07:36pm 22 November 2026
NEWS
സ്ത്രീകൾക്ക് 10 ലക്ഷം രൂപ മുതൽ 5 കോടി രൂപ വരെ വായ്പ; തിരിച്ചടവ് കാലാവധി ഒമ്പത് വർഷം; കിടിലൻ പദ്ധതിയുമായി വിജയ് സർക്കാർ
29/09/2026  06:12 AM IST
nila
സ്ത്രീകൾക്ക് 10 ലക്ഷം രൂപ മുതൽ 5 കോടി രൂപ വരെ വായ്പ; തിരിച്ചടവ് കാലാവധി ഒമ്പത് വർഷം; കിടിലൻ പദ്ധതിയുമായി വിജയ് സർക്കാർ

ചെന്നൈ: വനിതകളെ സംരംഭകത്വത്തിലേക്ക് കൂടുതൽ എത്തിക്കുന്നതിനായി വൻതുകയുടെ വായ്പാ പദ്ധതിയുമായി തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ സ്ത്രീകൾക്ക് 10 ലക്ഷം രൂപ മുതൽ പരമാവധി 5 കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ‘വെട്രി മഗളിർ തൊഴിൽമുനൈവർ മെംബാട്ടു തിട്ടം’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിൽനിന്നും 10 വനിതകളെ വീതം പദ്ധതിയിലേക്ക് തെരഞ്ഞെടുക്കും. അതത് മണ്ഡലങ്ങളിലെ എംഎൽഎമാരാണ് യോഗ്യരായവരെ കണ്ടെത്തി പട്ടിക തയ്യാറാക്കേണ്ടത്. ഇതനുസരിച്ച് സംസ്ഥാനത്താകെ 2,340 വനിതകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

വായ്പയ്ക്ക് 9.95 ശതമാനമാണ് വാർഷിക പലിശനിരക്ക്. വായ്പയുടെ മുതലിൽ കുറവ് വരുന്നതിനനുസരിച്ച് പലിശത്തുകയിലും ആശ്വാസം ലഭിക്കും. 9 വർഷമാണ് തിരിച്ചടവ് കാലാവധി. തമിഴ്നാട് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ (TIIC) വഴിയാണ് അർഹരായവർക്ക് വായ്പ അനുവദിക്കുക.

മണ്ഡലങ്ങളിൽനിന്ന് എംഎൽഎമാർ ശേഖരിക്കുന്ന വിവരങ്ങൾ വ്യവസായ വകുപ്പ് പരിശോധിച്ച ശേഷമായിരിക്കും അന്തിമ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആവശ്യമായ മൂലധനത്തിന്റെ അഭാവം കാരണം സ്ത്രീകൾ പിന്നോട്ടുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സ്ത്രീകളുടെ സംരംഭക ആശയങ്ങൾക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുന്നതിനൊപ്പം നിലവിൽ ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും പരിമിതമായ രീതിയിൽ പ്രവർത്തിക്കുന്ന വനിതാ സംരംഭങ്ങളെ കൂടുതൽ വലിയ വിപണിയിലേക്ക് എത്തിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

സ്ത്രീകളുടെ സംരംഭകത്വ സാധ്യതകൾ സംസ്ഥാനതലത്തിൽ കൂടുതൽ വിപുലപ്പെടുത്തുന്നതിനാണ് പദ്ധതിക്ക് പ്രാധാന്യം നൽകുന്നതെന്ന് വ്യവസായ മന്ത്രി എസ്. കീർത്തന പറഞ്ഞു. വനിതാ സംരംഭകരെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നതിനുള്ള പിന്തുണയും പദ്ധതിയിലൂടെ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img