
മാനന്തവാടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 51 പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശിനി അറസ്റ്റിൽ. കോഴിക്കോട് വടകര പറയുള്ളതിൽ വീട്ടിൽ ലത സുനിൽ (59) ആണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്.
ഒമാനിലെ അൽ ഐനിൽ പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിൽ സെയിൽസ്മാൻ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ആറാട്ടുതറ സ്വദേശിയായ യുവാവടക്കം 51 പേരിൽ നിന്നായി വിസ ചെലവിനെന്ന പേരിൽ 65,000 മുതൽ 75,000 രൂപ വരെ പ്രതി ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റിയെന്നാണ് പൊലീസ് പറയുന്നത്.
പണം നൽകിയതിന് പിന്നാലെ ജോലി ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതോടെ പരാതി ഉയർന്നതിനു പിന്നാലെ ലത സുനിൽ വിദേശത്തേക്ക് കടന്നതായും പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
മസ്കറ്റിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വെള്ളിയാഴ്ച പ്രതിയെ പൊലീസ് പിടികൂടിയത്. കേസിൽ തട്ടിപ്പിനിരയായ കൂടുതൽ പേർ ഇനിയും പരാതിയുമായി രംഗത്തെത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
മാനന്തവാടി പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ കെ. സിൻഷ, പി.ജെ. റെജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലത സുനിലിനെ അറസ്റ്റ് ചെയ്തത്.










