
ദോഹ: അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയനുമായി (ITU) സഹകരിച്ച് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (CRA) തയാറാക്കിയ 'നെറ്റ്വർക്ക് ഓഫ് വുമൺ' (NoW) സമ്മേളനം ദോഹയിൽ സംഘടിപ്പിച്ചു. റിപ്പബ്ലിക് ഓഫ് കൊറിയയുടെ പിന്തുണയോടെ "ഡിജിറ്റൽ നയതന്ത്രത്തിലെ ഹ്യൂമൻ ലൈബ്രറി: ഡിജിറ്റൽ യുഗത്തിൽ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന വനിതകൾ" എന്ന പ്രമേയത്തിലാണ് പരിപാടി നടക്കുന്നത്.
ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നവംബർ 9 മുതൽ 27 വരെ നടക്കുന്ന ഐ.ടി.യു പ്ലെനിപൊട്ടൻഷ്യറി കോൺഫറൻസിന്റെ (PP-26) അനുബന്ധമായാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്.കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ (MCIT) ഡിജിറ്റൽ ഇൻഡസ്ട്രി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി റീം മുഹമ്മദ് അൽ-മൻസൂരി, മൊസാംബിക് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (INCM) ഡയറക്ടർ ബോർഡ് ചെയർപേഴ്സൺ ഹെലീന ഫെർണാണ്ടസ് എന്നിവർ പ്രധാന സംവാദങ്ങൾക്ക് നേതൃത്വം നൽകി.
സാങ്കേതിക മുന്നേറ്റത്തിനൊപ്പം തന്നെ നയരൂപീകരണത്തിലും തീരുമാനങ്ങളിലും വിവിധ മേഖലകളിൽ നിന്നുള്ള വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ഖത്തർ ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സി.ആർ.എ കൺസ്യൂമർ അഫയേഴ്സ് ഡയറക്ടർ അമൽ സേലം അൽ-ഹനാവി വ്യക്തമാക്കി. ദോഹയിൽ തുടക്കമിട്ട ഈ പദ്ധതി വരും വർഷങ്ങളിൽ ഐ.ടി.യു കൂടുതൽ വ്യാപിപ്പിക്കും.










