
അഹമ്മദാബാദ്: വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിച്ചതിനെത്തുടർന്ന് പങ്കാളിയിൽനിന്നും ഇയാളുടെ കുടുംബാംഗങ്ങളിൽനിന്നും നിരന്തരമായ മാനസിക പീഡനവും പരിഹാസവും നേരിട്ട യുവതി ജീവനൊടുക്കി. അഹമ്മദാബാദിലെ ബാപ്പുനഗറിലാണ് 24കാരിയായ ദക്ഷ പർമാർ വീട്ടിൽ തൂങ്ങിമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ലിവ് ഇൻ പങ്കാളി മായൂർ പർമാറിനെയും ഇയാളുടെ മാതാപിതാക്കളെയും അനുജനെയും പോലീസ് അറസ്റ്റ് ചെയ്തു.
2023 ജനുവരി മുതൽ വിവാഹം കഴിക്കാതെ മായൂറിനൊപ്പം താമസിച്ചുവരികയായിരുന്നു ദക്ഷ. ഇരുവർക്കും രണ്ടര വയസ്സുള്ള ആനന്ദ് എന്ന മകനുണ്ട്. വിവാഹം കഴിക്കണമെന്ന ദക്ഷയുടെ ആവശ്യം മായൂർ നിരന്തരം നീട്ടിക്കൊണ്ടുപോയതായും ഇതിന്റെ പേരിൽ ഇയാളുടെ കുടുംബാംഗങ്ങളിൽനിന്ന് ദക്ഷയ്ക്ക് പരിഹാസവും അധിക്ഷേപവും നേരിടേണ്ടിവന്നതായും പരാതിയിൽ പറയുന്നു. വീട്ടിൽനിന്ന് ഇറങ്ങിപ്പോകണമെന്നും അല്ലെങ്കിൽ മരിക്കണമെന്നും ഇവർ പറഞ്ഞിരുന്നതായും ദക്ഷയുടെ അമ്മ നൻദാബെൻ റാത്തോഡ് നൽകിയ പരാതിയിലുണ്ട്.
മായൂറിനും ഇയാളുടെ അമ്മ മഞ്ജു, പിതാവ് പ്രവീൺ, അനുജൻ വിശാൽ എന്നിവർക്കുമെതിരെയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയം; ഒരുമിച്ചുള്ള ജീവിതം
അഞ്ച് പെൺമക്കളിൽ രണ്ടാമത്തെയാളായിരുന്നു ദക്ഷ. 2021ൽ ഇൻസ്റ്റഗ്രാം വഴിയാണ് മായൂറിനെ പരിചയപ്പെട്ടത്. തുടർന്ന് 2023 ജനുവരിയിൽ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കാൻ ഇരുവരും തീരുമാനിക്കുകയും മോർബിയിലേക്ക് താമസം മാറുകയും ചെയ്തു.
മകളുടെ ഈ തീരുമാനത്തെത്തുടർന്ന് നൻദാബെനും ദക്ഷയും തമ്മിൽ അകൽച്ചയുണ്ടായി. പിന്നീട് അമ്മയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. 2024 ഏപ്രിലിൽ ദക്ഷ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഏകദേശം ആറുമാസത്തിനുശേഷം കുഞ്ഞ് ജനിച്ച വിവരം അമ്മയെ അറിയിക്കുകയും ആനന്ദ് എന്ന് പേരിട്ടതായി പറയുകയും ചെയ്തു.
ഇതിനിടെ മായൂറും ദക്ഷയും അഹമ്മദാബാദിലെ ബാപ്പുനഗറിലേക്ക് മടങ്ങിയെത്തിയിരുന്നു. പിന്നീട് മായൂറിനും മകനുമൊപ്പം ദക്ഷ അമ്മയുടെ വീട്ടിലെത്താൻ തുടങ്ങിയതോടെ ബന്ധം വീണ്ടും മെച്ചപ്പെട്ടു. വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് മായൂർ വിവാഹം നീട്ടിക്കൊണ്ടുപോയെന്നാണ് പരാതി.
മർദനവും നിരന്തര അധിക്ഷേപവും
മായൂറുമായും കുടുംബാംഗങ്ങളുമായും വഴക്കുണ്ടാകുമ്പോൾ ദക്ഷ പലതവണ അമ്മയുടെ വീട്ടിലെത്തിയിരുന്നതായി പരാതിയിൽ പറയുന്നു.
2025 മാർച്ചിൽ പുലർച്ചെ 5.30ഓടെ മകനുമായി ദക്ഷ അമ്മയുടെ വീട്ടിലെത്തി. മായൂറും ഇയാളുടെ അമ്മയും അച്ഛനും അനുജനും ചേർന്ന് അധിക്ഷേപിക്കുകയും വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തെന്നായിരുന്നു അന്ന് ദക്ഷയുടെ പരാതി.
കുറച്ചുദിവസങ്ങൾക്കുശേഷം മായൂറിന്റെ മാതാപിതാക്കൾ ദക്ഷയെ തിരികെ കൊണ്ടുപോകാനെത്തി. വിവാഹക്കാര്യം നൻദാബെൻ വീണ്ടും ഉന്നയിച്ചപ്പോൾ ഭാവിയിൽ ഏതെങ്കിലും സമൂഹവിവാഹ ചടങ്ങിൽവച്ച് വിവാഹം നടത്താമെന്നായിരുന്നു ഇവരുടെ മറുപടിയെന്നാണ് പരാതി.
എന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. മറ്റൊരവസരത്തിൽ മായൂർ ക്രൂരമായി മർദിച്ചെന്നും വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് ദക്ഷ അമ്മയെ വിളിച്ചു. തുടർന്ന് അമ്മ മകളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് മായൂർ എത്തി ദക്ഷയെ തിരികെ കൊണ്ടുപോകാൻ ശ്രമിച്ചു. ബന്ധം തകരരുതെന്ന പ്രതീക്ഷയിൽ അമ്മ തന്നെ മകളെ മായൂറിനൊപ്പം മടക്കി അയയ്ക്കുകയായിരുന്നു.
മായൂറിന് തന്നോട് താൽപര്യമില്ലെന്നും വീട്ടിൽനിന്ന് ഇറങ്ങിപ്പോകുകയോ മരിക്കുകയോ ചെയ്യണമെന്നുമാണ് മായൂറും കുടുംബാംഗങ്ങളും നിരന്തരം പറയുന്നതെന്ന് ദക്ഷ അമ്മയോട് വെളിപ്പെടുത്തിയിരുന്നു.
മരിക്കുന്നതിന് മുമ്പ് അമ്മയെ വിളിച്ചു
നവംബർ 15ന് രാവിലെ മായൂറിന്റെ ഫോൺ നമ്പറിൽനിന്ന് ദക്ഷ അമ്മയെ വിളിച്ചിരുന്നു. മായൂറുമായും കുടുംബാംഗങ്ങളുമായും വഴക്കുണ്ടായതായി യുവതി അറിയിച്ചു. വഴക്കിനിടെ മായൂർ തന്നോട് ഇഷ്ടമില്ലെന്നും മരിക്കുകയോ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുകയോ ചെയ്യണമെന്നും പറഞ്ഞതായും ദക്ഷ വെളിപ്പെടുത്തി.
അടുത്ത ദിവസം വീട്ടിലെത്തി എല്ലാവരോടും സംസാരിക്കാമെന്നും അതുവരെ കാത്തിരിക്കണമെന്നും അമ്മ മകളോട് ആവശ്യപ്പെട്ടു.
എന്നാൽ രാത്രി ഒൻപതോടെ മായൂർ നൻദാബെനെ ഫോണിൽ വിളിച്ചു. ദക്ഷയുടെ സഹോദരി ഖുഷ്ബുവാണ് ഫോൺ എടുത്തത്. ദക്ഷ ജീവനൊടുക്കിയെന്ന വിവരം മായൂർ അറിയിക്കുകയായിരുന്നു.
തുടർന്ന് ഖുഷ്ബുവും സഹോദരിമാരും ദക്ഷയുടെ വീട്ടിലെത്തി. കഴുത്തിൽ ദുപ്പട്ട ചുറ്റി സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവസമയത്ത് ദക്ഷയുടെ സഹോദരന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നുവെന്ന് അഹമ്മദാബാദ് എസിപി ആർ.ഡി. ദേശായി അറിയിച്ചു.
കുഞ്ഞിന്റെ സംരക്ഷണം അമ്മൂമ്മയ്ക്ക്
സംഭവത്തിൽ മായൂർ, അമ്മ മഞ്ജു, പിതാവ് പ്രവീൺ, അനുജൻ വിശാൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷയും മായൂറും മകനും മായൂറിന്റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. വിവാഹം കഴിക്കണമെന്ന ദക്ഷയുടെ ആവശ്യം മായൂർ നിരന്തരം അവഗണിച്ചതും കുടുംബാംഗങ്ങളിൽനിന്ന് അധിക്ഷേപവും പരിഹാസവും നേരിട്ടതും അന്വേഷണത്തിൽ പരിശോധിക്കുന്നുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 108, 54 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ദക്ഷയുടെ മരണത്തെത്തുടർന്ന് രണ്ടര വയസ്സുകാരനായ ആനന്ദിന്റെ സംരക്ഷണച്ചുമതല നിലവിൽ മാതൃമുത്തശ്ശി നൻദാബെനാണ് നൽകിയിരിക്കുന്നത്.










