
കൊച്ചി: സംഗീതവും നൃത്തവും ആഘോഷവുമൊന്നിക്കുന്നതിനൊപ്പം സാമൂഹിക സേവനത്തിനും കൈത്താങ്ങാകാന്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചി മിലന്‍ സംഘടിപ്പിക്കുന്ന 'രാസ് ലീല 2026' വനിതകള്‍ക്കായുള്ള ഡാണ്ടിയാ നൈറ്റ് ഒക്ടോബര്‍ 4ന് നടക്കും. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററാണ് വേദി.
ക്ലബ് ദത്തെടുത്ത മുളവുകാട് ഗ്രാമത്തിലെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളിലായി ക്ലബ്ബിന്റെ ധനസമാഹരണ പ്രവര്‍ത്തനങ്ങളിലൂടെയും സുമനസ്സുകളുടെ സഹകരണത്തോടെയും മുളവുകാട് ഗ്രാമത്തില്‍ നിരവധി മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഇതുവരെ 92 ശൗചാലയങ്ങള്‍ നിര്‍മിക്കുകയും അഞ്ച് വീടുകള്‍ പണികഴിപ്പിക്കുകയും നിരവധി പൂര്‍ത്തിയാകാതെ കിടന്ന വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഗ്രാമത്തില്‍ ഇനിയും പരിഹരിക്കപ്പെടേണ്ട നിരവധി ആവശ്യങ്ങളുണ്ട്. ഇന്നും സ്വന്തമായി ശൗചാലയ സൗകര്യമില്ലാത്ത കുടുംബങ്ങള്‍ മുളവുകാടിലുണ്ടെന്നത് ശ്രദ്ധേയമാണ്. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുപോലും ഇരുട്ടാകുന്നതുവരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണ് ചില കുടുംബങ്ങള്‍ നേരിടുന്നത്.
ഈ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം അന്തസ്സിന്റെയും സുരക്ഷയുടെയും മെച്ചപ്പെട്ട ജീവിതനിലവാരത്തിന്റെയും പ്രതീകം കൂടിയാണ് ശൗചാലയം.
മുളവുകാട് നിവാസികളുടെ തുടര്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സമൂഹത്തില്‍ ശാശ്വതമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് രാസ് ലീല 2026-ല്‍ നിന്ന് സമാഹരിക്കുന്ന തുക വിനിയോഗിക്കുക.
പ്രവേശന പാസ്സുകൾക്ക് ദീപ സന്തോഷ് 9847072520, ധന്യ ജാതവേദന്‍ 9847967840 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.









