05:09am 10 November 2026
NEWS
പൊലീസുകാരനെ ഉൾപ്പെടെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കോട്ടയം സ്വദേശിനി കീഴടങ്ങി
05/06/2025  07:49 AM IST
nila
പൊലീസുകാരനെ ഉൾപ്പെടെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കോട്ടയം സ്വദേശിനി കീഴടങ്ങി

പൊലീസുകാരനെ ഉൾപ്പെടെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കോട്ടയം സ്വദേശിനിയായ യുവതി പൊലീസിൽ കീഴടങ്ങി.  കോട്ടയം അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ വീട്ടിൽ ധന്യ അർജുൻ (37) ആണ് കീഴടങ്ങിയത്. അയൽവാസിയായ യുവാവുമായി സൗഹൃദംസ്ഥാപിച്ച് നഗ്‌നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി 60 ലക്ഷവും 61 പവനും തട്ടിയെടുത്തെന്ന കേസിലെ പ്രതിയാണ് ധന്യ. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കേസിൽ കുടുക്കിയ സംഭവത്തിലും ഇവർ പ്രധാന പ്രതിയാണ്. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് യുവതി പൊലീസിന് മുന്നിൽ കീഴടങ്ങിയത്.  

അമേരിക്കയിൽ സോഫ്റ്റ്വേർ എൻജിനീയറായ യുവാവിനെയാണ് യുവതി ഹണിട്രാപ്പിൽ കുടുക്കിയത്. ഇയാളുടെ ഭാര്യയുടെ പഠനസൗകര്യത്തിനായി അമ്മഞ്ചേരിയിൽ ധന്യയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. ഈ സമയം ധന്യ യുവാവിനോട് അടുപ്പംസ്ഥാപിച്ച് അടുത്ത് ഇടപഴകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും യുവതി പകർത്തിയിരുന്നു. ഈ ചിത്രങ്ങൾ പരാതിക്കാരന്റെ ബന്ധുക്കൾക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണകളായി 60 ലക്ഷം രൂപ യുവതിയും ഭർത്താവ് അർജുനും ചേർന്ന് തട്ടിയെടുത്തു. വിവരമറിഞ്ഞ പ്രതികളുടെ സുഹൃത്തായ മണർകാട് സ്വദേശി അലൻ തോമസും യുവാവിനെ ഭീഷണിപ്പെടുത്തി ഇയാളുടെ അക്കൗണ്ടിലേക്കും പണം അയപ്പിച്ചു. പ്രതികൾ വീണ്ടും ഭീഷണിപ്പെടുത്തി യുവാവിന്റെ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന കുടുംബാംഗങ്ങളുടെ 61 പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്തു. ഇതോടെ യുവാവ് പോലീസിന്റെ സഹായംതേടുകയായിരുന്നു. 

യുവാവ് പരാതി നൽകിയതിന് പിന്നാലെ ധന്യ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചു. ഇതോടെ അറസ്റ്റ് വൈകി. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകാൻ ഉത്തരവിട്ടതോടെയാണ് ഇവർ പോലീസിനുമുന്നിൽ കീഴടങ്ങിയത്. ഗർഭിണിയായതിനാൽ ഇവർക്ക് കോടതി ജാമ്യംനൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img