആയ ചിലരെ ഓർമ്മ വരുന്നത്.
ജോർജ് തോമസ്, സി. കെ. കൊച്ചുകോശി, കെ.രാമൻകുട്ടി, എൻ. കാളീശ്വരൻ, മലയാറ്റൂർ രാമകൃഷ്ണൻ, സുധാപിള്ള, അൽഫോൻസ് കണ്ണന്താനം തുടങ്ങിയവർ അവരിൽ ചുരുക്കം ചിലർ മാത്രമാണ്. ഇവരിൽ ആരും ഭരണാധികാരികളുടെ മുൻപിൽ പോയി വായും പൊത്തി നിന്നതായി കേട്ടിട്ടില്ല. വിരമിക്കലിനു ശേഷമുള്ള ഏതെങ്കിലും ഒരു പദവിക്ക് വേണ്ടി അവരിൽ ആരും ഏതെങ്കിലും ഒരു പാർട്ടിയുടെ ഓഫീസുകൾ നിരങ്ങിയതായി കേട്ടിട്ടുമില്ല.
ഇനി മറ്റു ചില കാര്യങ്ങളും ഈ അവസരത്തിൽ കുറിക്കേണ്ടതുണ്ട്. 'ലഹരിമുക്ത കേരളം' എന്ന് കെ. എസ്. ആർ. ടി. സി. ബസുകളുടെ പാർശ്വങ്ങളിൽ നാട്ടുകാരുടെ ചെലവിൽ എഴുതിപ്പിടിപ്പിച്ച ശേഷം, 2016 ൽ ഭരണം തുടങ്ങിയ സർക്കാർ തുടക്കത്തിൽ ഉണ്ടായിരുന്ന 29 ബാറുകളിൽ നിന്നും ''ജനങ്ങളുടെ ഉന്നമനത്തിനായി'' അവയുടെ എണ്ണം 900 ത്തിന് അടുത്ത് എത്തിച്ചു. എന്നാൽ ഇത്തരമൊരു നടപടിക്കെതിരെ ഏതെങ്കിലും മതസാമുദായിക നേതാക്കളോ ബുദ്ധിജീവികളോ സാമൂഹ്യക പരിഷ്ക്കർത്താക്കളോ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കളോ പ്രതികരിച്ചതായി കാണുന്നില്ല. ഓരോ ദിവസവും ഇവിടെ പോയി മദ്യപിച്ച് പുരുഷന്മാർ നശിപ്പിക്കുന്ന പണം മുഴുവൻ, അവരിൽ ഓരോരുത്തരുടെയും കുടുംബങ്ങളിലെ സ്ത്രീകൾക്കും മക്കൾക്കുമായി അവരുടെ ക്ഷേമത്തിനും കൂടി അവകാശപ്പെട്ടതാണെന്ന് സർക്കാർ ഓർമിക്കണം.
ഇതുമൂലം അത്തരം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ദുരിതം എത്രമാത്രം ഉണ്ടാകും. ലക്ഷക്കണക്കിന് വരുന്ന ആ സ്ത്രീകൾക്ക് സർക്കാർ എന്ത് സുരക്ഷയും സംരക്ഷണവുമാണ് നൽകുന്നത്? മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ ചെറുപ്പക്കാരും മുതിർന്നവരുമായ പുരുഷന്മാർ സ്വന്തം ഭാര്യമാരെയും അമ്മമാരെയും വയോധികരായവരെപ്പോലും മർദ്ദിക്കുന്നതും ചവിട്ടിക്കൂട്ടുന്നതും കൊല്ലുന്നതും ആയ ദിനംപ്രതിയുള്ള വാർത്തകൾ സർക്കാർ കാണാറുണ്ടോ? ഒരുമിച്ചിരുന്ന് മദ്യപിച്ച് ലെക്കുകെട്ട് പരസ്പരം ഉണ്ടാക്കുന്ന സംഘർഷങ്ങളിൽപ്പെട്ട് വധിക്കപ്പെടുന്നവരും മാരകമായ പരിക്ക് ഏൽക്കുന്നതുമായ സംഭവങ്ങളിൽ ഇതിന്റെയെല്ലാം പിന്നീടുള്ള ദുരിതഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളും കുട്ടികളുമാണെന്ന് സർക്കാരിന് അറിയാമോ? ബാറിൽ വെച്ചുള്ള മദ്യപാനത്തിന് ശേഷം തെരുവിലേക്കിറങ്ങി അവിടെയുള്ള പരിസരങ്ങളിൽ ഇതുപോലെ വഴക്കും സംഘർഷങ്ങളും ഇവിടെ സാധാരണയായി കഴിഞ്ഞു. ഇതെല്ലാം പൊതുജനങ്ങൾ കാണുന്നുണ്ടെന്ന് അറിഞ്ഞിട്ടും ജീവനും സ്വത്തിനും എല്ലാ വിധ സുരക്ഷയും, സംരക്ഷണവും നൽകുന്നതിൽ നമ്മൾ മാതൃകയാണെന്ന് ഇക്കൂട്ടർ പറഞ്ഞാൽ എന്ത് ചെയ്യും. ദിനംപ്രതി രാത്രി 10 നും 11 നും ഇടയിൽ എല്ലാ ദൃശ്യ മാദ്ധ്യമങ്ങളിലും അതാത് ദിവസത്തെ ക്രൂരകൃത്യങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്നും ഉത്തരവാദിത്വപ്പെട്ടവർ അറിയണം.
മദ്യപിക്കുന്നവർക്ക് അംഗത്വം നൽകാൻ പാടില്ലെന്ന് ഭരണഘടനയിൽ എഴുതി വെച്ചിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ നേതാവ് മദ്യപാനം ആഹാരത്തിന്റെ ഭാഗമാക്കണമെണെന്നും, അങ്ങനെ എല്ലാവരും മദ്യപിച്ച് സർക്കാരിന് വരുമാനം ലഭ്യമാക്കണമെന്നും പ്രസംഗിച്ചു എന്ന് കേട്ടിട്ടുണ്ട്. അതു ശരിയാണെങ്കിൽ എന്ത് നടപടിയെടുത്തു?
കലാലയ രാഷ്ട്രീയത്തിന്റെ ഫലമായി ഓരോ പാർട്ടികളും ഓരോ ''കുട്ടി നേതാവിനെ'' വളർത്തി എടുക്കുന്നതിന് വേണ്ടി എത്ര സാധാരണക്കാരായ ചെറുപ്പക്കാർ കേസുകളിൽപ്പെട്ടും പഠനം മുടങ്ങിയും സ്വന്തം ഭാവിതകർത്തും നിരശരായി കഴിയുന്നു എന്ന് അറിയാമോ ? അവരുടെയൊക്കെ വേദന കാണുന്നതും അറിയുന്നതും കൂടുതലും സ്ത്രീകൾ ആയ അമ്മമാരാണ്. അവരുടെ വേദന ആര് അറിയുന്നു? കലാലയ രാഷ്ട്രീയത്തിലെ കളികളിൽ നിന്നും ഉന്മാദം ഉൾക്കൊണ്ടാണെന്ന് തോന്നുന്നു, ഇപ്പോൾ പ്രൈമറി ക്ലാസ് മുതലുള്ള കുട്ടികൾ സ്കൂൾ വളപ്പിലും നടുറോഡിലും ബസ് സ്റ്റാൻഡിലും എന്ന് വേണ്ട എവിടെവെച്ചും യാതൊരു മടിയുമില്ലാതെ അടിപിടി കൂടുന്നതും നിത്യേന കാണുന്നുണ്ട്. സീനിയർ - ജൂനിയർ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിയും റാഗിംഗ് പീഡനങ്ങളും നിത്യ സംഭവങ്ങളായി മാറിക്കഴിഞ്ഞു. ഇതെല്ലാം കാണുമ്പോൾ ഇവരെല്ലാം താന്താങ്ങളുടെ പ്രസ്ഥാനങ്ങൾക്ക് ഭാവിയിൽ മുതൽക്കൂട്ട് ആകുമല്ലോ എന്ന് കരുതി ഉള്ളിൽ ചിരിക്കുന്ന നേതാക്കന്മാരും ഉണ്ടാകും. എന്നാൽ ഈ കുട്ടികളുടെയൊക്കെ അമ്മമാരുടെ നെഞ്ചിലെ തീ ആരും കാണുന്നില്ല.
തള്ളക്കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് പോലെ സ്വന്തം മക്കളുടെ വിദ്യാഭ്യാസവും ഭാവിയും ഒക്കെ സുരക്ഷിതമാക്കിക്കൊണ്ട് സാധാരണ അണികളായവരെ സകലവിധ പ്രക്ഷോഭങ്ങളിലും തള്ളിവിട്ട് ആ ചെറുപ്പക്കാരെ പരസ്പരം കലഹത്തിനും, പോലീസ് മർദ്ദനങ്ങൾക്കും, ജലപീരങ്കികൾക്കും, ഇതെല്ലാം മൂലമുള്ള കേസുകൾക്കും ഇടയാക്കി ഇതിനെല്ലാം ഇരയായി സ്വന്തം വീടുകളിൽ എത്തുന്നവരെ സംരക്ഷിക്കേണ്ട ചുമതല അമ്മമാരും സഹോദരങ്ങൾളും ഭാര്യമാരും അടങ്ങുന്ന സ്ത്രീകളുടെ ചുമലിലേക്ക് ആണ് വന്നു ചേരുക.
സ്ത്രീസുരക്ഷയും സ്ത്രീസംരക്ഷണവും എങ്ങനെ കേരള മോഡലിൽ നടപ്പിലാക്കാം എന്നതിന്റെ കേരളം മുഴുവൻ ശ്രദ്ധിച്ച ചില ഉദാഹരണങ്ങളും ഇവിടെ കുറിക്കട്ടെ:-
കുറച്ചുകാലം മുമ്പ് കോളേജ് വിദ്യാർത്ഥിയായിരുന്ന സ്വന്തം മകന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് സംശയിക്കുന്നവർക്കെതിരെ സമരം ചെയ്ത ഒരു വനിതയെ പൊതുജനങ്ങൾ കാൺകെ റോഡിലൂടെ കൈയിലും കാലിലും പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോയതായി വാർത്ത കണ്ടു. കേരളത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി പോലും ചോദിക്കുന്നതിന് ആ സംഭവം ഇടയാക്കി. ഇനി അതിനെപ്പറ്റി ചോദിച്ചാൽ അവർക്ക് നടക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി അധികാരികൾ നടത്തിയ ''രക്ഷാപ്രവർത്തനം'' ആണ് അതെന്നും, അവരെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ആയിരിക്കും മറുപടി.
കണ്ണൂർ ജില്ലയിൽ ഒരു നിക്ഷേപകൻ ബന്ധപ്പെട്ട അധികൃതരുടെ നിക്ഷേധാത്മക നിലപാട് മൂലം ആത്മഹത്യ ചെയ്ത സംഭവത്തിൽ മനസ്സും ശരീരവും തളർന്നിരുന്ന കുടുംബാംഗങ്ങളെ എങ്ങനെയാണ് ആശ്വസിപ്പിച്ചത് എന്ന് നമ്മൾ കണ്ടു.
തിരുവനന്തപുരത്ത് ഒരു പാറമടയിൽ ഉണ്ടായ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ കളക്ടറുടെ നിർദ്ദേശം അനുസരിച്ച് സംഭവസ്ഥലത്ത് എത്തിയ വനിതാ ഡെപ്യൂട്ടി കളക്ടറോട് ''ആരാടീ നിന്നെ ഇപ്പോൾ ഇങ്ങോട്ട് കെട്ടിയെടുത്തത്'' എന്ന് ചോദിച്ചു. പൊതുജനങ്ങളുടെ സാന്നിധ്യത്തിൽ ആക്രോശിച്ച് അപമാനിച്ച നേതാവിനെതിരെ എന്ത് നടപടി എടുത്തു. അന്നത്തെ വനിതാ കമ്മീഷൻ അധ്യക്ഷയോട് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ ആ ഉദ്യോഗസ്ഥയോട് ക്ഷമാപണം പറയാൻ നേതാവിനോട് പറഞ്ഞിട്ടുണ്ടെന്നും, കൂടാതെ ഞങ്ങളുടെ പാർട്ടിയാണ്, ഞങ്ങളുടെ പോലീസും, കോടതിയും എന്നും വിളിച്ചു പറയാനും അവർക്ക് ധൈര്യം ഉണ്ടായി.
ഇതിനുപുറമെ കുറച്ചുകാലം മുൻപ് കേരള യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥി വിഭാഗം നടത്തിയ സമരത്തോടനുബന്ധിച്ച് അവരുടെ അന്നത്തെ ഒരു യുവനേതാവ് ഒരു വനിതാ പ്രൊഫസറുടെ ചെവിയിലേക്ക് ആരും പറയാൻ അറയ്ക്കുന്ന ചീത്ത വാക്കുകൾ ആക്രോശിച്ച് പറഞ്ഞിട്ട് അതിന്റെ പേരിൽ ആ പ്രൊഫസർ നൽകിയ പരാതിയിൽ എന്ത് നടപടിയെടുത്തു? അന്നത്തെ പരാതിയിൽ പരാമർശിക്കപ്പെട്ട ആ നേതാവിന്റെ ഇന്നത്തെ സ്ഥിതി എന്ത്?. ഇതെല്ലാം ജനങ്ങളുടെ ഓർമ്മയിലുണ്ടെന്ന് എല്ലാവരും അറിയുകയും ഓർക്കുകയും വേണം.
ഇവിടെ ചോർന്നൊലിക്കുന്ന കൂരകളിൽ വെയിലും മഴയും ഏറ്റ് പിഞ്ചുകുഞ്ഞുങ്ങളെപ്പോലും മാറോട് ചേർത്തു നിലവിളിക്കുന്ന സ്ത്രീകളെയും അവരുടെ കുട്ടികളെയും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ലക്ഷക്കണക്കിന് കാണാം. ഇതൊക്കെ കാണുമ്പോൾ സാധാരണക്കാരുടെ നെഞ്ചുപിടിയും. പക്ഷേ മനുഷ്യരായ എല്ലാവർക്കും അങ്ങനെ തോന്നണമെന്നില്ല. ഉള്ളിൽ മനുഷ്യഹൃദയം കൂടി വേണം. ഇവിടെ സംഗമങ്ങൾക്കും കോൺക്ലേവുകൾക്കുമൊക്കെയാണ് പ്രാബല്യം.
അവസാനമായി ഒരു കാര്യം കൂടി 1970 - ലെ സർക്കാരിൽ റവന്യൂ മന്ത്രിയായിരുന്ന വലതു കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കെ. ടി. ജേക്കബിന്റെ കാലഘട്ടം മുതലാണ് ഇവിടെ പട്ടയമേളകൾ ആരംഭിക്കുന്നത്. അന്നുമുതൽ കേരളം ഭരിച്ച എല്ലാ സർക്കാരുകളും അവരുടെ അവസാന കാലഘട്ടത്തിൽ കേരളത്തിൽ ഇനി ഭൂമിയും, വീടും, വൈദ്യുതിയും ഇല്ലാത്തവർ ആരുമില്ലെന്ന് പ്രഖ്യാപിച്ചിട്ടാണ് ഇറങ്ങിപ്പോകുന്നത്. ഇവയെല്ലാം ലഭ്യമാക്കിയവരുടെ ലക്ഷങ്ങളുടെ ഒരു കണക്കും പറയും. അന്നുമുതൽ ഇപ്പോൾ വരെയുള്ള ഈ ലക്ഷങ്ങളെല്ലാം കൂടി കൂട്ടി നോക്കിയാൽ ഒരുപക്ഷേ കേരളത്തിലെ മൊത്തം ജനസംഖ്യയെ അധികരിച്ചു എന്നും വരും.
മേൽപ്പറഞ്ഞ വസ്തുതകൾ പരിശോധിച്ചാൽ കേരളത്തിലെ ഭൂരിഭാഗം വരുന്ന സ്ത്രീകളുടെ ജീവിതരീതിയിലെ ശോച്യാവസ്ഥയെപ്പറ്റി ഒരു ഏകദേശം രൂപം ലഭിക്കുമെന്ന് കരുതട്ടെ.











