
തിരുവനന്തപുരം കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ. വെഞ്ഞാറമൂട് സ്വദേശി ആതിര (30) ആണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നരയോടെയാണ് യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര.
പുലർച്ചെ അഞ്ചരയോടെയാണ് രാജീവ് പൂജകൾക്കായി ക്ഷേത്രത്തിലേക്ക് പോയത്. ഭർത്താവ് ക്ഷേത്രത്തിൽ നിന്നും മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു.
കഠിനംകുളം പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പോലീസ് നിഗമനം. കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത്.










