12:10pm 28 November 2026
NEWS
സുരക്ഷയില്ലെങ്കിൽ വനിതകളുടെ രാത്രി ഡ്യൂട്ടി വിലക്കാം; കർശന വ്യവസ്ഥകളുമായി ഭേദഗതി ബിൽ
28/11/2026  08:49 AM IST
പ്രത്യേക ലേഖകൻ
സുരക്ഷയില്ലെങ്കിൽ വനിതകളുടെ രാത്രി ഡ്യൂട്ടി വിലക്കാം; കർശന വ്യവസ്ഥകളുമായി ഭേദഗതി ബിൽ

തിരുവനന്തപുരം: വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാത്ത സ്ഥാപനങ്ങളിൽ രാത്രി ഡ്യൂട്ടി വിലക്കാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളുമായി ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ഭേദഗതി ബിൽ. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ബിൽ, സ്ത്രീകളെ രാത്രി ജോലിക്ക് നിയോഗിക്കുന്നതിന് തൊഴിലുടമകൾ പാലിക്കേണ്ട സുരക്ഷാ നിബന്ധനകൾ കർശനമാക്കുന്നു.


ജീവനക്കാരിയുടെ രേഖാമൂലമുള്ള സമ്മതം വാങ്ങിയശേഷമേ രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കാവൂ. അന്തസ്സും സുരക്ഷയും ലൈംഗികാതിക്രമങ്ങളിൽനിന്നുള്ള സംരക്ഷണവും ഉറപ്പാക്കണം. സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നോ രാത്രി ജോലി സ്ത്രീകളുടെ ആരോഗ്യത്തിന് അപകടമാകുമെന്നോ ബോധ്യപ്പെട്ടാൽ, രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയിൽ വനിതകളെ ജോലിക്ക് നിയോഗിക്കുന്നത് സർക്കാരിന് നിരോധിക്കാനാകുമെന്നാണ് നിർദേശം.


ജോലിസ്ഥലത്ത് സ്ത്രീവിരുദ്ധ അന്തരീക്ഷവും അന്യായമായ വിവേചനവും ഉണ്ടാകുന്നില്ലെന്ന് തൊഴിലുടമ ഉറപ്പാക്കണം. വനിതകളെ രാത്രി ജോലിക്ക് നിർബന്ധിക്കരുത്. ഷിഫ്റ്റ് മാറ്റുമ്പോൾ അവസാന ഷിഫ്റ്റിനും രാത്രി ഷിഫ്റ്റിനുമിടയിൽ കുറഞ്ഞത് 12 മണിക്കൂർ ഇടവേള നൽകണം. വനിതകൾക്കായി വിശ്രമമുറികളും ഒരുക്കണം.


രണ്ടു വനിതകൾ ഉൾപ്പെട്ട സംഘത്തിന് രാത്രി ജോലി


രാത്രി ഡ്യൂട്ടിക്ക് രണ്ടു വനിതകൾ ഉൾപ്പെടെ കുറഞ്ഞത് അഞ്ചു ജീവനക്കാർ ഉണ്ടായിരിക്കണമെന്ന നിലവിലെ നിബന്ധനയിൽ മാറ്റം വരുത്താനും ബിൽ നിർദേശിക്കുന്നു. പകരം, കുറഞ്ഞത് രണ്ടു വനിതകളുള്ള സംഘത്തെ രാത്രി ജോലിക്ക് നിയോഗിക്കാനാകും.
കടകളിലും വാണിജ്യസ്ഥാപനങ്ങളിലും 95 ശതമാനവും അഞ്ചിൽ താഴെ ജീവനക്കാരുമായി പ്രവർത്തിക്കുന്നതിനാൽ, നിലവിലെ വ്യവസ്ഥ സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ് മാറ്റം.


വാഹനസുരക്ഷയും തൊഴിലുടമയുടെ ഉത്തരവാദിത്വം


രാത്രി ജോലി ചെയ്യുന്ന വനിതകൾക്ക് താമസസ്ഥലത്തേക്ക് വാഹനസൗകര്യം ഉറപ്പാക്കണം. യാത്രാവാഹനങ്ങളിൽ സി.സി.ടി.വി. ക്യാമറയും ജി.പി.എസ്. സംവിധാനവും ഉണ്ടായിരിക്കണം. ഡ്രൈവർമാരുടെ പശ്ചാത്തലം നിയമനത്തിനു മുമ്പ് തൊഴിലുടമ പരിശോധിക്കണം. പുറംകരാർ മുഖേന ഡ്രൈവർമാരെ നിയോഗിക്കുമ്പോഴും ഈ പരിശോധന നിർബന്ധമായിരിക്കും.


സ്ഥാപനത്തിലും പരിസരത്തും മതിയായ വെളിച്ചവും സി.സി.ടി.വി. നിരീക്ഷണവും ഒരുക്കണം. ക്യാമറാദൃശ്യങ്ങൾ 45 ദിവസം സൂക്ഷിക്കണം. വനിതകൾ രാത്രി ഡ്യൂട്ടിയിലുള്ള സമയത്ത് സ്ഥാപനത്തിന്റെ കവാടത്തിൽ സുരക്ഷാജീവനക്കാരുടെ സാന്നിധ്യവും ഉറപ്പാക്കണം.
ജീവനക്കാരികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും വ്യവസ്ഥയുണ്ട്. സ്ഥാപനത്തിലെ അധികാരികളല്ലാത്തവർക്ക് വനിതാ ജീവനക്കാരുടെ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, താമസവിലാസം എന്നിവ വെളിപ്പെടുത്താൻ പാടില്ല.


കടകൾ മുതൽ സ്വകാര്യ ഓഫീസുകൾ വരെ


ചില്ലറ–മൊത്ത വ്യാപാരസ്ഥാപനങ്ങൾ, ഗോഡൗണുകൾ, വെയർഹൗസുകൾ, സ്വകാര്യ ഓഫീസുകൾ, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ലോഡ്ജുകൾ, തിയേറ്ററുകൾ തുടങ്ങിയവയ്ക്ക് വ്യവസ്ഥകൾ ബാധകമാകും. സർക്കാർ വിജ്ഞാപനം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും പരിധിയിൽ ഉൾപ്പെടും.
സ്ത്രീകളുടെ തൊഴിലവസരങ്ങൾ വിപുലപ്പെടുത്തുന്നതിനൊപ്പം രാത്രി ജോലിക്കിടയിലെ സുരക്ഷയും യാത്രാസൗകര്യവും സ്വകാര്യതയും ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം തൊഴിലുടമകളിൽ നിക്ഷിപ്തമാക്കുന്നതാണ് നിർദിഷ്ട ഭേദഗതി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img