
മുംബൈ: മഹാരാഷ്ട്ര വനിതാ കമ്മീഷൻ അധ്യക്ഷ രൂപാലി ചക്കങ്കർ വിവാദത്തിൽ. ബലാത്സംഗക്കേസിൽ അറസ്റ്റിലായ ആൾദൈവം അശോക് ഖരാട്ടിനൊപ്പമുള്ള രൂപാലി ചക്കങ്കറിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. അസോകിന് രൂപാലി പാദപൂജ ചെയ്യുന്നതിന്റെയും കുടപിടിച്ചുകൊടുക്കുന്നതിന്റെയും ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതോടെ രൂപാലി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പദവി ഒഴിയണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
മെർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അശോക് ഖരാട്ട് പിന്നീട് ജ്യോതിഷിയുടെ വേഷം അണിയുകയായിരുന്നു. 35 വയസ്സുകാരിയെ ദീർഘകാലം പീഡിപ്പിച്ചെന്ന പരാതിയിൽ നാസിക് പൊലീസ് ബുധനാഴ്ച്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആത്മീയ ചടങ്ങുകളുടെ പേരിൽ സ്ത്രീകളുടെ വിശ്വാസം ദുരുപയോഗം ചെയ്ത് പീഡനം നടത്തുകയായിരുന്നു ഇയാളുടെ രീതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. അശ്ലീല ദൃശ്യങ്ങൾ ഉൾപ്പെടെ 58 വിഡിയോകൾ ഇയാളിൽ നിന്നും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ബലാത്സംഗം, ഭീഷണി എന്നിവയ്‌ക്കൊപ്പം അന്ധവിശ്വാസ നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിനിടെ അശോക് ഖരാട്ടിന്റെ ട്രസ്റ്റുമായി രൂപാലി ചക്കങ്കർക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങൾ അന്വേഷിക്കുമെന്ന് ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം അറിയിച്ചു. അശോകിനൊപ്പം ചടങ്ങുകളിൽ പങ്കെടുത്തും അദ്ദേഹത്തിന് ആദരം നൽകുന്ന തരത്തിലുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, അശോക് ഖരാട്ടുമായുള്ള പരിചയം പരിമിതമാണെന്നും, ഇയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും രൂപാലി ചക്കങ്കർ വ്യക്തമാക്കി.











