07:37am 29 April 2026
NEWS
ബോബി ചെമ്മണ്ണൂരിനെതിരായ പരാതിയിൽ ഹണി റോസിന് പിന്തുണയുമായി ഡബ്ല്യുസിസി

08/01/2025  07:47 AM IST
nila
ബോബി ചെമ്മണ്ണൂരിനെതിരായ പരാതിയിൽ ഹണി റോസിന് പിന്തുണയുമായി ഡബ്ല്യുസിസി

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെതിരായ പരാതിയിൽ ഹണി റോസിന് പിന്തുണയുമായി ഡബ്ല്യുസിസി. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് ലൈംഗികാധിക്ഷേപ പരാതി നൽകിയതിന് പിന്നാലെയാണ് പിന്തുണ അറിയിച്ച് വിമൻ ഇൻ സിനിമ കളക്ടീവ് രം​ഗത്തെത്തിയത്. അവൾക്കൊപ്പമെന്ന കുറിപ്പോടെ സംഘടന ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റും ഷെയർ ചെയ്തിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഇന്നലെയാണ് നടി ​ഹണി റോസ് സമൂ​ഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്.

'ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിൻറെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു' - ഹണി റോസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. 

സ്വർണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയിൽ ഉടമ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾക്കും കമന്റുകൾക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് താഴെ രൂക്ഷമായ സൈബർ അധിക്ഷേപം നടന്നു. പിന്നാലെ നടി പൊലീസിനെ സമീപിക്കുകയും അശ്ലീല കമൻ്റിട്ടവ‍ർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ആദ്യം നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല. ഇന്ന് ഇദ്ദേഹത്തിനെതിരെ എറണാകുളം സെൻട്രൽ പൊലീസിൽ നേരിട്ടെത്തി താരം പരാതി നൽകുകയും ഇക്കാര്യം ഇൻസ്റ്റഗ്രാമിൽ ബോബി ചെമ്മണ്ണൂരിനുള്ള പരസ്യമായ കത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നല്‌കിയ ലൈംഗികാധിക്ഷേപ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.