
ഒല്ലൂരിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി പൊലീസ് കസ്റ്റഡിയിൽ. ക്രിസ്റ്റഫർ നഗർ പുത്തൂർ വീട്ടിൽ സൗമ്യ (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ അപ്പാടൻ തോമസ് (65) നെ ഒല്ലൂർ പൊലീസ് പിടികൂടി.
കഴിഞ്ഞ ദിവസം വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. വീട്ടിൽ വളർത്തുന്ന നായ റോഡിലേക്കിറങ്ങിയതിനെ തുടർന്ന് സൗമ്യ അത് പിടിക്കാൻ പുറത്തേക്കിറങ്ങിയപ്പോൾ, കത്തിയുമായി പിന്നാലെയെത്തിയ തോമസ് ആക്രമിച്ചെന്നാണ് വിവരം. കുത്തേറ്റ സൗമ്യ റോഡരികിൽ ഗുരുതരാവസ്ഥയിൽ വീണുകിടന്നിരുന്നു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നാലെ സമീപത്തെ വീട്ടിലെ കിണറ്റിൽ ഇറങ്ങി ഒളിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് തിരച്ചിലിനിടെ കണ്ടെത്തി. തുടർന്ന് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ കിണറ്റിൽ നിന്ന് ഇയാളെ പുറത്തെടുത്തു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പ്രതി ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. അഞ്ചേരിയിൽ ഓട്ടോ ഡ്രൈവറാണ് തോമസ്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. മക്കൾ: ഏഗ്ന, ആരോൺ.











