05:35am 13 November 2026
NEWS
വനിതാ വിദ്യാഭ്യാസം സാമൂഹിക പരിവര്‍ത്തനത്തിന് അനിവാര്യം രാഷ്ട്രപതി .കോളജ് ശതാബ്ദി ലോഗോ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് നല്‍കി പ്രകാശനം ചെയ്തു
24/10/2025  06:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വനിതാ വിദ്യാഭ്യാസം സാമൂഹിക പരിവര്‍ത്തനത്തിന് അനിവാര്യം രാഷ്ട്രപതി  കോളജ് ശതാബ്ദി ലോഗോ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് നല്‍കി പ്രകാശനം ചെയ്തു
HIGHLIGHTS

എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ   ശതാബ്ദി     ആലോഷത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ സെൻ്റിനറി ലോഗോയുടെ  പ്രകാശനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രാഷ്ട്രപതി  ദ്രൗപദി മുര്‍മുവിന് നൽകി  നിർവഹിക്കുന്നു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് , സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ, ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ,   വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റവ. ഡോ. ആന്റണി വാലുങ്കൽ, സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ്,  എന്നിവർ സമീപം.

കൊച്ചി: വനിതാ വിദ്യാഭ്യാസം സാമൂഹിക പരിവര്‍ത്തനത്തിനും രാഷ്ട്ര നിര്‍മ്മാണത്തിനുമുള്ള ഒരു മഹത്തായ സംഭാവനയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ആത്മീയ മൂല്യങ്ങളോടുള്ള ഉറച്ച പ്രതിബദ്ധതയോടെ, കോളേജ് ഇന്ത്യയില്‍ വനിതാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയാണ്. ഭരണഘടനാ നിര്‍മാണസഭിലെ 15 അസാധാരണ വനിതകളില്‍ മൂന്നു പേര്‍ കേരളത്തില്‍ നിന്നുള്ളവരായിരുന്നു. അമ്മു സ്വാമിനാഥന്‍, ആനി മസ്‌ക്രീന്‍, ദാക്ഷായണി വേലായുധന്‍ എന്നിവര്‍ മൗലികാവകാശങ്ങള്‍, സാമൂഹ്യ നീതി, ലിംഗസമത്വം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നയിച്ചു-രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു. 

അമ്മു സ്വാമിനാഥന്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടത്തിയ പ്രസംഗം രാഷ്ട്രപതി ഉദ്ധരിച്ചു. 'ഇന്ത്യന്‍ ജനത സ്വന്തമായി ഭരണഘടന നിര്‍മ്മിച്ചപ്പോള്‍, രാജ്യത്തെ മറ്റെല്ലാ പൗരന്മാര്‍ക്കുമുള്ള അതേ അവകാശങ്ങള്‍ സ്ത്രീകള്‍ക്കും നല്‍കിയെന്ന് പറയാന്‍ കഴിയും. അത് തന്നെ ഒരു വലിയ നേട്ടമാണ്. മാത്രമല്ല, ഇത് നമ്മുടെ സ്ത്രീകളെ അവരുടെ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുകയും, തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടു വരാനും ഇന്ത്യയെ അവള്‍ മുമ്പ് ആയിരുന്നതുപോലെ മഹത്തരമാക്കാന്‍ ഇടയാക്കുകയും ചെയ്യും.' അമ്മു സ്വാമിനാഥന്റെ ദര്‍ശനം സഫലമായെന്ന് രാഷ്ട്രപതി പറഞ്ഞു. 

'ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി ജഡ്ജി ആയ വനിത ജസ്റ്റിസ് അന്ന ചാണ്ടി ആയിരുന്നു. 1956-ല്‍ അവര്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി. 1989-ല്‍ ഇന്ത്യയുടെ സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയായി ചരിത്രം കുറിച്ചത് ജസ്റ്റിസ് എം. ഫാത്തിമാ ബീവി ആയിരുന്നു.' രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 

സെന്റ് തെരേസാസ് കോളേജിന്റെ ഔട്ട് റീച്ച് പ്രോഗ്രാമുകള്‍ക്ക് വ്യാപകമായ അംഗീകാരങ്ങള്‍ ലഭിച്ചതില്‍ സന്തുഷ്ടയാണ്. ദുര്‍ബലര്‍ക്ക് സേവനം നല്‍കുന്നതിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ നല്‍കുന്നതിലും വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ഇടപെടല്‍ പ്രശംസനീയമാണ്. പ്രദേശത്തെ താലൂക്കുകളിലും ഗ്രാമപഞ്ചായത്തുകളിലും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്ന കോളേജിന്റെ പദ്ധതികളായ  റേഡിയോ കൊച്ചി 90 എഫ്എം, സ്ലേറ്റ് എന്നിവ സമൂഹത്തിനു നല്‍കുന്ന സേവനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് രാഷ്ട്രപതി പറഞ്ഞു. 

'സിവില്‍ സര്‍വീസസ്, നയതന്ത്രം, ശാസ്ത്ര സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, വ്യോമയാനം, ബിസിനസ് സംരംഭങ്ങള്‍, വൈദ്യശാസ്ത്ര, നിയമ മേഖലകള്‍, സാമൂഹിക സേവനം ഉള്‍പ്പെടെ നിരവധി മേഖലകളില്‍ രാജ്യത്തെ സേവിക്കുന്ന പ്രഗത്ഭരായ പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ സെന്റ് തെരേസാസ് കോളേജിനുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.' കോളേജിലെ വിദ്യാര്‍ത്ഥികളായ യുവതികള്‍ ഉജ്ജ്വലവും ആത്മവിശ്വാസവുമുള്ള ഇന്ത്യയുടെ പ്രതിനിധികളാണെന്ന് രാഷ്ട്രപതി പറഞ്ഞു. 

'നമ്മള്‍ ഇന്ന് എന്താണോ ആഗ്രഹിക്കുന്നത്, അത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം നമുക്ക് നല്‍കണം. വ്യവസായ ലോകം ആഗ്രഹിക്കുന്നത് എന്താണോ അത് വിദ്യാഭ്യാസം നമുക്ക് നല്‍കിയിട്ടുണ്ട്. പല വ്യവസായങ്ങളുണ്ട്, വ്യവസായ ലോകത്തിന് എന്താണോ വേണ്ടത് അത് മുന്‍ വര്‍ഷങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായം ഇതിനകം നല്‍കിയിട്ടുണ്ട്. ഇനി നമ്മള്‍ ചിന്തിക്കേണ്ടത് സമൂഹത്തിന് എന്താണ് ആവശ്യം എന്നതാണ്. വ്യവസായത്തിനുള്ളത് നല്‍കിക്കഴിഞ്ഞു. ഇനി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹത്തിന്റെ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നമുക്ക് വേണ്ടത് സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെയാണ്. സമൂഹത്തെ ഒരു സമര്‍പ്പിത പാതയിലേക്ക് നയിക്കാന്‍ മുന്നോട്ട് വരുന്ന സാമൂഹ്യ പ്രവര്‍ത്തകരെയാണ് നമുക്ക് ആവശ്യം.' ചടങ്ങിനെ അഭിസംബോധന ചെയ്യവെ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ വ്യക്തമാക്കി. 

'വിദ്യാഭ്യാസത്തിലെ പുരോഗതി എന്നത് കേരള വികസന മാതൃകയുടെ ഒരു പ്രധാന സവിശേഷതയാണ്. നീതി ആയോഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഉന്നത വിദ്യാഭ്യാസത്തിലെ ലിംഗസമത്വ സൂചികയില്‍ 1.41 എന്ന മികച്ച നിരക്കോടെ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നു. രാജ്യത്തെ മികച്ച 10 പൊതു സര്‍വ്വകലാശാലകളില്‍ രണ്ട് സംസ്ഥാന സര്‍വ്വകലാശാലകള്‍ക്ക് ഇടം നേടാന്‍ സാധിച്ചു. കൂടാതെ, എന്‍.ഐ.ആര്‍.എഫ്. റാങ്കിംഗ് അനുസരിച്ച് രാജ്യത്തെ മികച്ച 100 കോളേജുകളില്‍ 18 കോളേജുകള്‍ കേരളത്തില്‍ നിന്നുള്ളവയാണ്. ഈ മികച്ച 100 കോളേജുകളില്‍ ഒന്നാണ് സെന്റ് തെരേസാസ് കോളേജ് എന്ന് അഭിമാനത്തോടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രിയായിരുന്ന ഗൗരിയമ്മ അടക്കമുള്ളവര്‍ സെന്റ് തെരേസാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണെന്ന്  ചടങ്ങില്‍ സംസാരിക്കവെ വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. 

'1989ല്‍ കോളേജിന്റെ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനെ ചെയ്യാനെത്തിയതു മുതലുള്ള ആത്മബന്ധം സെന്റ് തെരേസാസ് കോളേജുമായി ഉണ്ട്. ഒരു സ്ത്രീയെ വിദ്യാഭ്യാസം ചെയ്താല്‍, നിങ്ങള്‍ ഒരു വ്യക്തിയെ മാത്രമല്ല, ഒരു സമൂഹത്തെ തന്നെയാണ് ഉണര്‍ത്തുന്നത്. ഈ നൂറ് വര്‍ഷങ്ങള്‍ക്കുള്ളില്‍, സെന്റ് തെരേസാസ് രാജ്യത്തിന് അത്യുന്നതരായ വനിതകളെ സംഭാവന ചെയ്തിട്ടുണ്ട്.' കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. 

ചടങ്ങില്‍ കോളേജിന്റെ ശതാബ്ദി ലോഗോ ഗവര്‍ണര്‍ രാഷ്ട്രപതിക്കു നല്‍കി പ്രകാശനം ചെയ്തു.  ചടങ്ങിന് മുന്നോടിയായി 30 വിദ്യാര്‍ത്ഥികള്‍ക്കും 40 ഫാക്കല്‍റ്റി അംഗങ്ങള്‍ക്കുമൊപ്പം രാഷ്ട്രപതി ഗ്രൂപ്പ് ഫോട്ടോ സെഷനിലും പങ്കെടുത്തു. 

സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ഹൈബി ഈഡന്‍ എം പി, ടി ജെ വിനോദ് എം എല്‍ എ, വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ റവ. ഡോ. ആന്റണി വാലുങ്കല്‍, സെന്റ് തെരേസാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനു ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img